തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താരത്തിളക്കം ഉറപ്പാണ്. അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയക്കരുത്തിൽ കെബി ഗണേശ് കുമാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി എംഎൽഎയും മന്ത്രിയുമായി. ഇത്തവണയും ഗണേശ് മത്സരിക്കും. ഗണേശിന് പുറമേ വെള്ളിത്തിരയിലെ സുപ്പർ താരങ്ങളും മത്സരിക്കാനെത്തും. ബിജെപി ടിക്കറ്റിൽ സുരേഷ് ഗോപിയും മേജർ രവിയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ സുരേഷ് ഗോപിയുടെ കാര്യത്തിൽ ഉറപ്പില്ല. എന്നാൽ മേജർ രവി മത്സരത്തിന് തയ്യാറാണ്.

സിപിഐ(എം) നേതൃത്വവും ചില സിനിമാക്കരുടെ പേരുകൾ പരിഗണിക്കുന്നു. ശ്രീനിവാസനും മുകേഷുമാണ് പ്രധാന പേരുകാർ. ഇതിൽ ശ്രീനിവാസൻ മത്സരിക്കാൻ ഇല്ലെന്ന് തുറന്നു പറഞ്ഞു. അപ്പോഴും സിപിഐ(എം) പ്രതീക്ഷയിലാണ്. അവർ ശ്രീനിവാസന് വേണ്ടി ചരട് വലികൾ തുടരുന്നു. തൃപ്പുണ്ണിത്തുറയിൽ ശ്രീനിവാസനെ മത്സരിപ്പിക്കാനാണ് നീക്കം. ഇടത് പക്ഷത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് മുകേഷ്, സിപിഐയുടെ സ്ഥാനാർത്ഥിയായി മുകേഷ് ഇത്തവണ എത്തുമെന്നാണ് സൂചന.

കലാഭവൻ മണിയെ പോലുള്ളവരുടെ പേരും സിപിഐ(എം) പരിഗണിക്കുന്നു. സംവിധായകനായ ബി ഉണ്ണിക്കൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന പേരുകളാണ്. കോൺഗ്രസ് നടൻ സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജഗദീഷും മത്സരിക്കാൻ സാധ്യതയുള്ള സിനിമാ താരമാണ്. ടി.പി. ശ്രീനിവാസനെ പോലുള്ള വ്യക്തികളുടെ പേരുകളും കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രചരിക്കുന്നുണ്ട്.

നിർണായകമായ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക എന്നതിലപ്പുറം പരമാവധി നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന ബിജെപിയിലും ഗ്ലാമർ താരങ്ങളുടെ സാന്നിധ്യമുണ്ടാകും. നടൻ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം നേരത്തെതന്നെ ശക്തമാണ്. വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ കൂടിയായ ജസ്റ്റിസ് ഡി. ശ്രീദേവി, ചലച്ചിത്ര സംവിധായകൻ മേജർ രവി എന്നിവരും സ്ഥാനാർത്ഥികളാകുമെന്നാണ് സൂചന്. ഇവരെ അനുയോജ്യമായ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളായി പരിഗണിക്കുമെന്നാണ് അഭ്യൂഹം.

സുരേഷ് ഗോപിയെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ, ജസ്റ്റിസ് ശ്രിദേവി, മേജർ രവി എന്നിവരുടെ മണ്ഡലങ്ങൾ ഏതാണെന്ന് ഉറപ്പായിട്ടില്ല. മേജർ രവിയെ തൃപ്പുണ്ണിത്തുറയിൽ മത്സരിപ്പിക്കാൻ സാധ്യത ഏറെയാണ്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സിനിമാ താരം കൊല്ലം തുളസിയും മത്സരിക്കാൻ സാധ്യതയുണ്ട്.