- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാണികളുടെ വംശീയ അധിക്ഷേപം; ഹംഗേറിയൻ ആരാധകർക്കെതിരെ 'പ്രതികരിച്ച്' ഇംഗ്ലീഷ് താരങ്ങളും; കർശന നടപടിക്കൊരുങ്ങി ഫിഫ; റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ
ബുഡാപെസ്റ്റ് (ഹംഗറി): ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഇംഗ്ലിഷ് താരങ്ങളെ ഹംഗറി ആരാധകർ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങി ഫിഫ. ബുഡാപെസ്റ്റിലെ പുസ്‌കാറ്റ്സ് അരീനയിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് ഹംഗറി ആരാധകർ ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.
റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ, ഹാരി മഗ്വയിർ, ഡെക്ലാൻ റൈസ് എന്നിവരുടെ ഗോൾ മികവിൽ ഇംഗ്ലണ്ട് 4 - 0നു ജയിച്ച മത്സരത്തിന്റെ തുടക്കം മുതൽ ഹംഗേറിയൻ ആരാധകർ വ്യാപക അധിക്ഷേപമാണ് ഇംഗ്ലിഷ് താരങ്ങൾക്കു നേരെ ചൊരിഞ്ഞത്.
British Prime Minister Boris Johnson called on world soccer's governing body FIFA to take action after England players were targeted with racial abuse by some Hungary supporters during Thursday's World Cup qualifier in Budapest https://t.co/Bxo62gqNoy pic.twitter.com/60VD2QIXj5
- Reuters (@Reuters) September 3, 2021
വിഷയത്തെ ഗൗരവമായി കാണാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. 'ബുഡാപെസ്റ്റിൽ നടന്ന ഹംഗറി-ഇംഗ്ലണ്ട് മത്സരത്തിന്റെ റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കും' എന്നാണ് ഫിഫ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങിനും പകരക്കാരനായി കളിത്തിലിറങ്ങിയ ജൂഡ് ബെല്ലിങ്ഹാമിനും നേരെ ആരാധകർ കുരങ്ങു ശബ്ദം പുറപ്പെടുവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വംശീയ വിവേചനത്തിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം തീർക്കുന്നതിന്റെ ഭാഗമായി മത്സരം തുടങ്ങുന്നതിനു മുൻപ് ഗ്രൗണ്ടിൽ ഒരു കാൽമുട്ടിൽ ഊന്നി നിന്ന ഇംഗ്ലിഷ് താരങ്ങളെ ആരാധകർ കൂവലോടെയാണു വരവേറ്റത്.
മത്സരത്തിനിടെ ആരാധകർ പല തവണ കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. ആരാധകർ വലിച്ചെറിഞ്ഞ ഗ്ലാസെടുത്തു വെള്ളം കുടിക്കുന്ന ആംഗ്യം കാട്ടി ഇംഗ്ലണ്ട് താരങ്ങളായ ഡെക്ലാൻ റൈസും ജാക്ക് ഗ്രിയാലിഷും തിരിച്ചടിച്ചതോടെ 'പോരു' മുറുകി. കഴിഞ്ഞ യൂറോ കപ്പിൽ ആരാധകർ അച്ചടക്ക ലംഘനം നടത്തിയതിനു പിന്നാലെ ഹംഗറിയുടെ അടുത്ത മൂന്നു ഹോം മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ യൂറോപ്പിലെ ഫുട്‌ബോൾ ഭരണ സമിതിയായ യുവേഫ നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാൽ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ഫിഫയുടെ അധികാര പരിധിയിൽ വരുന്നതിനാൽ ഉത്തരവു പാലിക്കപ്പെട്ടിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതായും അച്ചടക്ക നടപടികൾക്കു തുടക്കമായതായും ഫിഫ വാർത്താക്കുറിപ്പിറക്കി. കാണികളുടെ പ്രകോപനപരമായ പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്നും ഫിഫ അറിയിച്ചു. ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന തരത്തിലുള്ള വാർത്തകളെ ഇംഗ്ലിഷ് ഫുട്‌ബോൾ അസോസിയേഷൻ ശക്തമായി അപലപിച്ചു.
ടീമിലെ സഹതാരങ്ങളെയും സ്റ്റാഫിനെയും ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ഇംഗ്ലണ്ട് താരം ഹാരി മഗ്വയിർ സമൂഹ മാധ്യമത്തിൽ കുറിച്ചു. സ്റ്റേഡിയത്തിലെത്തിയ 60,000 ആരാധകർ ടീമിനായി ആർപ്പുവിളിക്കുകയായിരുന്നെന്നും ഇതിനിടെ സ്റ്റേഡിയത്തിൽ കടന്നു കയറിയ സാമൂഹിക വിരുദ്ധർ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നെന്നും ഇവർക്കെതിരെ നടപടിയെടുക്കുമെന്നും ഹംഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.
സ്പോർട്സ് ഡെസ്ക്