കൊച്ചി: ദേശീയ പുരസ്‌കാര നിറവിൽ അയ്യപ്പനും കോശിയുമെന്ന ചിത്രത്തിന്റെ സംവിധായകൻ ഇന്ത്യൻ സിനിമാ ലോകത്ത് സജീവ ചർച്ചയാവുമ്പോൾ ആ നേട്ടത്തിന് സാക്ഷിയാവാൻ നിൽക്കാതെ കെ ആർ സച്ചിദാനന്ദൻ എന്ന സച്ചി യാത്രയായത് സിനിമാ പ്രേമികൾക്ക് ഒരിക്കലും സഹിക്കാനാവാത്ത വേദനയാണ്. താരപ്പൊലിമയും മഹാനായ സംവിധായകനെന്ന പരിവേഷങ്ങളുമൊന്നുമില്ലാതെ പച്ചയായ മനുഷ്യരുടെ പ്രത്യേകിച്ചും അതിരുവത്ക്കരിക്കപ്പെട്ട ആദിവാസി ജീവിതങ്ങളുടെ കഥ പറഞ്ഞാണ് സച്ചിയെന്ന സംവിധായകൻ ദേശീയ പുരസ്‌കാരമെന്ന ഇന്ത്യൻ സിനിമയിൽ ഏതൊരു സംവിധായക പ്രതിഭയും ജീവിതാന്ത്യംവരെ ആഗ്രഹിക്കുന്ന സ്ഥാനത്തേക്കു എത്തിയത്.

പണക്കാരനും വിമുക്ത ഭടനുമായ കോശി കുര്യനും അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടറായ അയ്യപ്പൻ നായരും തമ്മിലുണ്ടാവുന്ന സംഘർഷങ്ങളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. പണം പൊടിപൊടിക്കാതെ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ഈ പടം തിയറ്ററുകളിൽനിന്നു വാരിയത് 52 കോടിയായിരുന്നുവെന്നതും ചരിത്രം.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ വിരട്ടാൻ ശ്രമിക്കുമ്പോൾ കണ്ണമ്മ പറയുന്ന മറുപടി ഇതാണ്- 'അടങ്ങടാ ചെക്കാ. നീ കൊറേ ലോകം കണ്ടിട്ടുണ്ടാവും. പക്ഷേ അടുത്ത് നിന്ന് കാണേണ്ടതൊന്നും നീ കണ്ടിട്ടില്ല...! ''സച്ചി അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ മറുമൊഴി മതി ആ എഴുത്തുകാരനെ അളക്കാൻ.

ചോക്ലേറ്റ് ' എന്ന സിനിമയിൽ 'ഞാൻ ഒന്ന് അറിഞ്ഞ് വിളയാടിയാൽ പിന്നെ പത്ത് മാസം കഴിഞ്ഞേ നീ ഫ്രീയാകൂ...'' എന്ന് പൃഥ്വിരാജ് റോമയോട് പറയുന്ന സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അതേ സച്ചി തന്നെയാണ് ഈ ഡയലോഗും എഴുതിയത് എന്നോർക്കുമ്പോഴാണ് ആ വളർച്ച കണ്ണിൽ പെടുന്നത്.

സച്ചി - സേതു ടീമിലൂടെ തിരക്കഥയെഴുതിക്കൊണ്ടായിരുന്നു അഭിഭാഷകനായ സച്ചിയുടെ വെള്ളിത്തിരയിലേക്കുള്ള വരവ്. ഈ കൂട്ടുകെട്ടിൽ തിരക്കഥ രചിക്കപ്പെട്ട സിനിമകളിൽ ഒന്നാമത്തേത് 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് ആയിരുന്നു. ഈ പടത്തിന്റെ വിജയമായിരുന്നു ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ സച്ചിയുടെ ആത്മവിശ്വാസം വർധിപ്പിച്ചത്. പിന്നീട് സച്ചിയും സേതുവും ഒരുക്കിയ റോബിൻഹുഡ് (2009), മേക്കപ്പ് മാൻ (2011) എന്നിവയും തൊട്ടടുത്ത വർഷം തിരക്കഥയൊരുക്കിയ സീനിയേഴ്സുമെല്ലാം പ്രേക്ഷകർക്ക് പഥ്യമായ ചിത്രങ്ങളായിരുന്നു. കോളജ് പഠനകാലത്ത് നിരവധി നാടകങ്ങൾ സംവിധാനം ചെയ്തതിന്റെ കരുത്തുമായായിരുന്നു മലയാള സിനിമയിൽ മാറ്റുരയ്ക്കാൻ എത്തിയത്.

സച്ചിയുടെ തനിച്ചുള്ള രചനയിൽ പൂർത്തിയായ തിരക്കഥകളായിരുന്നു 2012ലെ റൺ ബേബി റൺ. പിന്നീട് വീണ്ടും മൂന്നു വർഷത്തിന് ശേഷമായിരുന്നു സംവിധായകനെന്ന നിലയിലുള്ള ഈ പ്രതിഭയുടെ അരങ്ങേറ്റം. അനാർക്കലിയെന്ന സിനിമയുടെ തിരക്കഥക്കൊപ്പം സംവിധായകന്റെ കുപ്പായവും തനിക്കു യോജിക്കുമെന്ന് ഇതിലൂടെ മലയാള സിനിമയെ സച്ചി ബോധ്യപ്പെടുത്തി. പൃഥിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലറായിരുന്നു. കവരത്തി ദ്വീപിലെത്തിപ്പെടുന്ന ഒരു നാവിക ഓഫിസറുടെ കഥയായിരുന്നു ഈ സിനിമയിൽ സച്ചി പറഞ്ഞത്.

ചേട്ടായീസ്, രാംലീല, ഷെർലക് ടോംസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സിനിമകൾക്കും തിരക്കഥയൊരുക്കിയ ശേഷമായിരുന്നു സ്വന്തം ചിത്രമായ അനാർക്കലിയുമായി സച്ചി പ്രേക്ഷകർക്ക് മുൻപിലേക്കു വിധിയെഴുത്തു കേൾക്കാൻ എത്തിയത്. പിന്നീടായിരുന്നു മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ആക്ഷൻ ത്രില്ലർ പടമായ അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്.

1972 ഡിസംബർ 25ന് കൊടുങ്ങല്ലൂരായിരുന്നു ജനിച്ചത്. അഭിഭാഷകനും തിരക്കഥാകൃത്തിനും തിയറ്റർ ആർട്ടിസ്റ്റിനുമൊപ്പം, നിർമ്മാതാവായും വേഷമിട്ട ഈ ചലച്ചിത്ര പ്രതിഭയുടെ വിയോഗം 47ാം വയസ്സിലായിരുന്നു. 2020 ജൂൺ 18ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഭിഭാഷകനായി വളരെ കുറഞ്ഞ കാലംകൊണ്ടു പേരെടുത്ത സച്ചി കേരള ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

സംവിധായകനൊപ്പം മികച്ച ഗായകിക്കുള്ള പുരസ്‌കാരം നഞ്ചിയമ്മക്കും സഹനടനുള്ള പുരസ്‌കാരം ബിജു മേനോനെയും ഈ ചിത്രത്തിലൂടെ തേടിയെത്തി. തന്റെ ചിത്രത്തിൽ അട്ടപ്പാടിയുടെ ചൂരുള്ള സംഗീതം ഉണ്ടാവണമെന്നു സച്ചി നിർബന്ധം പിടിച്ചതിന്റെ ഫലമായിരുന്നു നഞ്ചിയമ്മയെന്ന ആദിവാസി ഗായികയുടെ രംഗപ്രവേശനം. ഈ പടത്തിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചതും മറ്റാരുമായിരുന്നില്ല.

തിരക്കഥ തയാറാക്കുമ്പോൾ സച്ചിയുടെ മനസ്സിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നു. സ്വഭാവം മാത്രമല്ല, ഓരോ ഷോട്ടും എങ്ങനെ വേണമെന്നു കൃത്യമായി ആ മനസ്സിലുണ്ടായിരുന്നുവെന്നു സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്ത്. സച്ചിയുടെ പ്രയ്തനത്തിനുള്ള അർഹമായ അംഗീകാരമാണ് ഇതെന്നും അയ്യപ്പനും കോശിയുടെയും നിർമ്മാതാവ് കൂടിയായ രഞ്ജിത് വ്യക്തമാക്കുന്നു.