മലപ്പുറം: കൊണ്ടോട്ടി വാഴക്കാടിനടുത്ത കക്കോവിൽ ഇരു സുന്നികളും തമ്മിലുള്ള സംഘട്ടനം മൂലം പള്ളി അടച്ചു പൂട്ടൽ വക്കിൽ. പ്രദേശത്തെ നൂറു വർഷക്കാലം പഴക്കമുള്ള മസ്ജിദുൽ ഹിദായയാണ് അധികാര തർക്കത്തിന്റെ പേരിൽ അടച്ചുപൂട്ടലിലേക്ക് എത്തിനിൽക്കുന്നത്.

എ.പി, ഇ.കെ സുന്നികൾ ചേരിതിരിഞ്ഞ് പള്ളിക്കുള്ളിൽ വച്ച് ഏറ്റുമുട്ടുകയും പരസ്പരം സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അധികാര തർക്കത്തെ ചൊല്ലിയുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്കും സംർഷത്തിലും കലാശിച്ചത്.

വെള്ളിയാഴ്ചയലെ ജുമുഅ നമസ്‌കാരം തടസപ്പെടുന്നതിലേക്കു വരെ കാര്യങ്ങൾ എത്തി. മുളകുപൊടി വിതറിയും മുൻകൂട്ടി കരുതിയ ആണി തറച്ച പട്ടികയും മറ്റു ആയുധങ്ങളുമായി ഏറെ നേരം ഏറ്റു മുട്ടുകയും ചെയ്തു. മരണത്തിലേക്കു വരെ എത്തുമായിരുന്ന സംഘട്ടനം പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും ലാത്തിവീശി ഓടിക്കുകയായിരുന്നു. വെള്ളിയാഴ്ചയിലെ സംഘർഷത്തോടെ പ്രദേശം കലാപ കലുഷിതമായി മാറിയിരിക്കുകയാണ്.

സ്വാതന്ത്ര്യ സമരവും മലബാർ കലാപവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന പള്ളികളും പ്രദേശങ്ങളുമാണ് ഇവിടെയുള്ളത്. മസ്ജിദുൽ ഹിദായ നിലകൊള്ളുന്നതും ഇത്തരത്തിൽ ചിരിത്ര സ്മരണകളുള്ള മണ്ണിലാണ്. മസ്ജിദുൽ ഹിദായക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് ഇവിടെത്ത് പ്രശ്‌നങ്ങൾ തലപൊക്കിത്തുടങ്ങിയത്. സമസ്തയുടെ പിളർപ്പിനു ശേഷവും ഏറെക്കാലം ഇവിടെ സമാധാനപരമായും പള്ളിയും മദ്രസകളും നടന്നു പോകുകയുണ്ടായി. 1989ലാണ് സുന്നി പണ്ഡിത സഭയായ സമസ്തകേരള ജംഇയ്യത്തുൽ ഉലമയിൽ പിളർപ്പ് സംഭവിക്കുന്നത്. സമസ്തയുടെ പ്രഖ്യാപിത നയ നിലപാടുകളിൽ നിന്നും വ്യതിചലിക്കുന്നതായി ചൂണ്ടിക്കാട്ടി സമസ്തയുടെ ഭാരവാഹികളും, മുശാവറ അംഗങ്ങളും അടക്കം ഏതാനും പണ്ഡിതർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മറ്റൊരു സമസ്ത രൂപീകരിക്കുകയും ചെയ്തു. ഇ.കെ അബൂബക്കർ മുസ് ലിയാരുടെ നേതൃത്വത്തിലുണ്ടായിരുന്ന സമസ്ത പുനഃ സംഘടിപ്പിച്ചു പ്രവർത്തനം തുടരുകയും ചെയ്തു. ഇതോടെ എ.പി, ഇ.കെ സമസ്തകളുടെ പിറവി പൂർണമായി. ഇക്കാലയളവിൽ മുസ്ലിംലീഗുമായുള്ള ഇ.കെസമസ്തയുടെ ബന്ധം കൂടുതൽ ദൃഢപ്പെടുകയും ചെയ്തു. ലീഗിന്റെ രാഷ്ട്രീയ വിജയങ്ങൾക്ക് ഇ.കെ സുന്നികളും ഇ.കെ സുന്നികൾക്ക് എ.പി വിഭാഗത്തെ പ്രതിരോധിക്കാൻ ലീഗിന്റെ സഹായവും കൂടുതൽ ആവശ്യമായി വന്നു. സുന്നികൾക്കിടയിലെ പിളർപ്പ് മലബാറിലെ പല മഹല്ലുകളിലും ചേരിതിരിവിന് ഇടയാക്കി.

എന്നാൽ കക്കോവ് മസ്ജിദുൽ ഹിദായയിൽ സമാധാനപരമായി തന്നെ ഭരണം മുന്നോട്ടു പോയി. സുന്നികൾ ഒന്നായിരുന്നപ്പോൾ 1982 ൽ ആയിരുന്നു സൊസൈറ്റി ആക്റ്റ് പ്രകാരം മസ്ജിദ് ആദ്യമായി സമസ്തക്കു കീഴിൽ രജ്സ്റ്റർ ചെയ്തത്. തുടർന്നുള്ള നാലു വർഷവും ഈ രജിസ്‌ട്രേഷൻ പുതുക്കി കമ്മിറ്റി മുന്നോട്ടു പോയി. എന്നാൽ പിന്നീട് രജിസ്‌ട്രേഷൻ പുതുക്കുകയോ ഇതിൽ ശ്രദ്ധചെലുത്തുകയോ ചെയ്തിരുന്നില്ല. തുടർന്ന് സമസ്തയുടെ പിളർപ്പിനു ശേഷം പള്ളിയുടെ ഭരണം ഇരു വിഭാഗത്തിൽ നിന്നുള്ള ആളുകൾ അടങ്ങുന്ന ഹിദായത്തുൽ മുസ്ലിമാൻ സംഘത്തിനു കീഴിലായിരുന്നു. എന്നാൽ പള്ളി ഒഴികെയുള്ള മഹല്ലിനു കീഴിലെ സ്വത്തു വഹകളെല്ലാം എ.പി, ഇ.കെ സുന്നികൾക്ക് തുല്യമായി വീതിക്കുകയും മദ്രസാ കെട്ടിടത്തിന്റെ ഒരു ഭാഗം എ.പി സുന്നികൾക്കും മറ്റൊരു ഭാഗം ഇ.കെ സുന്നികൾക്കും വീതിച്ചു നൽകി. തുടർന്ന് വലിയ പ്രശ്‌നങ്ങളില്ലാതെ തന്നെ മുന്നോട്ടു പോയി. ഇന്നും ഇരു വിഭാഗങ്ങളുടെയും പത്താം തരം വരെയുള്ള മദ്രസകൾ ദാറുൽഹികം എന്നും ദാറുൽ ഹികം സുന്നി മദ്രസ എന്ന പേരിലുമായി ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ 2001 മുതൽ 2004 വരെയുള്ള കാലയളവിൽ മഹല്ലിലെ വിഭാഗീയ പ്രശ്‌നങ്ങൾ രൂക്ഷമായി. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി മധ്യസ്ഥ ചർച്ച നടക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങൾ രൂപപ്പെടുത്തികയും ചെയ്തു. ഇ.കെ വിഭാഗത്തിൽ നിന്നുള്ള മധ്യസ്ഥരായി ലീഗിന്റെ മുൻ എംഎ‍ൽഎ മുഹമ്മദുണ്ണി ഹാജി, ടിവി ഇബ്രാഹിം എ.പി വിഭാഗത്തിന്റെ മധ്യസ്ഥരായി അബ്ദുൽ ഖാദർ ഹാജി, വണ്ടൂർ അബ്ദുറഹിമാൻ ഫൈസി എന്നിവരായിരുന്നു ചർച്ചനടത്തി പുതിയ തീരുമാനത്തിൽ രജിസ്റ്റർ ചെയ്ത് ഒപ്പുവച്ചത്. രണ്ടു വർഷം മുദരിസ് ( പള്ളിയിലെ ദർസ് അദ്ധ്യാപകൻ) ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് പള്ളിയുടെ മുക്രിയാകാം, പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ് ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് സെക്രട്ടറി സ്ഥാനവുമായിരുന്നു. പ്രസിഡന്റായി നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട എട്ടു പേരും സെക്രട്ടിറിയുടെ വിഭാഗത്തിൽപ്പെട്ട എഴു പേരും അടക്കം 15 അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്താം നിയമാവലിയിൽ പറഞ്ഞതു പ്രകാരം തുടങ്ങിയ നിബന്ധനകൾ പാലിച്ചു കൊണ്ടു തന്നെ കമ്മിറ്റികൾ മുന്നോട്ടു പോയിരുന്നു.

എന്നാൽ 2015ൽ പള്ളി കമ്മിറ്റിയിൽപ്പെട്ടവരും മഹല്ലിലെ ഏതാനും ചിലർ ചേർന്ന് സമസ്ത ഇകെ വിഭാഗത്തിനു കീഴിൽ സൊസൈറ്റി ആക്റ്റ് പ്രകം പള്ളിരജിസ്റ്റർ ചെയ്യുകയുണ്ടായി. അതീവ രഹസ്യമായിട്ടായിരുന്നു ഈ രജിസ്‌ട്രേഷൻ നടത്തിയത്. എന്നാൽ മഹല്ലിലെ പകുതി വരുന്ന എ.പി വിഭാഗം ഇതറിഞ്ഞതോടെ പ്രകോപിതരാവുകയായിരുന്നു. വിഷയം വഖഫ് ട്രിബ്യൂണലിലും കോടതിയിലുമെല്ലാം എത്തി. ഒരു വിഭാഗത്തിന് പ്രത്യേകമായി നൽകേണ്ടതില്ലെന്നായിരുന്നു എ.പി വിഭാഗത്തിന്റെ വാദം. ഇതുവരെ നടന്നതു പ്രകാരം മുന്നോട്ടു പോകാമെന്നായരുന്നു ഇവരുടെ നിലപാട്. എന്നാൽ മറു വിഭാഗം അതിനെ എതിർത്തു. 2016 മാർച്ച് 31 ഇ.കെ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായി. കോടതിൽ കേസ് നടക്കുന്നതിനാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത അവസ്ഥയിലുമാണിപ്പോൾ. നിലവിൽ കമ്മിറ്റിയില്ലാത്ത സാഹചര്യത്തിൽ 2004ലെ എഗ്രിമെന്റെ പ്രകാരം പോകാമെന്നാവശ്യപ്പെട്ട് എ.പി വിഭാഗം പരസ്യമായ പ്രക്ഷോപത്തിനിറങ്ങി. എന്നാൽ ഇതു മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി വീണ്ടും മുമ്പോട്ടു പോയി. തുടർന്ന് മെയ് 20ന് വെള്ളിയാഴ്ച പള്ളിയുടെ മുൻനിര ഇ.കെ വിഭാഗക്കാർ നേരത്തെ പിടിച്ചടക്കിയിരുന്നു.എന്നാൽ ആര് ഖുതുബ നിർവഹിക്കണം എന്ന് ആദ്യം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എ.പി വിഭാഗവും പള്ളിയിൽ എത്തി. ഇതോടെ സിവിൽ ഡ്രസ്സിലുണ്ടായിരുന്ന അഞ്ചു പൊലീസുകാർ എ.പി വിഭാഗത്തെ പള്ളിയിൽ നിന്നും പുറത്തിറക്കി. പൊലീസ് ഏക പക്ഷീയമായി പെരുമാറിയെന്നു കാണിച്ച് എ.പി സുന്നികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പിന്നീട് 27ന് വെള്ളിയാഴ്ച രാവിലെ 8.30ന് ഇരുവിഭാഗത്തെയും സി.ഐ മധ്യസ്ഥ ചർച്ചക്കു വിളിക്കുകയും മാസത്തിൽ രണ്ടാഴ്ച വീതം ഒരോ വിഭാഗങ്ങളോടും പള്ളിയുടെ ചുമതല നൽകിയെങ്കിലും ഇത് അംഗീകരിക്കാൻ ഇ.കെ വിഭാഗം തയ്യാറായില്ല. ഇതോടെ ക്ഷുഭിതരായ പൊലീസ് ഉദ്യോഗസ്ഥരും കയ്യൊഴി്ഞ്ഞു. എന്നാൽ പ്രശ്‌നമുണ്ടായാൽ ഇടപെടുമെന്ന മുന്നറിയിപ്പും പൊലീസ് നൽകി. ഇതേ ദിവസം നേരത്തെ ഇരുവിഭാഗവും പള്ളിയിൽ എത്തിയിരുന്നു. എ.പി വിഭാഗത്തിന്റെ ഉസ്താദ് ഖുതുബ നിർവഹിക്കാനായി മിംബറിൽ കയറാൻ ഒരുങ്ങിയതോടെ മുന്നിലുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാർ വലിച്ചു താഴെയിട്ടു. പിന്നീട് പള്ളിയിൽ അരങ്ങേറിയത് കൂട്ടതല്ലായിരുന്നു. നേരത്തെ കരുതിയ മുളകു പൊടിയും ആയുധങ്ങളും പുറത്തെടുത്ത് പൊരിഞ്ഞ സംഘട്ടനം. സംഘർഷത്തിൽ 11 എ.പി സുന്നികൾ മെഡിക്കൽ കോളേജിലും 6 ഇകെ സുന്നികൾ കോ ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. ഇതിൽ പലരും ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇതിനു പുറമെ പൊലീസ് ലാത്തിയിൽ വേണ്ടുവോളം കിട്ടിയവർ വേറെയുമുണ്ട്.

പരസ്പരം അടിച്ചതും അടി കൊണ്ടവരുമെല്ലാം ഓരേ കുടുംബവും സഹോദരങ്ങളും വരെയുണ്ട്. അടിസ്ഥാനപരമായ ആരാധനാ വിഷയങ്ങളിലോ ആശയ സംബന്ധമായോ വ്യത്യാസങ്ങളില്ലാത്തെ ഇരു വിഭാഗങ്ങൾ ഭിന്നിച്ചും കലഹിച്ചും കഴിയുന്നത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പാരമ്പര്യവും ചരിത്രവും ഉറങ്ങുന്ന മസ്ജിദുൽ ഹിദായയെ എല്ലാവരുടെ പള്ളിയായി നിലനിർത്തണമെന്നാണ് നിശ്പക്ഷമതികളായവരുടെ അഭിപ്രായം. ചാലിയാർ പുഴയോരത്ത് ഇറക്കിയ മരങ്ങൾ മഹല്ല് നിവാസികളായ പൂർവികർ തോളിലേറ്റി കൊണ്ടു വന്നായിരുന്നു ഇന്ന് ഈ രൂപത്തിൽ പള്ളിയുണ്ടാക്കിയത്. മസ്ജിദുൽ ഹിദായയിൽ നീണ്ട 40 വർഷക്കാലം സേവനമനുഷ്ഠിച്ച സാത്വികനും പണ്ഡിതനുമായ മർഹൂം മുക്കും അഹമ്മദ് കുട്ടി മുസ്ലിയാരുടെ ത്യാഗ സ്മരണകളെ ചവിട്ടി മെതിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കക്കോവിൽ പള്ളിയിലുണ്ടായ അക്രമ സംഭവങ്ങൾ. സർക്കാറും പൊലീസും വഖഫ് ബോർഡുമെല്ലാം ഇവിടത്തെ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കണണമെന്നും സമാധാനം വീണ്ടെടുക്കണമെന്നുമാണ് മഹല്ല് നിവാസികളുടെ ആവശ്യം.