- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൂരിൽ ചിറ്റയം ജയിച്ചതിന് കൈയടിച്ച് ഡിസിസി ജനറൽ സെക്രട്ടറി; റാന്നിയിൽ റിങ്കു തോൽപ്പിച്ചതിന് എട്ടംഗ സംഘത്തോട് 'നന്ദി' പറഞ്ഞ് സാധാരണ കോൺഗ്രസ് പ്രവർത്തകർ; ഡിസിസി പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സെക്രട്ടറി ബാബു ദിവാകരൻ; സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടങ്ങി
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ജില്ലയിൽ കോൺഗ്രസിൽ തമ്മിലടി തുടങ്ങി. അടൂരിൽ വിജയിച്ച സിപിഐയിലെ ചിറ്റയം ഗോപകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴെ കൈയടിയുടെ ഇമോജിയുമായി പ്രത്യക്ഷപ്പെട്ട ഡിസിസി സെക്രട്ടറി കെജി അനിത സ്വന്തം പാർട്ടിയോടുള്ള കൂറ് വ്യക്തമാക്കി. റാന്നിയിൽ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ നിസാര വോട്ടുകൾക്ക് തോറ്റതിന് കാരണക്കാരായ എട്ടു പേരുടെ പടം നിരത്തി തോൽപ്പിച്ചതിന് നന്ദി എന്ന ഫേസ്ബുക്ക് പോസ്റ്റുമായി റാന്നിയിലെ സാധാരണ പ്രവർത്തകർ രംഗത്തു വന്നു. സമ്പൂർണ തോൽവിക്ക് കാരണക്കാരനായ ഡിസിസി പ്രസിഡന്റ് രാജി വയ്ക്കണമെന്ന് അടൂരിൽ നിന്നുള്ള സെക്രട്ടറി ബാബു ദിവാകരനും ആവശ്യം ഉന്നയിച്ചു.
കഴിഞ്ഞ തവണ 25,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചിറ്റയം വിജയിച്ച അടൂരിൽ ഇക്കുറി യുഡിഎഫിലെ എംജി കണ്ണൻ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 2919 വോട്ടിനാണ് ചിറ്റയം ജയിച്ചത്. ബിജെപിയുടെ വോട്ടുകൾ കാര്യമായി ചോർന്നതുമില്ല. യുഡിഎഫിന് നഷ്ടമായ വോട്ടിന്റെ 90 ശതമാനത്തോളം തിരിച്ചു പിടിച്ചതാണ് കണ്ണന്റെ മികച്ച പ്രകടനത്തിന് കാരണമായത്. വിജയത്തിന് പിന്നാലെ ചിറ്റയം ഗോപകുമാർ ഇട്ട പോസ്റ്റിന് ചുവട്ടിൽ കൈയടിയുടെ ഇമോജിയുമായി ഡിസിസി സെക്രട്ടറി കെജി അനിത രംഗത്തു വന്നത് വിവാദമായിട്ടുണ്ട്.
കണ്ണന്റെ നാട്ടുകാരിയും സമകാലികയുമാണ് അനിത. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ട്. അനിതയുടെ കൈയടി അടൂരിലെ പ്രവർത്തകരുടെ ചങ്കത്തടിച്ചതു പോലെയായി. എത്ര അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സ്വന്തം പാർട്ടിക്കാരന്റെ തോൽവിയിൽ സന്തോഷിക്കുന്ന ഇവരുടെയൊക്കെ മനസ് പിടികിട്ടുന്നില്ലെന്നാണ് ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അനിതയുടെ കൈയടി പാർട്ടിക്കുള്ളിൽ വലിയ വിവാദമായിട്ടുണ്ട്.
റാന്നിയിൽ 1285 വോട്ടിനാണ് യുഡിഎഫിലെ റിങ്കു ചെറിയാൻ തോറ്റത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലെല്ലാം റിങ്കു പിന്നാക്കം പോയി. ഇതിന് കാരണക്കാരായി എട്ടു പേരുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ കെപിസിസി അംഗം അഡ്വ കെ. ജയവർമ അടക്കമുള്ളവരാണ് വിമർശനം നേരിടേണ്ടി വരുന്നത്. റിങ്കുവിന് സീറ്റ് കൊടുക്കരുതെന്ന് കെപിസിസിക്കും എഐസിസിക്കും കത്തെഴുതിയത് ഇവരാണ്. കത്തിൽ ഒപ്പിട്ടിരുന്നത് കെ. ജയവർമ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ടികെ സാജു, കാട്ടൂർ അബ്ദുൾ സലാം, സതീഷ് പണിക്കർ, സതീഷ് ബാബു, വിഎ അഹമ്മദ് ഷാ, അഡ്വ. ലാലു ജോൺ, പ്രഫ. തോമസ് അലക്സ്, ലിജു ജോർജ് തുടങ്ങിയ ഡിസിസി നേതാക്കളായിരുന്നു. ഇവർക്കെതിരേയാണ് സാധാരണ പ്രവർത്തകരുടെ രോഷം അണപൊട്ടിയിരിക്കുന്നത്.
ജില്ലയിൽ യുഡിഎഫിനുണ്ടായ കടുത്ത പരാജയത്തിന്റെ ബാധ്യതയേറ്റെടുത്ത് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് രാജി വക്കണമെന്ന് അടൂർ മുൻ നഗരസഭാ ചെയർമാൻ ബാബുദിവാകരന്റെ എഫ്ബിയിൽ പോസ്റ്റിട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ജില്ലയിലാകെ കനത്ത പരാജയമാണ് പാർട്ടിക്കുണ്ടായത്. ജില്ലാ നേതൃത്വം നിർജീവമായി നിന്നത് മൂലം താഴോട്ടുള്ളവർ അവർക്ക് തോന്നിയതു പോലെ സഞ്ചരിച്ചു.
ഫലമോ ദയനീയ പരാജയം. ചിഹ്നനം അനുവദിച്ചു നൽകിയ ശേഷം ഡിസിസി പ്രസിഡന്റ് നേരിട്ടത്തി റിട്ടേണിങ് ഓഫീസറുടെ പക്കൽ നിന്നും തിരിച്ചു വാങ്ങി മറ്റൊരാൾക്ക് നൽകുന്ന അവസ്ഥ വരെയുണ്ടായി. ജില്ലയിലെ പാർട്ടി കീഴ് ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ജില്ലാ കമ്മിറ്റി പരാജയപ്പെട്ടു. ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട റാന്നി, അടൂർ പോലുള്ള മണ്ഡലങ്ങളിലെ ബ്ലോക്ക് പ്രസിഡന്റുമാരും രാജി വക്കണമെന്ന് ബാബുദിവാകരൻ ആവശ്യപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്