കുവൈത്ത് സിറ്റി: ഫുട്‌ബോളിനു പിന്നാലെ കുവൈത്ത് ബാസ്‌കറ്റ് ബോളിനും രാജ്യാന്തരസംഘടനയുടെ വിലക്ക്. കായിക സംഘങ്ങളുടെ നടത്തിപ്പിൽ കുവൈത്ത് സർക്കാർ ഇടപെടുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് കുവൈത്തിലെ കായിക സംഘങ്ങൾക്കെതിരെ രാജ്യാന്തര സംഘടനകൾ നടപടി സ്വീകരിക്കുന്നത്.

ഫുട്‌ബോളിനു പിന്നാലെയാണ് കുവൈത്ത് ബാസ്‌കറ്റ് ബോളിനും രാജ്യാന്തരസംഘടനയുടെ വിലക്ക് വരുന്നത്. കുവൈത്ത് ഒളിംപിക് അസോസിയേഷനെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി)യും കണ്ടെത്തിയ അതേകാരണത്താൽ കുവൈത്ത് ബാസ്‌കറ്റ് ബോൾ ഫെഡറേഷനെ രാജ്യാന്തര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷനും (ഫിബ) സസ്‌പെൻഡ് ചെയ്തത്. തെറ്റു തിരുത്തുകയും കായിക നിയമം ഭേദഗതി ചെയ്യുകയും ചെയ്യുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കുമെന്ന് ഫിബ വ്യക്തമാക്കി. അതുവരെ കുവൈത്ത് ബാസ്‌കറ്റ് ബോൾ ടീമിനു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

രാജ്യത്തെ കായിക നിയമങ്ങൾ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമാവുന്നുവെന്നും കായിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടിയുമാണ് വിലക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇതിനെതിരെ പോരാടുമെന്ന നിലപാടുമായി സർക്കാറും വിവിധ അസോസിയേഷനുകളും രംഗത്തുണ്ടെങ്കിലും രാജ്യത്തെ കായികരംഗം ചവിട്ടിനിൽക്കുന്ന മണ്ണ് അപ്പാടെ ഒലിച്ചുപോവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.