- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് യോഗ്യതാ പോരാട്ടം; അഞ്ചാം മത്സരത്തിൽ ഇക്വഡോറിനെ തകർത്ത് ബ്രസീൽ; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ കാനറികൾ ഒന്നാമത്
പോർട്ടോ അലെഗ്ര: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ. പോർട്ടോ അലെഗ്രയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ഇക്വഡോറിനെ മറികടന്നത്. 65ആം മിനിറ്റിൽ റിച്ചാർലിസനും ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെ നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്.
തുടർച്ചയായ അഞ്ചാം ജയത്തോടെ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി. നെയ്മറിന്റെ പാസിൽ, കിടിലൻ ഹാഫ്വോളിയിലൂടെയാണ് 65ാം മിനിറ്റിൽ റിച്ചാർളിസൺ ഇക്വഡോറിന്റെ ഗോൾവല ചലിപ്പിച്ചത്. ഗോളി ഡോമിനിഗസ്, വലത്തോട് ചാടി പന്ത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിച്ചാർളിസന്റെ ഒൻപതാം രാജ്യാന്തര ഗോളാണ് ഇത്.
കളിക്കളത്തിലെ നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു ഇൻജുറി ടൈമിലെ നെയ്മറിന്റെ ഗോൾ. ബോക്സിൽ, ജീസസിനെ പ്രെക്യാഡോ ഫൗൾ ചെയ്തതിനാണ് പെനൽറ്റി ലഭിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാർ) സഹായത്തോടെയാണ് പെനൽറ്റി വിധിക്കപ്പെട്ടത്.
നെയ്മർ എടുത്ത ആദ്യ പെനൽറ്റി ഇക്വഡോർ ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ അവസരങ്ങളൊന്നും നൽകാതെ നെയ്മർ ഫിനിഷ് ചെയ്തു.
അഞ്ച് വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ കുപ്പായമണിഞ്ഞ ഫ്ളമെിംഗോ താരം ഗബ്രിയേൽ ബാർബോസ ഇടവേളക്ക് തൊട്ടുമുമ്പ് ബ്രസീലിനായി സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ഗോളനുവദിച്ചില്ല. ഗ്രൂപ്പിൽ അഞ്ച് കളികളിൽ അഞ്ച് ജയവുമായി 15 പോയന്റുമായി ബ്രസീൽ ഒന്നാമതും അഞ്ച് കളികളിൽ മൂന്ന് ജയവുമായി 11 പോയന്റുള്ള അർജന്റീന രണ്ടാമതുമാണ്.
അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയന്റുള്ള ഇക്വഡോറാണ് ഗ്രൂപ്പിൽഡ മൂന്നാം സ്ഥാനത്ത്. ഏഴ് പോയന്റുള്ള പരാഗ്വേ നാലാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാരാണ് അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.
സ്പോർട്സ് ഡെസ്ക്