ന്റമ്മേ! കത്തിയെന്നൊന്നും പറഞ്ഞാൽ പോര. കൊടുവാൾ എന്നോ ഈർച്ചവാളെന്നോ ബുൾഡോസറെന്നോ ഒക്കെ പറയേണ്ടി വരും. ബാഹുബലിയിലെ കാലകേയപ്പടപോലെ, വിചിത്രമായ ആയുധങ്ങളുമായി മുന്നിലേക്ക് ഓടിവരുന്ന പത്ത്‌നാൽപ്പത്തിയഞ്ചുപേരെ ഒരുത്തൻ അടിച്ചങ്ങ് പഞ്ചറാക്കുകയാണ്.മനുഷ്യനെ എടുത്ത് ഇലട്രിക്ക് കമ്പികളിലേക്ക് എറിയുന്നു, പാറക്കല്ലുകൾ ചവിട്ടി ആകാശത്തോളം തെറിപ്പിക്കുന്നു, കമ്പിപ്പാര കൈകൊണ്ട് അടിച്ച് പൊട്ടിക്കുന്നു. നമ്മുടെ നരസിംഹത്തിലെ ലാലേട്ടന്റെ കത്തിയൊക്കെയെന്ത്?....

ഇതാണ് തെലുങ്ക് കത്തി. പൊട്ടിവീഴുന്ന പാറക്കൂട്ടങ്ങളെ ഒരു കൈകൊണ്ട് താങ്ങുന്ന ചിരംജീവി യുഗത്തിൽനിന്ന് തെലുങ്ക് സിനിമ ഏറെ അധികമെന്നും ഇപ്പോഴും പോയിട്ടില്‌ളെന്ന് മനസ്സിലാക്കാം; നമ്മുടെ മോഹൻലാൽ തുല്യവേഷത്തിലത്തെുന്നെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കോരട്‌ലാ ശിവ എഴുതി സംവിധാനം ചെയ്യ ജനതാഗാരേജ് കണ്ടുനോക്കൂ.

ആദ്യമേ തന്നെ പറയട്ടേ. ഇതൊരു തെലുങ്ക് മസാല ചിത്രം മാത്രമാണ്. മോഹൻലാൽ ഈ പടത്തിൽ തുല്യറോളിൽ ഉണ്ടെന്ന് പറയുന്നതും പ്രചാരണം മാത്രമാണ്.ആദ്യത്തെ ഇരുപതുമിനുട്ടുകഴിഞ്ഞാൽ കഥാഗതി നായകനായ ജൂനിയർ എൻ.ടി.ആറിന്റെ കൈയിൽ വന്നുചേരുകയാണ്. പിന്നെ ലാൽ വെറും നോക്കുകുത്തി. (അതിനായി കഥയിൽ ഒരു വാഹനാപകടം കൊടുത്ത് ലാലിന് അനാരോഗ്യവും വരുത്തുന്നുണ്ട്.) ഇടക്കും വന്നും പോയും ഇരിക്കും.ബാക്കിയുള്ള സമയത്ത് മുഴുവൻ യഥാർഥ നായകൻ ജൂനിയർ എൻ.ടി.ആറിന്റെ സംഘട്ടന പരാക്രമങ്ങളാണ്. അതിലൊന്നാണ് തുടക്കത്തിൽ വിവരിച്ചത്.

ഇനി സംഘട്ടന കത്തിയിൽ മാത്രം ഒതുങ്ങുന്നില്ല ചിത്രത്തിന്റെ ന്യൂനതകൾ. ഒരു സീൻപോലും പ്രേക്ഷകരുടെ ഉള്ളുലക്കുന്ന രീതിയിൽ എടുക്കാൻ സംവിധായകന് ആയിട്ടില്ല. ഒട്ടും പുതുമയില്ലാത്ത കഥ അരോചകമായ ദൃശ്യഭാഷയിൽ എടുത്തിരിക്കുന്നു.മാത്രമല്ല, പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതിയിലുള്ള കാടൻ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന, അർധ ഫാസിസത്തിന് വിത്തേകുന്ന ജനാധിപത്യ വിരുദ്ധമായ ചലച്ചിത്ര ദർശനവും ഈ പടം മുന്നോട്ടുവെക്കുന്നു.ഇതുവച്ചു നോക്കുമ്പോൾ ലാലിന്റെ മുൻ തെലുങ്ക് ചിത്രമായ വിസ്മയം എന്ന മനമന്ദയൊക്കെ സ്വർഗമായിരുന്നു.

തട്ടുപൊളിപ്പൻ കഥയിൽ ഏച്ചുകെട്ടിയ സംവിധാനം

ഈ പടത്തിലെ കഥ നാം നൂറ്റിയൊന്ന് ആവർത്തി കേട്ടതാണെന്ന് പറഞ്ഞാൽ ശരിയാവില്ല. അത് കാക്കാത്തൊള്ളായിരം ആക്കേണ്ടിവരും. ഗോഡ്ഫാദർ എന്ന മരിയോ പൂസോയുടെ വിഖ്യാതമായ രചനവച്ച് ഇറങ്ങിയ നൂറായിരം ഗ്യാങ്ങ്സ്റ്റർ സിനിമകളുടെ വികൃതമായ കുടുംബ വേർഷനാണ് ജനതാ ഗാരേജ്. വിജയും മോഹൻലാലും ഒന്നിച്ച 'ജില്ല' എന്ന തമിഴ് ചിത്രവുമായി നല്ല സാദൃശ്യം ഈ പടത്തിനുണ്ട്. ജില്ലയിലേതുപോലെ ഒരു ഫ്‌ളാഷ്ബാക്ക് വിവരണത്തിൽ നിന്നാണ് മോഹൻലാലിന്റെ സത്യ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

ഹൈദരാബാദിലെ ഏറ്റവും വിഖ്യാതമായ വർക്ക്‌ഷോപ്പാണ് ജനതാ ഗാരേജ്. ഇവിടെ എല്ലാം അറ്റകുറ്റപ്പണികളും നടത്തുമെന്നതാണ് ഗാരേജിന്റെ ടാഗ് ലൈൻ.ഇടക്ക് വാഹനങ്ങളെ വിട്ട് സമൂഹത്തിൽ ചില അറ്റകുറ്റപ്പണികൾക്ക് അവർ ഇറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ഗാരേജിന് നാഥനാണ് മോഹൻലാലിന്റെ സത്യം. പതിവുപോലെ നാട്ടുകാരുടെ പരാതികേട്ട് നീതി നടപ്പാക്കാൻ നിയുക്തനായ ഗോഡ്ഫാദർ. പാവങ്ങൾക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും അവർ നീതിക്കായി എത്തുക ജനതാ ഗ്യാരേജിലാണ്.അതുകൊണ്ടുതന്നെ നാട്ടുകാർക്കിടയിൽ അനീതിയെ ചെറുത്തുകൊണ്ട് സമാന്തര ഭരണകൂടമായി വളരുകയാണ് സത്യ.അയാൾ കൊല്ലേണ്ടവരെ കൊല്ലും, തല്ലി അനുസരിപ്പിക്കേണ്ടവരെ അങ്ങനെയും.

പക്ഷേ ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണുന്ന പരിപാടിക്ക് അയാൾ കാശ് വാങ്ങില്ല. അത് സേവനം മാത്രം.ഈ രീതികൾകൊണ്ട് സത്യക്ക് ഒരു പാട് ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അയാളുടെ അനിയനെയും (റഹ്മാൻ) ഭാര്യയെയും ശത്രുക്കൾ വെടിവച്ചുകൊല്ലുന്നു. ഒരിക്കൽ ഒരു വാഹനാപകടത്തിൽപെടുത്തി അയാളെതന്നെ ഇല്ലാതാക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു.

ഇങ്ങനെ സത്യത്തിന് ഗുരുതരമായി പരിക്കേറ്റതോടെ ജനതാ ഗാരേജിന്റെ സാമൂഹിക സേവനം ഇല്ലാതാവുന്നു. സത്യത്തോട് കലഹിച്ച് അയാളുടെ മകൻ ( ഉണ്ണിമുകന്ദൻ) കോർപ്പറേറ്റ് പാളയത്തിൽ എത്തിപ്പെടുകയും കൂടിയായതോടെ, ജനതാ ഗാരേജിന്റെ പതനം പൂർണമാവുന്നു. അപ്പോഴാണ് മുംബൈയിൽനിന്ന് ഹൈദരബാദിലേക്ക് ഗവേഷണത്തിനായി എത്തിയ ഒരു പരിസ്ഥിതി വിദ്യാർത്ഥിയായ ആനന്ദ് ( ജൂനിയർ എൻ.ടി.ആർ) ഗാരേജിൽ എത്തുന്നത്.സത്യത്തിന്റെ താൽപ്പര്യപ്രകാരം അയാൾ ഗാരേജിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ പഴയ പടിയാവുകയാണ്.(ഈ ആനന്ദ് ആരാണെന്നൊക്കെ വഴിയെ മനസ്സിലാവും.അതും രക്ത ബന്ധങ്ങൾവച്ചുള്ള പഴയ തെലുങ്ക് നമ്പർ) പിന്നീടങ്ങോട്ട് ജൂനിയർ എൻ.ടി.ആറിന്റെ നേതൃത്വത്തിൽ അടിയോടിയാണ്.ദുഷ്ടതക്കുമേൽ സത്യം ജയിക്കുന്ന പതിവ് തെറ്റരുത്. ഒപ്പം സ്വന്തം മകനാണെങ്കിലും വഴിതെറ്റിയാൽ തിരുത്താൻ ശ്രമിക്കാതെ കൊന്നുകളയണമെന്ന ഫാസിസ്റ്റ് ആശയവും ചിത്രം പറയാതെ പറയുന്നു.

അതുതന്നെയാണ് ഈ സിനിമ പ്രവഹിപ്പിക്കുന്ന ഏറ്റവും വലിയ മാല്യന്യങ്ങളിൽ ഒന്നായി തോന്നുന്നതും. ഭരണകൂടം അഴിമതിയിൽ മുങ്ങിത്താഴ്ന്നിരിക്കയാണെന്നും, അതിനാൽ നിങ്ങൾക്ക് ഒരിക്കലും നീതികിട്ടില്‌ളെന്നും, കൊലക്ക് കൊല തന്നെയാണ് പോംവഴിയെന്ന് ഒരു വിറയലുമില്ലാതെ ഈ പടം പറയുന്നു.ഒരാൾക്ക് ഒരു പ്രശ്‌നമുണ്ടായാൽ പൊലീസ്, കോടതി,പൊതുസമൂഹം എന്നിവയൊന്നും സഹായിക്കില്‌ളെന്നും അർധ ഗുണ്ടാ സ്വഭാവമുള്ള കൈയൂക്ക് ഗാങ്ങുകളാണ് പരിഹാരമെന്നും സൂചിപ്പിക്കുന്ന വെള്ളരിക്കാപ്പട്ടണത്തിലാണ് ഈ പടത്തിലെ സംവിധായകന്റെ തലച്ചോറ് കിടക്കുന്നത്! വിചാരണയടക്കമുള്ള മനുഷ്യാവകാശങ്ങൾ പ്രതിക്കും അക്രമിക്കുമൊന്നും ബാധകമല്‌ളെന്നാണ് ജനതാ ഗാരേജിന്റെ നിലപാട്.എന്തിന് വഴിതെറ്റിപ്പോയ സ്വന്തം മകനെ തലക്കടിച്ച് കൊന്ന് സമാധാനമായി ദീപാവലി ആഘോഷിക്കുന്ന പിതാവിനെയും, നിങ്ങൾക്ക് ഈ പടത്തിലല്ലാതെ ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല!

ഇനി ഈ അർധ ഫാസിസ്റ്റ് ആശയത്തെ ഒളിപ്പിച്ചുകടത്താൻ നമ്മുടെ സംവിധായകൻ നായകന്റെ പരിസ്ഥിതി പ്രേമത്തെയാണ് കൂട്ടുപിടിക്കുന്നത്. ആദ്യ പകുതിയിൽ ഫ്‌ളാറ്റുകളിലൊക്കെ ചെടിയുമായി ചെന്ന് എല്ലാവരെയും മരം നടാൻ പ്രോൽസാഹിപ്പിക്കുന്ന നായകനാണ് രണ്ടാം പകുതയിൽ നിഗ്രഹവേഷം എടുത്തണിയുന്നത്.ഈ മാറ്റത്തിനൊന്നും പ്രത്യേകിച്ചൊരു കാരണം പറയാനും സംവിധായകന് ആവുന്നില്ല.

മലയാളി പ്രേക്ഷകരോട് മോഹൽലാൽ മാപ്പു പറയുമോ?

രാജമൗലിയുടെയും രാംഗോപാൽ വർമ്മയുടെയും ഏതാനും സൃഷ്ടികൾ മാറ്റി നിർത്തയാൽ,ലോകത്തിലെ ഏറ്റവും നിലവാരമില്ലാത്ത ചിത്രങ്ങൾ ഇപ്പോഴും ഇറങ്ങുന്ന ഇടമാണ് തെലുങ്ക് മുഖ്യധാരാ സിനിമ. അല്ലു അർജുനന്റെയും പവൻകല്യാണിന്റെയും മഹേഷ് ബാബുവിന്റെയുമൊക്കെ പെരും കത്തികൾ കണ്ടാൽ നമ്മൾ ചിരിച്ച് ചാവും. അതുകൊണ്ടുതന്നെ അത്യാവശ്യം തലക്കകത്ത് ആൾതാമസമുള്ള മലയാളികൾ ആരും തെലുങ്ക് ചിത്രത്തിന് ടിക്കറ്റ് എടുക്കാറില്ല.ഇവിടെയാണ് മോഹൻലാൽ മലയാളികളോട് ചെയ്ത ചതി.ഒരു സീൻപോലും വൃത്തിയായി എടുത്തിട്ടില്ലാത്ത ഈ പടത്തിന് നമ്മൾ ടിക്കറ്റ് എടുത്തത്ത് മോഹൻലാൽ എന്ന നമ്മുടെ പ്രിയ നടൻ ഉള്ളതുകൊണ്ട് മാത്രമാണെല്ലോ.

അസ്വഭാവികമായ അഭിനയ രീതികൾമാത്രം കണ്ടു ശീലിച്ച തെലങ്ക് ചലച്ചിത്രപ്രേമികൾക്ക് ലാലിന്റെ സ്വാഭാവികമായ അഭിനയം വലിയ സംഭവമായിരിക്കും. അവരത് നവ മാദ്ധ്യമങ്ങളിലൂടെയും മറ്റും നന്നായി ആഘോഷിക്കുന്നു.ഇത്രയും വലിയൊരു നടൻ ഇത്രകാലവും എവിടെയായിരുന്നു എന്ന മട്ടിലാണ് തെലുങ്ക് മാദ്ധ്യമങ്ങളിലെ പ്രചാരണം. ഇതും ജനതാഗാരേജിന്റെ സാമ്പത്തിക വിജയത്തിൽ വലിയൊരു പങ്ക് നിർവിച്ചിട്ടുണ്ട്. ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വലിയ ഹാപ്പിയിലാണ്.ചിത്രം വൻ സാമ്പത്തിക വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

പക്ഷേ മലയാളികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ? നമ്മുടെ പ്രഗൽഭനായ ഒരു നടൻ അന്യഭാഷയിൽപോയി ഇതുപോലൊരു പക്കാ ഇടിപ്പടത്തിന് തലവെക്കേണ്ട കാര്യമുണ്ടായിരുന്നോ?അതായത് മോഹൻലാലിന്റെ പേരിൽ പരസ്യം ചെയ്ത്, കേരളത്തിലെ വിപണികൂടി പിടക്കാനുള്ള തന്ത്രംമാത്രമാണ് ഈ പടം പയറ്റിയത്.വിജയ് നായകനായ ജില്ല എന്ന തമിഴ് പടത്തിലും ഇതുപോലെ മോഹൻലാലിനെ കൊണ്ടിട്ട് അപമാനിക്കയായിരുന്നു. ജില്ലയിലും കഥ തുടങ്ങുന്നത് ലാലിലൂടെയാണ്. പിന്നെ അദ്ദേഹത്തെ ഒരു വശത്തേക്ക്മാറ്റി വിജയ് അടിച്ചു കയറുന്നു. മോഹൻലാൽ മുമ്പ് അഭിനയിച്ച കന്നഡ പടത്തിലും അവിടുത്തെ സൂപ്പർസ്റ്റാർ പുനിത് രാജ്കുമാറാണ് നിറഞ്ഞു നിൽക്കുന്നത്.

ഇത് മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം, അനിയത്തിയെ കാട്ടി ചേട്ടത്തിയെ കെട്ടിക്കുന്നതിന് തുല്യമാണ്. ഈ രീതിയിൽ അപമാനിതനാവേണ്ട ആൾ അല്ല മലയാളത്തിന്റെ അതുല്യ നടൻ.അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തെലുങ്ക് പടമാണെന്ന് പറഞ്ഞ് മലയാളികളായ തന്റെ ലക്ഷക്കണക്കിന് ആരാധകരോട് മാപ്പുപറയുകായാണ് സത്യത്തിൽ മോഹൻലാൽ ചെയ്യേണ്ടിയിരുന്നത്!

ഇനി ലാലിന്റെ അഭിനയത്തികവിനുമുന്നിൽ ഇവരൊക്കെ വട്ടപൂജ്യങ്ങളാണെന്നത് വേറെ കാര്യം. സദാ അർശസിന്റെ അസുഖമുള്ളതുപോലെ തോനുന്ന എന്തോ ഒരു മുഖഭാവത്തോടെയാണ് ജൂനിയർ എൻ.ടി.ആറിന്റെ നടത്തം.ആക്ഷൻരംഗങ്ങളിലും നൃത്തരംഗങ്ങളിലുമല്ലാതെ ഒരിടത്തും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല.ഇയാൾ കരഞ്ഞുകൊണ്ട് ഭാവാഭിനയം കാഴ്ചവെക്കുമ്പോൾ മലയാളി പ്രേക്ഷകർ ചിരിക്കുകയാൺ കൈകൾ എന്തുചെയ്യണമെന്ന് അറിയാത്തതിനാൽ സദാ പോക്കറ്റിൽ കൈയിട്ടുകൊണ്ടുള്ള ആ ഭാവാഭിനയമൊക്കെ കാണണം!
എന്തിന് ജൂനിയർ എൻ.ടി.ആറിനെ മാത്രം കുറ്റം പറയണം. ഇതിൽ നടിച്ച ഒരു തെലുങ്ക് നടനും നടിയും നന്നായിട്ടില്ല.('മലരേ' എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടപ്പോഴുണ്ടായ ട്രോളുകൾ ഓർക്കുക)നമ്മുടെ സിത്താര ഉൾപ്പടെ.ചാവികൊടുത്താൽ കറങ്ങുന്ന പാവയെപ്പോലെയാണ് ഇതിൽ സിത്താരയുടെയൊക്കെ പ്രകടനം.ജനതാ ഗാരേജിലെ മറ്റു നടന്മാർക്ക്, സദാ കണ്ണുരുട്ടി നോക്കുന്ന എന്തോ അസുഖമുള്ളപോലെയാണ് പ്രേക്ഷകർക്ക് തോന്നുക. പച്ചാളം ഭാസി പറഞ്ഞപോലെ പശു ചാണകമിടുന്ന മുഖഭാവത്തോടെയുള്ള അഭിനയവും. പ്രത്യേകിച്ചൊരു കാരണവുമില്ലായെ വില്ലനായിപ്പോയ ഉണ്ണിമുകന്ദനാണ് തമ്മിൽ ഭേദം. റഹ്മാൻ ഏതാനും സീനുകളിലേ ഉള്ളൂ.

പക്ഷേ വിസ്മയം എന്നപേരിൽ തെലുങ്കിൽ ഇറങ്ങിയ മുൻ ചിത്രം മനമന്ദയുമായി തട്ടിച്ചുനോക്കുമ്പോൾ മോഹൻലാലിന്റെ ഈ ചിത്രത്തിലെ പ്രകടനം, ആരാധക എഴുത്തകാർ പൊക്കിവിടുന്നപോലെ, നമ്മുടെ ദശരഥത്തിന് സമാനമായ മഹത്തായ പ്രകടനമായൊന്നും പറയാൻ കഴിയില്ല. പക്ഷേ ഉള്ളത് വൃത്തിക്കും റിയലിസ്റ്റിക്കായിട്ടും അദ്ദേഹം ചെയ്തിട്ടുണ്ട്.അല്‌ളെങ്കിൽ ഏത് സിനിമയിലാണ് ലാൽ മോശമായെന്ന് പറയാൻ കഴിയും.പക്ഷേ ഇത് ലാലിന്റെ അവിസ്മരണീയ അനുഭവ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് എന്ന് പറയുന്നതൊക്കെ വെറും ചീപ്പ് ബഡായികൾ മാത്രമാണ്.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. സാമന്തയും നിത്യാ മേനോനും. ഇതിൽ കുറഞ്ഞ സീനുകളിൽ മാത്രമുള്ള നിത്യ മോശമായില്ല. സാമന്തയുടെ വൈകാരിക രംഗങ്ങൾ ഡബ്ബിങ്ങിലെ അപക്വത കൂടിയാരവുമ്പോൾ ഒന്നാന്തരം കോമഡിയാവുന്നു. ചിത്രത്തിന്റെ പൊതുഘടന അന്യർഥമാക്കുന്ന അർഥം വരുന്ന 'പക്കാ ലോക്കൽ പക്കാ ലോക്കൽ' എന്നു തുടങ്ങുന്ന ഒരു ഐറ്റം ഡാൻസിന് കാജൽ അഗർവാൾ, മാനാഞ്ചിറ മൈതാനംപോലെ വിശാലമായ വയർ കാണിച്ച്, കുട്ടിയുടപ്പിട്ട് അറുവഷളനായി രംഗത്തത്തെുന്നുണ്ട്.

വാൽക്കഷ്ണം: പവൻ കല്യാൺ ആണോ ജൂനിയർ എൻ.ടി.ആർ ആണൊ മികച്ച നടൻ എന്ന തർക്കത്തിന്റെ പേരിൽ ഈയിടെ ഒരാൾ കൊല്ലപ്പെട്ട സ്ഥലമാണ് ഈ തെലങ്കുനാട്. നമ്മുടെ താരാധനയല്ല അവിടെയെന്ന് വ്യക്തം.രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിലുള്ള അതിർ വരമ്പുകൾ കുറവായ അവിടെ ചലച്ചിത്രങ്ങൾ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾവച്ചുകൊണ്ട് കൂടി നിർമ്മിക്കപ്പെടുന്നതാണ്.നന്ദാമുറി താരക രാമറാവു ജൂനിയർ എന്ന എൻ.ടി.ആർ ജൂനിയർ, തെലുങ്ക് സിനിമയിലെ അതികായനും ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.രാമറാവുവിന്റെ കൊച്ചുമകനുമാണ്. അതായത് തെലുഗുദേശത്തിന്റെ ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.അതുകൊണ്ടുതന്നെ ഇതുപോലൊരു രാഷ്ട്രീയ ദുരുദ്ദേശ ചിത്രത്തിന് പിന്നിൽ ജൂനിയർ എൻ.ടി.ആറിനും വ്യക്തമായ കാഴ്ചപ്പാടുണ്ടാവാം. നമുക്ക് പൊട്ടയെന്ന് തോനുന്ന പല രംഗങ്ങൾക്കുപിന്നിലും കൃത്യമായ അജണ്ടയുണ്ടാവാം.അതൊന്നും കണക്കാക്കാതെ നമ്മുടെ മഹാനടനമ്മാർ ഇത്തരം അസംബദ്ധങ്ങൾക്ക് നിന്നുകൊടുക്കേണ്ടതുണ്ടോ.ഇനിയൊരു തെലുങ്കു ചിത്രം ചെയ്യുന്നതിനുമുമ്പ് ലാലേട്ടന് മൂന്നുവട്ടം ചിന്തിക്കാനുള്ള ബുദ്ധിയുണ്ടാവണേ...