ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. എഐഎഫ്എഫിന്റെ ഭരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് കണ്ടെത്തൽ്. ഇതോടെ 2022 ഒക്ടോബറിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി.

സംഘടനയുടെ ഭരണത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഫിഫയുടെ നിലപാട്. സംഘടനയും ദൈനംദിന പ്രവർത്തനങ്ങളുടെ പൂർണ നിയന്ത്രണം എ ഐ എഫ് എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരും. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതും അഡ്‌മിനിസ്ട്രേറ്റർമാർ കാര്യങ്ങൾ നിയന്ത്രിക്കുന്നതുമാണ് പ്രശ്‌നമായത്. ഇതിൽ ഫിഫയ്ക്ക് പരാതി കിട്ടിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും പ്രഫുൽ പട്ടേൽ തുടരുന്നതിൽ കോടതി ഇടപെട്ടിരുന്നു. ഇതാണ് ബാഹ്യ ഇടപെടൽ.

അണ്ടർ 17 ലോകകപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് വിലക്ക്. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. ഒക്ടോബർ 11 മുതൽ 30 വരെയാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. ആതിഥേയ രാജ്യമെന്ന നിലയിൽ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതകൂടിയാണ് അവസാനിപ്പിക്കുന്നത്.

എഐഎഫ്എഫ് തലപ്പത്തുനിന്ന് പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. നേരത്തെ സ്‌പെയിൻ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സമാന പ്രശ്‌നങ്ങളുണ്ടായപ്പോൾ ഫിഫ ഈ രാജ്യങ്ങളെ വിലക്കിയിരുന്നു. എഐഎഫ്എഫിലെ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഫിഫയോട് രണ്ട് മാസം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് എത്തുന്നത്. 2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും പ്രഫുൽ പട്ടേൽ തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. എന്നിട്ടും സ്ഥാനത്ത് തുടർന്നതിനെതിരെ ഡൽഹി ഫുട്‌ബോൾ ക്ലബ് അപ്പീൽ നൽകി. തുടർന്നാണ് സുപ്രിം കോടതി ഇടപെട്ടത്.

മുൻ സുപ്രിംകോടതി ജഡ്ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്വൈ ഖുറേഷി, ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്‌കർ ഗാംഗുലി എന്നിവരാണ് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ. ഇതാണ് ഫിഫയുടെ നടപടിക്ക് കാരണം. ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫിഫഎഎഫ്‌സി സംഘം ഡൽഹിയിലെത്തി ചർച്ച നടത്തിയിരുന്നു.

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ(എഎഫ്‌സി) ജനറൽ സെക്രട്ടറി ദാത്തുക് സെരി വിൻസർ ജോൺ, ഫിഫ ചീഫ് മെംബർ അസോസിയേഷൻസ് ഓഫിസർ കെന്നി ജീൻ മേരി, സ്ട്രാറ്റജിക് പ്രൊജക്ട്‌സ് ഡയറക്ടർ നോഡർ അകാൽകാറ്റ്‌സി എന്നിവരുൾപ്പെടുന്ന സംഘം സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫെഡറേഷന്റെ പ്രസിഡന്റ് പദവിയിൽ 2020 ഡിസംബറിൽ പ്രഫുൽ പട്ടേൽ 12 വർഷം പൂർത്തിയാക്കിയിരുന്നു. ദേശീയ കായിക ചട്ടം അനുസരിച്ച് ഇതു പരമാവധി കാലാവധിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഫെഡറേഷൻ ഭരണം മൂന്നംഗ സമിതിക്കു കൈമാറിയത്.