സൂറിച്ച്: ഫിഫ പ്രസിഡന്റായി സെപ് ബ്ലാറ്ററിനെ വീണ്ടും തെരഞ്ഞെടുത്തു. ജോർദൻ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിൻ അൽഹുസൈൻ രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്നും പിന്മാറിയതോടെയാണ് ബ്ലാറ്റർ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ രണ്ടു പേർക്കും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടാം റൗണ്ടിൽ അലി ബിൻ അൽഹുസൈൻ വോട്ടെടുപ്പിൽ നിന്നു പിന്മാറുകയായിരുന്നു.

ആദ്യ റൗണ്ടിൽ ബ്ലാറ്റർക്ക് 133 വോട്ടും അലി ബിൻ അൽ ഹുസൈന് 73 വോട്ടും ലഭിച്ചു. എന്നാൽ 209 അംഗ അസോസിയേഷനുകളിൽ നിന്നു മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും നേടാൻ സാധിച്ചില്ല. തുടർന്ന് അലി ബിൻ പിന്മാറുകയായിരുന്നു.ഗോള ഫുട്‌ബോൾ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായ അഞ്ചാംതവണയാണ് 79കാരനായ ബ്ലാറ്റർ തെരഞ്ഞെടുക്കപ്പെടുന്നത്. അഴിമതിയും രാഷ്ട്രീയവും ഇടകലർന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് ആഗോളശ്രദ്ധയാകർഷിച്ചിരുന്നു. ഫിഫ ആസ്ഥാനത്ത് വാർഷികയോഗം (കോൺഗ്രസ്) ആരംഭിക്കുന്നതിന്റെ തലേന്ന് ഫിഫ അംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ സ്വിറ്റ്‌സർലൻഡ് പൊലീസ് റെയ്ഡ് നടത്തിയതും ഫിഫയിലെ ഏഴ് ഉന്നതരെ അറസ്റ്റ് ചെയ്തതും വിവാദങ്ങൾക്കു തുടക്കമിട്ടു. ബ്ലാറ്ററുടെ എതിരാളികൾ ഇത് ആയുധമാക്കിയെങ്കിലും ഏഷ്യയുടെയും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും പിന്തുണയോടെ ബ്ലാറ്റർ വിജയിച്ചുകയറുകയായിരുന്നു.

1998 മുതൽ ഫിഫയുടെ മേധാവിയാണ് സ്വിറ്റ്‌സർലൻഡുകാരനായ സെപ് ബ്ലാറ്റർ. എഴുപത്തിയൊൻപതുകാരനായ ബ്ലാറ്റർ 1975 മുതൽ ഫിഫയിലുണ്ട്. 17 വർഷം സെക്രട്ടറി ജനറലുമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏഷ്യയും ആഫ്രിക്കയും തെക്കേ അമേരിക്കയും ബ്ലാറ്ററെ പിന്തുണച്ചു. 'അടുത്ത നാലു വർഷത്തേക്ക് ഫിഫയെ ഞാനാണ് നയിക്കാൻ പോകുന്നത്. നമ്മുക്ക് മുന്നോട്ട് പോകാം എല്ലാവർക്കും നന്ദി'. ബ്ലാറ്റർ പറഞ്ഞു.

ഫുട്‌ബോൾ ഭരണരംഗത്തും അസോസിയേഷനുകളിലും സജീവമായുള്ളവർക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാമെന്നാണ് ഫിഫയിലെ നിയമം. നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപുള്ള അഞ്ചു വർഷത്തിൽ രണ്ടു വർഷമെങ്കിലും എതെങ്കിലും ഫുട്‌ബോൾ അസോസിയേഷനിൽ പ്രധാന ഭാരവാഹിയായിരിക്കണം. ഫിഫയിലെ 209 രാജ്യങ്ങളുടെ ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികൾക്കാണ് വോട്ടവകാശം. 54 അംഗങ്ങൾ ആഫ്രിക്കയിൽ നിന്നും 53 അംഗങ്ങൾ യൂറോപ്പിൽ നിന്നും 46 അംഗങ്ങൾ ഏഷ്യയിൽ നിന്നും 35 അംഗങ്ങൾ കോൺകാകാഫിൽ നിന്നും വോട്ടുചെയ്യും. മൂന്നിൽ രണ്ടുവോട്ടു ആദ്യഘട്ടത്തിൽ നേടുന്നയാളാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക.

ഫിഫയിലെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ.യാണ് അന്വേഷണം നടത്തിയത്. മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്ന അതേരീതിയിൽ അമേരിക്ക ഫിഫയിലും കയറിക്കളിക്കുകയാണെന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലൂദിമിർ പുട്ടിനാണ് ആദ്യം രംഗത്തെത്തിയത്. യൂറോപ്യൻ രാജ്യങ്ങൾ ബ്ലാറ്ററെ അംഗീകരിക്കുകയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പ്രസ്താവിച്ചു. റഷ്യയിൽ 2018ൽ നടക്കുന്ന ലോകകപ്പ് യൂറോപ്യൻ രാജ്യങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗ്രെഗ് ഡൈക്കും ആവശ്യപ്പെട്ടിരുന്നു.