ന്യൂഡൽഹി: വീട്ടുപടിക്കൽ സർക്കാർ സേവനങ്ങൾ എത്തിക്കാനുള്ള ഡൽഹിയിലെ സർക്കാരിന്റെ പദ്ധതിക്ക് എതിരെ ഗവർണർ രംഗത്ത് എത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി കെജ്രിവാൾ. ആരാണ് അധികാരിയെന്ന് ലഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ രംഗത്തെത്തിയത്. ഇതോരെ രാജ്യ തലസ്ഥാനത്ത് ആംആദ്്മി ബിജെപി പോരിലേക്ക് കാര്യങ്ങൾ നീങ്ങുകയാണിപ്പോൾ.

അതേസമയം, സേവനങ്ങൾ എത്തിക്കാനുള്ള ഡൽഹിയിലെ എഎപി സർക്കാരിന്റെ നടപടി തടഞ്ഞില്ലെന്നും പുനരാലോചിക്കാൻ ആവശ്യപ്പെട്ടതേയുള്ളെന്നും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ പറഞ്ഞു. ഡൽഹി സർക്കാരിന്റെ 40 സേവനങ്ങൾ വീട്ടിൽ ലഭ്യമാക്കുന്ന പദ്ധതിക്ക് ലഫ്. ഗവർണർ അനുമതി നൽകിയില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമർശിച്ചതിനു പിന്നാലെയാണ് ഗവർണർ വിശദീകരണം നൽകിയത്.

നാലു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയായിരുന്നു പദ്ധതിക്കുമേൽ പുനരാലോചന ആവശ്യപ്പെട്ട് ഗവർണർ അനിൽ ബൈജൽ രംഗത്തെത്തിയത്. തീരുമാനം എടുക്കാനുള്ള അന്തിമ അധികാരി ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ രംഗത്ത് എത്തിയതോടെ വീണ്ടും ഡൽഹിയിൽ മറ്റൊരു അധികാര തർക്കം ശക്തമാകുകയാണ്.

ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ വീട്ടു പടിക്കൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഭരണം വീട്ടുപടിക്കലേക്ക് (ഹോം ഡെലിവറി ഓഫ് ഗവേണൻസ്) എന്നതാണു പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങൾ വീട്ടിൽ എത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്വകാര്യ ഏജൻസിയിൽനിന്നാണ് ഇത്തരം ആളുകളെ ലഭ്യമാക്കുന്നത്. ജല കണക്ഷൻ, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വാഹന ആർസികളുടെ പകർപ്പ് തുടങ്ങിയവയും സർക്കാർ ലഭ്യമാക്കുന്ന സേവനങ്ങളുടെ പട്ടികയിൽപെടുന്നു.

ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ളയാൾ നിർദിഷ്ട കോൾ സെന്റർ നമ്പരിലേക്കു വിളിക്കുക. ഫോണെടുക്കുന്നയാൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. റജിസ്‌ട്രേഷന്റെ പശ്ചാത്തലത്തിൽ ഒരു മൊബൈൽ സേവകിന്റെ സേവനം ലഭിക്കും. അദ്ദേഹം വീട്ടിലെത്തി ആവശ്യമായ രേഖകൾ വാങ്ങും. ഫോട്ടോയ്ക്കായി മേഖലാ ഗതാഗത വകുപ്പ് ഓഫിസിലേക്കു പോകണം. ആദ്യമെത്തിയ മൊബൈൽ സേവക് പിന്നീടു ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തിക്കും. ആദ്യ ഘട്ടത്തിൽ 10 സേവനങ്ങളാണു ലഭ്യമാക്കുന്നത്. അവശേഷിക്കുന്നവ രണ്ടാം ഘട്ടത്തിൽ ലഭ്യമാക്കും. വീട്ടിൽ ഈ സേവനങ്ങൾ ലഭ്യമാക്കാൻ ചെറിയ ഫീസ് നൽകണം ഇതായിരുന്നു ഡൽഹി സർക്കാരിന്റെ പദ്ധതി.