ന്യൂഡൽഹി: 63ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബാഹുബലിയാണ് മികച്ച ചിത്രം. ബാജിറാവു മസ്താനിയിലൂടെ സഞ്ജയ് ലീലാ ബൻസാലിക്കു മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.

പികു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തി. തനു വെഡ്‌സ് മനു റിട്ടേൺസിലെ പ്രകടനത്തിനു കങ്കണ റണൗത്തിനെ മികച്ച നടിയായും പ്രഖ്യാപിച്ചു. അമിതാഭ് ബച്ചന് ഇത് നാലാം തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തേ അഗ്‌നിപഥ്, പാ, ബ്ലാക്ക് എന്നീ ചിത്രങ്ങൾക്ക് ബച്ചൻ പുരസ്‌കാരം നേടിയിട്ടുണ്ട്.

സിനിമാ അനുകൂല സാഹചര്യമൊരുക്കിയ സംവിധാനത്തിനുള്ള അവാർഡ് ഗുജറാത്തിനാണ് നൽകിയത്. ഇത് ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകിയത്. ഉത്തർപ്രദേശിനും കേരളത്തിനും ഇക്കാര്യത്തിൽ പ്രത്യേക പരമാർശം ലഭിച്ചു. സിനിമാ നിർമ്മാണത്തിന് ഒരുക്കുന്ന സൗകര്യങ്ങൾ പരിഗണിച്ചാണ് അവാർഡ്.

സാമൂഹിക പ്രസക്തിയുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം മലയാള ചലച്ചിത്രമായ നിർണ്ണായകത്തിനാണ്. വി കെ പ്രകാശാണ് സംവിധായകൻ. ലുക്കാചുപ്പിയിലേയും സു സു സുധി വാൽമീകത്തിലേയും അഭിനയത്തിനു ജയസൂര്യയ്ക്ക് അഭിനയത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും ജയസൂര്യക്കു പ്രത്യേക പരാമർശം ലഭിച്ചിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന്... എന്ന ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായി. ബെന്നിലെ അഭിനയത്തിലൂടെ ഗൗരവ് മേനോൻ മികച്ച ബാലതാരമായി. സംസ്ഥാന പുരസ്‌കാരവും ഗൗരവിനു ലഭിച്ചിരുന്നു.

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം പത്തേമാരിക്കാണ്. സലിം അഹമ്മദാണ് സംവിധായകൻ. മലയാളി മാദ്ധ്യമ പ്രവർത്തകനായ നീലൻ സംവിധാനം ചെയ്ത അമ്മയെന്ന ഡോക്യുമെന്ററിക്ക് ജ്യൂറിയുടെ പ്രത്യേക പരമാർശം ലഭിച്ചു. മലയാളിയായ അലിയാർക്കും പ്രത്യേക പരാമർശം ലഭിച്ചു. അരങ്കിലെ നിത്യ വിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിനാണ് അലിയാർക്കുള്ള പ്രത്യേക പരമാർശം.

പത്ത് മലയാള ചിത്രങ്ങളാണ് അവസാനറൗണ്ടിലെ മൽസരത്തിനുണ്ടായിരുന്നത്. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെൻ, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങൾ, ഇതിനുമപ്പുറം, സു സു സുധിവാൽമീകം, എന്ന് നിന്റെ മൊയ്തീൻ എന്നിവയാണ് പരിഗണിച്ച മലയാളചിത്രങ്ങൾ. മലയാളത്തിൽ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തെരഞ്ഞെടുത്തത്. അതിൽ നിന്നാണ് അന്തിമ പട്ടികയിലേക്ക് രണ്ട് സിനിമകളെത്തിയത്

ഇത്തവണ ദേശീയ അവാർഡ് സമിതിയിൽ രണ്ട് മലയാളികളാണുള്ളണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയിൽ നിന്ന് ജോൺ മാത്യു മാത്തനും. രമേഷ് സിപ്പിയായിരുന്നു ജൂറി ചെയർമാൻ. നോൺ ഫീച്ചർ വിഭാഗത്തിലേക്ക് 22 മലയാള ചിത്രങ്ങൾ മൽസരിച്ചു. കൗശിക് ഗാംഗുലിയുടെ സിനിമവാല, ഗൗതം ഘോഷിന്റെ സാൻഖാചിൽ, ശ്രിജിത് മുഖർജിയുടെ രാജ്കഹ്‌നി എന്നിവയടക്കം 7 ബംഗാളി സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്.

മറ്റു പുരസ്‌കാരങ്ങൾ (ഫീച്ചർ വിഭാഗം)

  • മികച്ച സഹനടൻ: സമുദ്രക്കനി (ചിത്രം: വിസാരണൈ)
  • മികച്ച സഹനടി: തൻവി അസ്മി (ചിത്രം: ബാജിറാവു മസ്താനി)
  • മികച്ച ബാലതാരം: ഗൗരവ് മേനോൻ (ബെൻ)
  • മികച്ച ജനപ്രിയ ചിത്രം: ബജ്രംഗി ഭായിജാൻ (സംവിധാനം: കബീർ ഖാൻ)
  • മികച്ച പരിസ്ഥിതി ചിത്രം: വലിയ ചിറകുള്ള പക്ഷികൾ (സംവിധാനം: ഡോ.ബിജു)
  • മികച്ച സംവിധായകൻ: സഞ്ജയ് ലീലാ ബൻസാലി (ചിത്രം: ബാജിറാവു മസ്താനി)
  • സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം: നിർണായകം (സംവിധാനം: വി.കെ.പ്രകാശ്)
  • മികച്ച മലയാള ചിത്രം: പത്തേമാരി (സംവിധായകൻ: സലിം അഹമ്മദ്)
  • മികച്ച സംസ്‌കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
  • മികച്ച നൃത്തസംവിധാനം: റീമോ ഡിസൂസ
  • നൃത്തസംവിധാനം പ്രത്യേക ജൂറി പുരസ്‌കാരം: കൽക്കി
  • മികച്ച വരികൾ: വരുൺ റോവർ
  • മികച്ച പശ്ചാത്തലസംഗീതം: ധാരായ് പദ്പത്‌റായ്
  • മികച്ച സംഗീതം: എം. ജയചന്ദ്രൻ (ചിത്രം: എന്നു നിന്റെ മൊയ്തീൻ, ഗാനം: കാത്തിരുന്നു കാത്തിരുന്നു...)
  • മികച്ച കോസ്റ്റ്യൂം ഡിസൈനർ: പായൽ സലൂജ
  • മികച്ച എഡിറ്റിങ്: ടി ഇ കിഷോർ (വിസാരണൈ)
  • മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുർവേജി, ഇമാൻചു ശർമ

നോൺ ഫീച്ചർ വിഭാഗം

  • മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)
  • മികച്ച സംഗീതം: അരുൺ ശങ്കർ
  • മികച്ച ഹ്രസ്വ ചിത്രം പ്രത്യേക പരാമർശം: അമ്മ (സംവിധാനം: നീലൻ)
  • മികച്ച വിവരണം: അലിയാർ (ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഡോക്യുമെന്ററി)