സൂറിച്ച്: ആഗോള ഫുട്‌ബോൾ സംഘടന(ഫിഫ)യെ ലോകത്തേറ്റവും വലിയ കായിക സംഘടനയാക്കിയ ജോസഫ് സെപ് ബ്ലാറ്റർ ഒടുവിൽ സംഘടനയിലെ പടലപിണക്കത്തിന്റെയും അഴിമതിയുടെയും ഇരയായി പുറത്താക്കപ്പെട്ടു. ജോർദാൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തി അഞ്ചാം തവണയും പ്രസിഡന്റായതിന്റെ നാലാം നാളാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് ബ്ലാറ്റർ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചത്. വെറുമൊരു സംഘടനയിൽനിന്ന് ലോകത്തേറ്റവും അംഗബലമുള്ള അന്താരാഷ്ട്ര ശക്തിയായി ഫിഫയെ വളർത്തിയ തന്ത്രജ്ഞൻ എന്ന തലപ്പൊക്കത്തിൽത്തന്നെയാണ് ബ്ലാറ്ററുടെ വിടപറയൽ.

ലോകത്തേറ്റവും വലിയ കായികമാമാങ്കമായ ലോകകപ്പ് ഫുട്‌ബോളിലെ ഏഷ്യിലേക്കും ആഫ്രിക്കയിലേക്കും കൈപിടിച്ച് നടത്തിയത് ബ്ലാറ്ററായിരുന്നു. 2002-ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ലോകകപ്പ് നടന്നത് ബ്ലാറ്റർ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട് നാലുവർഷം തികഞ്ഞപ്പോഴാണ്. 2010-ൽ ദക്ഷിണാഫ്രിക്കയിലും ലോകകപ്പ് നടന്നതോടെ, എല്ലാ ഭൂഖണ്ഡത്തിലും ലോകകപ്പ് എന്ന ആശയവും സാക്ഷാത്കരിക്കപ്പെട്ടു.

ചെറിയ രാജ്യങ്ങളിലേക്ക് ഫുട്‌ബോൾ വികസനമെന്ന ആശയവുമായി കടന്നുചെന്ന ബ്ലാറ്റർ കൂടുതൽ കൂടുതൽ പിന്തുണ സ്വന്തമാക്കിയപ്പോൾ ഒറ്റപ്പെട്ടുകൊണ്ടിരുന്നത് സ്വന്തം പാളയത്തിൽത്തന്നെയായിരുന്നു. ഇതിനൊപ്പം 2018-ലെ ലോകകപ്പ് ഇംഗ്ലണ്ടിനെ മറികടന്ന് റഷ്യയ്ക്ക് അുവദിച്ചതും 2022-ലെ ലോകകപ്പ് അമേരിക്കയെ തഴഞ്ഞ് ഖത്തറിന് നൽകിയതും ബ്ലാറ്റർക്കെതിരെ പാശ്ചാത്യ ശക്തികളുടെ ഏകീകരണത്തിന് വഴിവച്ചു. പാശ്ചാത്യ ചേരികളുടെ ഏകീകരണം തന്നെയാണ് ഫുട്‌ബോൾ ലോകത്തെത്തന്നെ അട്ടിമറിച്ച സംഭവങ്ങൾക്ക് കാരണമായത്.

ഇതിനൊപ്പം ഫിഫയിലെ അഴിമതിയും കുടം തുറന്ന് പുറത്തേയ്ക്ക് വന്നു. 2010-ലെ ലോകകപ്പ് അനുവദിച്ചതിൽ വ്യക്തമായ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഫിഫയുടെ ഉന്നതനും മധ്യ അമേരിക്കൻ-കരീബിയൻ മേഖലയുടെ പ്രസിഡന്റായിരുന്ന ജാക്ക് വാർണർ ഉൾപ്പെട്ട അഴിമതിയുടെ തുടരന്വേഷമാണ് ഇപ്പോൾ ബ്ലാറ്ററെപ്പോലും അന്വേഷണത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഫിഫ വൈസ് പ്രസിഡന്റുമാരടക്കം ഏഴുപേരെ സൂറിച്ചിലെ ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും ബ്ലാറ്റർക്ക് തിരിച്ചടിയായി.

ഫിഫയിൽ അഴിമതി നിറഞ്ഞിരിക്കുന്നുവെന്നും സംഘടനയിൽ അഴിച്ചുപണി വേണമെന്നും പറഞ്ഞ ബ്ലാറ്റർ, തിരഞ്ഞെടുക്കപ്പെട്ടതുമുതൽ താൻ രാജിയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചുകൊണ്ട് ബ്ലാറ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫിഫയിലെ അഴിമതി നിയന്ത്രിക്കാൻ അതിന്റെ ഘടന തന്നെ മാറ്റിമറിക്കണമെന്നാണ് ബ്ലാറ്റർ ഉന്നയിച്ചിട്ടുള്ള ആവശ്യം. രാജിവച്ചതോടെ എഫ്.ബി.ഐ ബ്ലാറ്റർക്കെതിരെയും അന്വേഷണം ശക്തമാക്കുമെന്നാണ് സൂചന. ഫിഫ സെക്രട്ടറി ജനറലും ബ്ലാറ്ററുടെ അനുയായിയുമായ ജെറോം വാൽക്കെയുടെ ഇടപാടുകളും പരിശോധിക്കപ്പെടും.

വെള്ളിയാഴ്ചയാണ് ജോർദാൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി ബ്ലാറ്റർ അഞ്ചാം തവണ ഫിഫയുടെ പ്രസിഡന്റായത്. 1998 മുതൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്ലാറ്റർക്ക് വോട്ടെടുപ്പിൽ 133 വോട്ടും അലി ബിൻ അൽ ഹുസൈന് 73 വോട്ടുമാണ് ലഭിച്ചത്. വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് പോകുന്നതിനുമുന്പ് അലി പിന്മാറുകയായിരുന്നു.

ബ്ലാറ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മുതൽ യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (യുവേഫ) അതിനെതിരെ കരുക്കൾ നീക്കാൻ തുടങ്ങിയിരുന്നു. മുൻ ഫ്രാൻസ് ഫുട്‌ബോൾ താരവും യുവേഫ പ്രസിഡന്റുമായിരുന്ന മിഷേൽ പ്ലറ്റീനിയാണ് ഇതിനുവേണ്ടി ശക്തമായി രംഗത്തുവന്നത്. അടുത്ത ഫിഫ പ്രസിഡന്റ സ്ഥാനത്തേയ്ക്ക് കണ്ണുവെയ്ക്കുന്ന പ്ലറ്റീനി ഫിഫയിൽനിന്ന് യൂറോപ്പ് വിട്ടുപോകുന്ന കാര്യം പോലും ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു.

ബ്ലാറ്റർ തിരഞ്ഞെടുക്കപ്പെട്ടാൽ 2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കണമെന്നും ബദൽ ടൂർണമെന്റ് നടത്തണമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യങ്ങൾ ആലോചിക്കാൻ വെള്ളിയാഴ്ച യുവേഫ ആലോചിക്കുന്നതിനിടെയാണ് ബ്ലാറ്ററുടെ രാജി.