- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധുരരാജാ മുതൽ മിന്നൽ മുരളി വരെ; ബൈജൂസും ആപ്പും ചെന്നൈ സിൽക്ക്സും എലൈറ്റ് കേക്കും അടക്കം പരസ്യചിത്രങ്ങളും; ആയിരം രൂപ നിർമ്മാതാക്കൾ കൊടുത്താൽ 500 രൂപ ഇടനിലക്കാർ കൈക്കലാക്കും; കാശ് കൊടുക്കാതെ കോട്ടയത്തെ നിർദ്ധനരായ കുട്ടികളെ പറ്റിച്ച കഥ
കോട്ടയം: നിർദ്ധന വിദ്യാർത്ഥികൾക്ക് തക്കതായ പ്രതിഫലം നൽകാതെ സിനിമാ - പരസ്യ നിർമ്മാതാക്കൾ കബളിപ്പിച്ചതായി ആരോപണം. മുളക്കുളം പഞ്ചായത്ത് കീഴൂർ തണങ്ങാട്ടുചിറ വീട്ടിൽ മണിക്കുട്ടൻ വിശാലം ദമ്പതികളുടെ മക്കളായ മിഥുൻ(ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി), വിസാദ്(ആറാം ക്ലാസ്സ് വിദ്യാർത്ഥി), മവീജിക( ഒന്നാംക്ലാസ്സ് വിദ്യാർത്ഥി) എന്നിവരെയാണ് കൃത്യമായ പ്രതിഫലം നൽകാതെ കബളിപ്പിച്ചിരിക്കുന്നത്. ബാലതാരങ്ങളായ ഇവർ ഇടിഞ്ഞു വീഴാറായ വാടക വീട്ടിൽ കഴിയുകയാണ് എന്നറിഞ്ഞ് മറുനാടൻ കീഴൂരിലെ വീട്ടിലെത്തിയപ്പോഴാണ് അഭിനയിക്കാൻ വിളിപ്പിച്ചവർ തട്ടിപ്പ് നടത്തിയ വിവരം അറിയുന്നത്.
മിഖായേൽ, മധുര രാജാ, യമണ്ടൻ പ്രേമകഥ, മാർക്കോണി മത്തായി, സെയ്ഫ്, ബിഗ് ബ്രദർ, മാലിക്, ദി പ്രീസ്റ്റ്, മരണവീട്ടിലെ തൂണ്, അണ്ണാറെ സുന്ദരി, മിന്നൽ മുരളി, ഹെവൻ എന്നീ സിനിമകളിലാണ് മൂവരും അഭിനയിച്ചിരിക്കുന്നത്. കൂടാതെ ബൈജൂസ് ആപ്പ്, ചെന്നൈ സിൽക്ക്സ്, എലൈറ്റ് കേക്ക്, കോവിഡ് 19, തുടങ്ങിയ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഇവരൊന്നും തക്കതായ പ്രതിഫലം കുട്ടികൾക്ക് നൽകിയിട്ടില്ല. കോവിഡ് പരസ്യത്തിന് 500 രൂപയും ബൈജൂസ് ആപ്പ് 1000 രൂപയുമാണ് അഭിനയ പ്രതിഫലമായി നൽകിയത്. കൂടാതെ ചലച്ചിത്രങ്ങളിൽ നിന്നും 500 രൂപ നിരക്കിലാണ് പ്രതിഫലം കിട്ടിയിരുന്നത്. ഗോകുലം ഗ്രൂപ്പിന്റെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് 10,000 രൂപ ലഭിച്ചപ്പോഴാണ് ഇത്രകാലവും കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു മറ്റുള്ളവർ എന്ന് മനസ്സിലായത്.
ആന്ധ്രാ സ്വദേശികളായ മഞ്ജു- മുത്തു എന്നീ ദമ്പതികളാണ് കുട്ടികളെ അഭിനയിക്കാനായി വിളിച്ചു കൊണ്ടു പോയിരുന്നത് എന്ന് മാതാവ് വിശാലം പറഞ്ഞു. ഇവരാണ് പ്രതിഫലതുക നൽകിയിരുന്നതും. ഗോകുലം പരസ്യ ചിത്രത്തിന് ശേഷം മറ്റൊരു പരസ്യ ചിത്രത്തിൽ അഭിനയിച്ച ശേഷം 500 രൂപ നൽകിയപ്പോൾ തുക കുറഞ്ഞു പോയത് ചോദ്യം ചെയ്തു. നിർമ്മാതാവ് നൽകിയത് 500 രൂപ മാത്രമാണെന്നായിരുന്നു അവരുടെ മറുപടി.
അതേ സമയം മറുനാടൻ നടത്തിയ അന്വേഷണത്തിൽ മഞ്ജുവും മുത്തുവും ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേണ്ടി രൂപീകരിച്ചിട്ടുണ്ടെന്നും അതു വഴി അഭിനയിക്കാൻ ആളുകളെ കണ്ടെത്തി അവർക്ക് തുച്ഛമായ വേതനമാണ് നൽകുന്നതെന്ന് കണ്ടെത്തി. 1,000 രൂപ കൂലിയിനത്തിൽ പ്രൊഡക്ഷൻ കണ്ട്രോളർ നൽകുമ്പോൾ 500 രൂപ ഇവർ കീശയിലാക്കിയ ശേഷം ബാക്കി തുകയാണ് നൽകുക. ഇത് ചോദ്യം ചെയ്യാൻ ആരുമില്ലാത്തതു കൊണ്ട് ഇവര് നിർബാധം ഈ പ്രക്രിയ തുടരുകയാണ്. ഇത്തരത്തിൽ വലിയ ചൂഷണമാണ് ഈ മേഖലയിൽ തുടരുന്നതെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നു.
കൂലിപ്പണിക്കാരനായ മണിക്കുട്ടനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ഞീഴൂരിലെ നിത്യസഹായകൻ എന്ന സംഘടനയുടെ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫാണ് കുട്ടികളുടെ ദുരിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിന്നീട് അനിലിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ചെറിയ സഹായം കൈമാറി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുമെന്നും സുമനസ്സുകളുടെ സഹായത്താൽ വീടു പണിതു കൊടുക്കുന്ന കാര്യം ട്രസ്റ്റിന്റെ പരിഗണനയിലുണ്ടെന്നും അനിൽ ജോസഫ് അറിയിച്ചു. യൂത്ത് കോഓർഡിനേറ്റർ അർജുൻ തൈക്കൂട്ടത്തിൽ, സെക്രട്ടറി സിന്ധു, വി.കെ.ആന്റണി, കെ.എൽ.പ്രേംകുമാർ, ചാക്കോച്ചൻ, ജിജോ ജോർജ്, ജയശ്രീ സുരേന്ദ്രൻ എന്നിവരും കുട്ടികളുടെ വീട്ടിലെത്തിയിരുന്നു.
ഇവരെ സഹായിക്കാൻ താൽപര്യമുള്ളവർ അനിൽ ജോസഫുമായി ബന്ധപ്പെടാം. നമ്പർ 9446122719. കുട്ടികളുടെ മാതാവിന്റെ നമ്പർ 8281531614.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.