കോട്ടയം: ഞരമ്പന്മാർ ഏറെയും സോഷ്യൽ മീഡിയയിലൂടെയാണ് അവരുടെ ആത്മസംതൃപ്തി നേടിയെടുക്കുന്നത്. പൊതു സ്ഥലങ്ങളിൽ മറ കിട്ടുന്നതനുസരിച്ച് സ്ത്രീ ശരീരത്തിൽ തൊട്ടുതലോടുന്നതും കമന്റുകൾ പറയുന്നതും സ്വാഭാവികമാണ്. എന്നാൽ പെൺകുട്ടികളുടെ മുന്നിൽ സ്വന്തം നഗ്‌നത പ്രദർശ്ശിപ്പിക്കുകയും അവരുടെ മുൻപിൽ വച്ച് തന്നെ സ്വയംഭോഗം ചെയ്യുകയും ചെയ്താലോ? അതിനുള്ള മറുപടി ഈരാറ്റുപേട്ടയിൽ വച്ച് കോളേജ് വിദ്യാർത്ഥിനി കാട്ടികൊടുത്തു. ബസിൽ വിദ്യാർത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത ഞരമ്പന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും അത് വഴി അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയുടെ മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത ലോറി ഡ്രൈവറായ തൊടുപുഴ വണ്ണപ്പുറം നാൽപ്പതേക്കർ തെള്ളിയിൽ വീട്ടിൽ ഫിജോ (31) യെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം. മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ പഠിക്കുന്ന വിദ്യാർത്ഥിനി കോട്ടയത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട ബസ് സ്റ്റാന്റിലെത്തിയപ്പോൾ ബസ് ഇരുപത് മിനിട്ടോളം നിർത്തിയിട്ടിരുന്നു. ഈ സമയം ബസിൽ യുവാവും വിദ്യാർത്ഥിനിയും അൻപത് വയസോളം പ്രായം ചെന്ന സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ബസിന്റെ മുന്നിൽ നിന്നും ഇടതുവശത്തെ രണ്ടാമത്തെ സീറ്റിലിരുന്ന യുവാവ് ഡ്രൈവർ സീറ്റിന് തൊട്ടു പിന്നിൽ ഇരുന്ന പെൺകുട്ടിയെ നോക്കി സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഇയാളുടെ വശത്തുള്ള ഷട്ടർ താഴ്‌ത്തി വച്ചിട്ടായിരുന്നു കലാപരിപാടി. ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും സുഹൃത്ത് വഴി സോഷ്യൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ' ആ സമയം എന്ത് ചെയ്യണമെന്ന് ഒരു ഊഹവുമില്ലായിരുന്നു. ഞാനും എന്റെ കൂടെയുള്ള ചേച്ചിയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്നു. ബസിൽ മറ്റാരുമില്ല. പെട്ടെന്ന് കോളേജിൽ വുമൺ എൻവയോൺമെന്റിന്റെ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു. ഉടൻ മൊബൈൽ എടുത്തു ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

പിന്നീട് ദൃശ്യങ്ങൾ എന്റെ സുഹൃത്തിന് കൈമാറുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. പിന്നീട് കോട്ടയത്തുള്ള ആരതി റോബിൻ എന്ന ചേച്ചി എന്നെ ഫോണിൽ ബന്ധപ്പെടുകയും പരാതി നൽകാൻ ധൈര്യം നൽകുകയുമായിരുന്നു. ഇത്തരത്തിൽ ഒരനുഭവം മറ്റാർക്കും വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനൊക്കെ കാണിച്ചത്. വീട്ടിൽ അറിഞ്ഞാൽ വഴക്ക് പറയുമെന്ന പേടിയുണ്ടായിരുന്നു. എന്നാൽ എല്ലാം അറിഞ്ഞപ്പോർ അവർ കൂടെ തന്നെ നിന്നു.' ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിനി മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത് സാമൂഹിക പ്രവർത്തകയായ ആരതി റോബിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റായിരുന്നു. പൊതു ഇടത്തിൽ ആഭാസത്തരം കാട്ടിയ ഇയാളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഹ്വാനം ചെയ്ത് ഈ ദൃശ്യങ്ങൾ അവർ ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്തു. മംഗളം എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഈ ദൃശ്യങ്ങൾ പകർത്തിയതെന്ന് ഇതിനിടെ ആരതി തന്നെ കണ്ടെത്തി. പിന്നീട് പെൺകുട്ടിയുമായി സംസാരിക്കുകയും ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ പരിതിയിൽ നടന്ന സംഭവമല്ലാഞ്ഞതിനാൽ ഇവിടെ നിന്നും ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് പരാതി ട്രാൻസ്ഫർ ചെയ്തു.

ഇയാളെ പറ്റിയുള്ള വിവരങ്ങൾ ഫെയ്‌സ് ബുക്കിൽ തിരിച്ചറിഞ്ഞ ദീപിക സബ് എഡിറ്റർ ഇബിൻ കാണ്ടാവനം ആരതിയെ അറിയിച്ചു. തുടർന്ന് ആരതി ഈരാറ്റുപേട്ട എസ്.ഐ. എം.എസ് രാജീവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. ഇന്നലെ വൈകിട്ട് തൊടുപുഴ വണ്ണപ്പുറത്ത് വച്ച് ഫിജോയെ ഈരാറ്റുപേട്ട എസ്.ഐ എം.എസ്.രാജീവ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൂഷണത്തിന് വിധേയരാകുന്ന പെൺകുട്ടികൾ പ്രതികരിക്കാതെ ഇരിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ ഉറക്കെ ഒന്നു ശബ്ദമുയർത്തിയാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്ന് വിദ്യാർത്ഥിനി പറയുന്നു.