ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്‌സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ബ്ലാക്ക് സാൻഡിന്. 'നേച്ചർ ഡോക്യുമെന്ററി' വിഭാഗത്തിലെ ഏറ്റവും മികച്ച ഡോക്യുമെന്ററി ആയാണ് ബ്ലാക്ക് സാൻഡ് തെരഞ്ഞെടുക്കപ്പെട്ടത്

നേരത്തേ എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവൽ എന്നിവയിലെ ഡോക്യുമെന്ററി വിഭാഗത്തിലേയ്ക്കും ബ്ലാക് സാൻഡ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് എന്ന പ്രദേശം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം.

ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ ദുരിതപൂർണ്ണമായ അവസ്ഥയുടെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ലഘുചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു . ' ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാർക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാൾവഴികൾ, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതൽ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ വരെ ഈ ലഘു ചിത്രത്തിൽ വിശദമാക്കിയിട്ടുണ്ട്. നിരവധി വീഡിയോകൾ ഈ വിഷയം സംബന്ധിച്ച് നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും അവയൊന്നും പറയാത്ത നിരവധി കാര്യങ്ങൾ ബ്‌ളാക്ക് സാൻഡി ൽ ഉൾക്കൊള്ളിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് പക്ഷത്ത് ചേരാതെ, ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ സത്യസന്ധമായ ജനങ്ങളിലേക്ക് എത്തിക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കാൻ സാധിച്ചതിനുള്ള അംഗീകാരമായി കൂടി ഈ നേട്ടത്തെ ഞങ്ങൾ വിലയിരുത്തുന്നു ' അദ്ദേഹം പറഞ്ഞു.

അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി അതുൽ, അരുൺ സുഗതൻ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യുസേഴ്‌സ്. ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു. ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മൊഴിമാറ്റം നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.