തിരുവനന്തപുരം: കേരളവുമായി ഏറെ നാളത്തെ ബന്ധമുള്ള വ്യക്തിയാണ് വിദ്യാഭ്യാസ വിചക്ഷണനും, നരവംശശാസ്ത്രജ്ഞനും സസ്സക്സ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമായ ഫിലിപ്പോ ഓസെല്ലയ്ക്കുള്ളത്. കേരളത്തിലെ ഗ്രാമീണ ജീവിതത്തെ കുറിച്ച് അദ്ദേഹം വിപുലമായ ഒരു ഗവേഷണം നടത്തിയിരുന്നു. ഒരു കാലത്ത് അസ്പർശ്യരായിരുന്ന ഒരു വിഭാഗം ജനങ്ങളുടെ ഇന്നത്തെ സാമൂഹ്യസ്ഥിതിയും, അവരുടെ അസ്തിത്വബോധവും അതുപോലെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വർഗ്ഗീകരണവുമൊക്കെ പഠനവിഷയമാക്കി 2000 ൽ സോഷ്യൽ മൊബിലിറ്റി ഇൻ കേരള എന്നൊരു പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതുപോലെ പുരുഷമേധാവിത്വ സങ്കല്പങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് മെൻ ആൻഡ് മസ്‌കുലിനിറ്റി ഇൻ സൗത്ത് ഇന്ത്യ എന്നൊരു ഗ്രന്ഥം 2007 ലും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിലെ മുസ്ലീങ്ങളിലെ വർത്തമാനകാല പരിവർത്തനങ്ങൾ എന്നൊരു വിഷയത്തിലും അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. കേരളവും ഗൾഫ് രാജ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഈ ഗവേഷണം നടത്തിയിരുന്നത്.

സസ്സ്‌കസ് യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്താൽ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി ഈ മേഖലയിൽ വരുത്തേണ്ട നവീകരണത്തെ കുറിച്ചുള്ള ഒരു പഠനത്തിലാണ് ഓസെല്ല. സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാങ്ങളെ കുറിച്ചും, മത്സ്യ സമ്പത്തിന്റെ ലഭ്യതയെ കുറിച്ചുമൊക്കെ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം വിവരം ലഭിക്കുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ കോർത്തിണക്കി, ഈ രംഗത്ത് സുസ്ഥിരമായ ഒരു വികസനം കൊണ്ടു വരിക എന്നതാണ് ഈ പഠനത്തിൽ ഉദ്ദേശിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ വിമാനത്താവളത്തിൽ തടയുകയും വിസ റദ്ദാക്കി തിരികെ വിടുകയും ചെയ്തത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ് കേരള സർവകലാശാലയൂണിവേഴ്സിറ്റി ഓഫ് സസ്സ്‌കസും ചേർന്നാണ്ഈ സെമിനാർ സംഘടിപ്പിക്കുന്നത് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ ശാസ്ത്രജ്ഞനെ തിരിച്ചയച്ചതെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അദ്ദേഹത്തെ തിരിച്ചയയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെതിരെ പ്രൊഫസർ ഓസെല്ല പ്രതിഷേധിച്ചെങ്കിലും ദുബായിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിൽ അദ്ദേഹത്തെ കയറ്റി അയയ്ക്കുകയായിരുന്നു.