കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രവാസികൾ കൂട്ടമായി എത്തിത്തുടങ്ങി. ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് വേണ്ടിയാണ് കെ.എം.സി.സി. പ്രവർത്തകരായ നാല്പതംഗസംഘം മംഗളൂരു വിമാനത്താവളത്തിലെത്തിയത്.

പ്രധാന പ്രവർത്തകരടങ്ങുന്ന സംഘം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനത്തിന് രംഗത്തിറങ്ങുകയും ചെയ്തു. അടുത്ത രണ്ടു ദിവസത്തിനകം അഞ്ഞൂറോളം ദുബായ് പ്രവാസികൾ വോട്ട് ചെയ്യാൻ നാട്ടിലെത്തും. ഉദുമ മണ്ഡലത്തിൽ വോട്ട് കൂട്ടം എന്ന പേരിൽ ഒരു സെൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന യു.ഡി.എഫ്. അനുകൂലികളെ നാട്ടിലെത്തിക്കാൻ അരയും തലയും മുറുക്കി ഇവർ രംഗത്തിറങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിച്ചു കൊണ്ടു വരുവാനും പ്രത്യേക വിഭാഗത്തെ സജ്ജീകരിച്ചു നിർത്തിയിരിക്കയാണ്. ഉദുമ മണ്ഡലം കെ.എം.സി.സി. നേതാക്കളാണ് ഇതിന് നേതൃത്വം നൽകുന്നത്.

ഉദുമ, മഞ്ചേശ്വരം, കാസർഗോഡ് നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടിയും കെ.എം.സി.സി. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി. നേതൃത്വം നൽകുന്നുമുണ്ട്. ഇന്ത്യക്ക് പുറത്തുമുള്ള പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് യു.ഡി.എഫാണ് മുന്നിലെങ്കിലും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാരെ ഇറക്കുന്നതിൽ എൽ.ഡി.എഫ് ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ബംഗളൂരു, മൈസൂർ, മാണ്ഡ്യ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ബസ്സുകൾ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇവർ അതത് പ്രദേശത്ത് എത്തും. മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ഗോവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വോട്ടർമാർ ട്രെയിൻ മാർഗ്ഗവും മറ്റും ഞായറാഴ്ചയോടെയാണ് എത്തുക.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോകുന്ന കർണ്ണാടകത്തിലെ മലയാളികൾക്ക് കെ.എസ്.ആർ.ടി. സി. രണ്ട് സൂപ്പർ ഫാസ്റ്റ് ബസ്സുകൾ സ്‌പെഷലായി ഓടിക്കുന്നുണ്ട്. മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിൽ വോട്ട് ചെയ്യുന്നവർക്ക് ഈ സർവ്വീസുകൾ ഉപകാരപ്പെടും. കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കും സ്‌പെഷൽ സർവ്വീസ് ഉണ്ട്. യാത്രക്കാരുടെ ആവശ്യാർത്ഥം കൂടുതൽ ബസ്സ് ഇറക്കാൻ കെ.എസ്.ആർ.ടി.സി.യും കർണ്ണാടക ആർ.ടി.സി.യും ബസ്സുകൾ ഒരുക്കി നിർത്തിയിട്ടുണ്ട്. പ്രവാസികൾ താമസിക്കുന്ന ഇടങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചിരുന്നു. പ്രവാസികളുടെ ഇടയിലുള്ള സജീവ പ്രവർത്തകർ മുഖേന സ്ഥാനാർത്്ഥികളുടെ അഭ്യർത്ഥനയും ലഘുലേഖകളും വിതരണം ചെയ്തിരുന്നു. എന്നാൽ ഈ മേഖലകളിൽ ബിജെപി. സൈബർ പ്രചാരണത്തിനാണ്് മുൻഗണന നൽകിയത്.

യു.ഡി.എഫും എൽ.ഡി.എഫും ബലാബലം നിൽക്കുന്ന മണ്ഡലങ്ങളിൽ പ്രവാസികളെ ആശ്രയിച്ചാണ് സ്ഥാനാർത്ഥികളുടെ വിജയം. അതുകൊണ്ടു തന്നെ വടക്കൻ കേരളത്തിൽ പ്രവാസികൾക്ക് തെരഞ്ഞെടുപ്പുകാലത്ത് വൻ ഡിമാൻഡാണ്. ടെലിഫോണിൽ ബന്ധപ്പെട്ടും കുടുംബങ്ങളെ സ്വാധീനിച്ചും വോട്ട് ഉറപ്പിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും സജീവമാവുന്ന കാഴ്ചയാണ് ഈ മേഖലകളിൽ കണ്ടുവരുന്നത്. നാട്ടിലുള്ളവരുടെ വോട്ട് ഉറപ്പിച്ച ശേഷം പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കി അവസാന ശ്രമത്തിലാണ് മുന്നണികൾ. സംസ്ഥാനത്തിന് പുറത്തുനിന്നും ഗൾഫ് നാടുകളിൽ നിന്നും എത്തിത്തുടങ്ങിയ പഴയകാല രാഷ്ട്രീയ പ്രവർത്തകർ സ്ഥാനാർത്ഥിയോടൊപ്പവും സ്‌ക്വാഡിലും പ്രവർത്തിക്കുന്ന കാഴ്ചയാണ് ഉത്തരകേരളത്തിൽ കാണാൻ കഴിയുന്നത്.

പ്രവാസികളായ അണികൾ വരും ദിവസങ്ങളിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനം കൂടുതൽ സജീവമാവും. നാളെ പരസ്യ പ്രചാരണം അവസാനിച്ചാലും അണിയറയിൽ പ്രവർത്തിക്കാൻ പതിവിലധികം പ്രവാസികൾ നാട്ടിലെത്തും.