ചാപ്പാക്കുരിശ്, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്നീ രണ്ട് ക്‌ളാസിക്ക് ചിത്രങ്ങൾ എടുത്ത സമീർ താഹിർ, ചാർലിക്കുശേഷമുള്ള താരപരിവേഷവുമായി ദുൽഖർ സൽമാൻ, ചരിത്രത്തിൽ ഇടംനേടിയ 'പ്രേമത്തിലെ' മലരായി എത്തിയ സായ് പല്ലവി, സൗണ്ട് ട്രാക്കിൽ ഹിറ്റ് മേക്കൾ ഗോപീ സുന്ദർ.... ഇതുപോലൊരു കൂട്ടുകെട്ടിൽനിന്ന് ഒരു പുതിയ പടം വരുന്നുവെന്ന് കേട്ടാൽ പ്രേക്ഷകർക്ക് ഉണ്ടാവുന്ന പ്രതീക്ഷയെന്താവും. പക്ഷേ, തുറന്നു പറയട്ടെ, ആ പ്രതീക്ഷയുടെ കൊടുമുടിയുമായി 'കലി'ക്കുകയറിയാൽ നിങ്ങൾക്കും കലിപ്പിളകും.

ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ശരാശരിക്ക് അൽപ്പം മുകളിൽ നിൽക്കുന്ന ഒരു ചിത്രം മാത്രമാണിത്. നർമ്മവും പ്രണയവും സസ്‌പെൻസുമൊക്കെയായി കൊടുത്ത കാശ് മുതലാവുന്ന ഒരു ടിപ്പിക്കൽ വ്യാവസായിക സിനിമ. സാധാരണ സമീർ താഹിറടക്കമുള്ള ന്യൂജൻ സംവിധായകർ എടുക്കുന്ന പടങ്ങളുടെ ഓഫ് ബീറ്റ് സ്വഭാവവും, അസ്തിത്വ ദുഃഖം പേറുന്ന കഥാപാത്രങ്ങളൊന്നും ഇതിലില്ല. പക്ഷേ നായക കഥാപാത്രത്തിന്റെ സ്വഭാവ വൈചിത്രങ്ങൾകൊണ്ടും, വ്യത്യസ്തമായ ദൃശ്യപരിസരം ഒരുക്കിയും 'കലി' കയ്ക്കാത്ത സനിമയാവുന്നു. പക്ഷേ ഈ ലേഖകനെ ഞെട്ടിച്ചത് ഈ പടത്തിന് കിട്ടുന്ന അനിതസാധാരണമായ സ്വീകാര്യതയാണ്.

വെറും രണ്ടുദിവസം കൊണ്ട് 'കലി'യിറങ്ങിയ തീയേറ്റുകൾ പൂരപ്പറമ്പായിരിക്കയാണ്. ദുൽഖർ സൽമാന്റെ ഓരോ ആക്ഷനും കൈയടിയോടെയാണ് ജനം സ്വീകരിക്കുന്നത്. ഒരു സംശയവും വേണ്ട പ്രഥ്വീരാജ് തരംഗത്തിനുശേഷം, കേരളത്തിൽ ഇപ്പോൾ ദുൽഖർ തരംഗം ആഞ്ഞുവീശുകയാണ്. ദുൽഖറിന്റെ തുടക്കത്തിൽ സാക്ഷൽ മമ്മൂട്ടി പറഞ്ഞപോലെ, മകന്റെ പേരിൽ താൻ അറിയപ്പെടുന്നകാലം വിദൂരത്തല്‌ളെന്ന് ചുരുക്കം.

പ്രകടമായത് തിരക്കഥയിലെ പോരായ്മ

കൃത്യമായ രാഷ്ട്രീയ നിലപാടുള്ള കരുത്തുള്ള രചനകളായിരുന്ന സമീർ താഹിറിന്റെ മുൻകാല ചിത്രങ്ങളുടെ ഹൈലൈറ്റ്. എന്നാൽ തിരക്കഥയുടെ ബലമില്ലായ്മയാണ് 'കലി'യെ ബാധിച്ചത്. പക്ഷേ മൂക്കത്ത് ശുണ്ഠിയുള്ള ഒരാളുടെ ജീവിതം പറഞ്ഞുകൊണ്ട് തുടക്കത്തിൽ രാജേഷ് ഗോപിനാഥന്റെ തിരക്കഥ ശ്രദ്ധയാകർഷിക്കുന്നുണ്ട്. തനിക്ക് പിടിക്കാത്തത് കണ്ടാൽ പെട്ടന്ന് കലി കയറുകയും ഉടൻ തന്നെ തണുക്കുകയും തുടർന്ന് കുറ്റബോധം ഉണ്ടാവുകയും ചെയ്യുന്ന ആളുകളെ നാം പലയിടത്തും കണ്ടുമുട്ടിയിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദുൽഖറിന്റെ സിദ്ദുവെന്ന സിദ്ധാർഥൻ.ബാങ്ക് ഉദ്യോഗസ്ഥനായ അയാളുടെ ദേഷ്യം കാരണം ഭാര്യ അഞ്ജലിയും ( സായ് പല്ലവി) പൊറുതി മുട്ടിയിരിക്കയാണ്.

ആദ്യപകുതിലെ ഭൂരിഭാഗം രംഗങ്ങളും കലികയറൽ എങ്ങനെ സിദ്ദുവിന്റെ ജീവിതത്തെ ബാധിക്കുന്നുവെന്ന് കാട്ടിത്തരാനുള്ള ഇൻഡോർ രംഗങ്ങളാണ്.പക്ഷേ, കുറ്റം പറയരുതല്ലോ, ഇവിടെയൊന്നും കഥയുടെ രസച്ചരട് മുറിഞ്ഞുപോവാതെ സൂക്ഷിക്കാൻ സംവിധായകന് ആയിട്ടുണ്ട്. 'മഹേഷിന്റെ പ്രതികാരത്തിൽ' കണ്ടതുപോലെ മറ്റുള്ളവർ നിസ്സാരമെന്ന് തോനുന്ന പല കാര്യങ്ങളും എങ്ങനെ സിദ്ദുവിന് വലിയ പ്രശ്‌നങ്ങളാവുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നു. ( പക്ഷേ ഇവിടെയും ഇതൊരു മനോരോഗമാണെന്നൊക്കെ പറഞ്ഞ് ഒരു സൈക്കാ്യട്രിസ്റ്റിനെയും മറ്റും കാണിച്ചുള്ള വാചകമടികൾ ഒഴിവാക്കിത്തന്നതിന് പ്രേക്ഷകർക്ക് സംവിധായകനോട് നന്ദിയുണ്ട്) എന്നാൽ പൊടുന്നനെ സിനിമയുടെ സ്വഭാവം മാറുകയാണ്.

രണ്ടാംപകുതിയിൽ എത്തുമ്പോഴേക്കും ചിത്രം ഒരു സെമി റോഡ് മൂവിയുടെ രീതിയിലേക്ക് മാറുന്നു. മസിനിഗുഡിയിലെ അഞ്ജലിയുടെ വീട്ടിലേക്കുള്ള ഒരു രാത്രി കാർ യാത്ര അവരുടെ ജീവിതം മാറ്റിമറിക്കയാണ്. നിസ്സാരമെന്ന് തോന്നാവുന്ന ഒരു കാര്യത്തിനായുള്ള സിദ്ദുവിന്റെ കലികയറൽ വലിയ കുഴപ്പത്തിലേക്കാണ് ആ ദമ്പതികളെ തള്ളിവിടുന്നത്. തുടർ സംഭവങ്ങളുമൊക്കെ നവ്ദീപ് സിങിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'എൻ.എച്ച് 10' എന്ന ഹിന്ദി ചിത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നുവച്ച് എൻ.എച്ച് 10ന്റെ കോപ്പിയടിയൊന്നുമല്ല ഈ ഭാഗങ്ങൾ. അപരിചിതമായ ഒരിടത്ത് അസമയത്ത് എത്തിപ്പെടുന്ന രണ്ടു ദമ്പതികളുടെ പ്രശ്‌നങ്ങൾ എന്ന ബാഹ്യസാമ്യംമാത്രമേ ഇവക്കുള്ളൂ. അഭിമാനഹത്യയടക്കമുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ വയലൻസ് എൻ.എച്ച് 10 അതി ഭീകരമായി ദൃശ്യവത്ക്കരിക്കുമ്പോൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്ന തലത്തിൽ മാത്രമാണ് 'കലി' എടുത്തിട്ടുള്ളത്. ഈ ഒരു ഫോക്കസില്ലായ്മ ചിത്രത്തിന്റെ കഥാഘടനയിൽ മൊത്തമായി ബാധിച്ചിട്ടുണ്ട്.

മാത്രമല്ല ദുൽഖർ സൽമാന്റെ താരപരിവേഷം ചൂഷണം ചെയ്യാനായെന്നോണം, രണ്ടാപകുതിയാൽ ധാബയിൽവച്ച് ചില സംഘട്ടനങ്ങളൊക്കെയുണ്ട്. എത്ര കണ്ട് മടുത്തതാണ് ഇവയൊക്കെ. തമിഴ് സിനിമകൾ പോലും ഒഴിവാക്കിയതാണ് ഈ പരിപാടി. തരാധിപത്യത്തിനുപകരമുള്ള റിയലിസ്റ്റിക്കായ ജീവിതം ചിത്രീകരിച്ചുകൊണ്ടാണെല്ലോ ന്യൂജൻ തരംഗം മലയാളത്തിൽ വന്നതുതന്നെ. മാത്രമല്ല, സിദ്ദുവിന് ധാബയിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളിൽ ചിലയിടത്തൊക്കെ സാമാന്യയുക്തിയുടെ ചേർച്ചക്കുറവും പ്രകടമാണ്.

പുരുഷന്റെ എല്ലാ ബലഹീനതകളും പരിഹരിച്ച് അവനെ നന്നാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം ഭാര്യക്കാണെന്ന് അടിവരയിടുന്ന മലയാള സിനിമയുടെ കാലാകാലങ്ങളായുള്ള നടപ്പുരീതിക്കും ഈ പടത്തിലും മാറ്റമില്ല. കുലീനയായ ഒരു ഭാര്യയുടെ പതിവ് ദൗത്യങ്ങൾമാത്രമേ സായ് പല്ലവിക്ക് ചെയ്യാനുള്ളൂ.ഇവരുടെ പ്രണയ ചേഷ്ടകളൊക്കെയാവട്ടെ , പെയിന്റിന്റെയും ടൈൽസിന്റെയുമൊക്കെ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെപ്പോലെ, കാമ്പില്ലാത്ത അനുഭവമായാണ് ചിലയിടത്തൊക്കെ ഫീൽ ചെയ്യുന്നത്!

തകർത്ത് ദുൽഖറും ,ചെമ്പനും, വിനായകനും; മലരിൽനിന്ന് മോചനം തേടി സായ് പല്ലവി

പക്ഷേ, ഒരു അഭിനേതാവ് എന്ന നിലയിലും ദുൽഖർ ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് 'കലി' തെളിയിക്കുന്നു. ഓഫീസിൽ കസ്റ്റമേഴ്‌സിലെ ഡീൽ ചെയ്യുമ്പോൾ കത്തിക്കയറുന്ന ദേഷ്യത്തെ അടക്കുന്ന സീനിലും, കൈ്‌ളമാക്‌സിൽ ഭാര്യക്ക് വഴങ്ങിയുള്ള ചെറു പുഞ്ചിരിയിലുമൊക്കെ ആ മാജിക്ക് പ്രകടം. 'ചാർലിയിലെയും' 'കലിയിലെയും' പ്രകടനങ്ങൾ താരതമ്യം ചെയ്താലറിയാം ദുൽഖറിന്റെ റേഞ്ച്.

ഈ ചിത്രത്തിൽ ദുൽഖറിന് മികച്ച പിന്തുണ കൊടുക്കുന്നുണ്ട് ചെമ്പൻ വിനോദും, വിനായകനും. താൻ നിരവധി തവണ ചെയ്ത ടൈപ്പ് ഗുണ്ടാവേഷം തന്നെയാണ് ഇതിലുമെങ്കിലും, അഭിനയ ശൈലി മാറ്റി വിനായകൻ അതിന് വ്യത്യസ്ത നൽകുന്നു. മലയാള സിനിമ ഇനിയും എത്രയോവട്ടം ഉപയോഗിക്കേണ്ട പ്രതിഭ കൈയിലുള്ള നടനാണ് താനെന്ന്, സിനിമയുടെ ആദ്യ സീനുകളിലെ കത്തിക്കയറിലിൽനിന്നുതന്നെ വിനായകൻ കാണിച്ചുതരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ചെമ്പൻ വിനോദിന്റെ മികച്ച വേഷങ്ങളിലൊന്നാണ് കലിയിലെ ലോറി ഡ്രൈവർ.'ഇയ്യോബിന്റെ പുസ്തകത്തിലെ' വില്ലൻവേഷമാണ് മുമ്പ് ചെമ്പന് ഇതുപോലെ പേര് നേടിക്കൊടുത്തത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ മാത്രമുള്ള സൗബിൻ ഷാഹിർ തന്റെ സ്വസിദ്ധമായ നർമ ശൈലിയിൽ ഒഴുക്കോടെ കഥാപാത്രത്തെ കൊണ്ടുപോവുന്നുണ്ട്.

വൈറലായിപ്പോയ ഒരു കഥാപാത്രം ചെയ്ത ഏത് നടിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തന്റെ ആദ്യകഥാപാത്രത്തിൽനിന്ന് കുതറിച്ചാടുകയെന്നതാണ്. അതായത് 'മലരിൽ'നിന്ന് അഞ്ജലിയുടെ ശരീരഭാഷ എത്രമാത്രം വ്യതസ്തയാവുന്നോ അതാണ് സായ് പല്ലവി എന്ന നടിയുടെ വിജയമെന്ന് ചുരുക്കം. ആ നിലക്ക് നോക്കുമ്പോൾ മലരിൽ നിന്ന് പൂർണമായും വേഷപ്പകർച്ച നടത്താൻ ഈ നടിക്ക് ആയിട്ടില്ല. സ്വന്തം ശബ്ദത്തിലുള്ള ഡബ്ബിംഗും പൂർണമായും ശരിയായി എന്നു പറയാനാവില്ല. പിന്നെ ഈ കഥാപാത്രം മസിനഗുഡിക്കാരിയാതുകൊണ്ട് തമിഴ് കലർന്ന മലയാളം പ്രേക്ഷകർക്ക് അരോചകമായി തോന്നണമെന്നില്‌ളെന്ന് ആശ്വസിക്കാം.

റിലീസിനുമുമ്പേതന്നെ കോപ്പിയടി ആരോപണം ഉയർന്ന ഗോപീസുന്ദറിന്റെ പാട്ടുകളും അസാധാരണമായ ശ്രവണസുഖം നൽകുന്നില്ല. എന്നാൽ പശ്ചാത്തല സംഗീതത്തിൽ ഗോപി കൈയടി വാങ്ങുന്നുണ്ട്.ഗിരീഷ് ഗംഗാധരന്റെ ക്യാമറയാണ് എടുത്തുപറയേണ്ടത്. സംവിധായകൻ സമീർ താഹിർ ഒരു ഛായാഗ്രാഹകൻ കൂടിയായതിന്റെ ഗുണം ചിത്രത്തിന് കിട്ടിയിട്ടുണ്ട്.കാറും ലോറിയുമായുള്ള ചേസ് സീനുകളിലൊക്കെ ഒരു ഹോളിവുഡ്ഡ് ഫീൽ കൊണ്ടുവരാൻ ഇവർക്കായിട്ടുണ്ട്. കാറിനകത്ത് നമ്മൾ പെട്ടുപോയതുപോലെ തോനുന്ന അവസ്ഥ!അസാധാരണ പ്രതിഭവേണം ഇത്തരം രംഗങ്ങളൊക്കെ ഒരുക്കാൻ. ഈ നേട്ടങ്ങൾക്കൊപ്പം കഥയിലും തിരക്കഥയിലുംകൂടി അൽപ്പംകൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ 'കലി' കത്തിക്കയറുമായിരുന്നു.

വാൽക്കഷ്ണം: സ്വത്വ രാഷ്ട്രീയമടക്കമുള്ള വ്യക്തമായ സാമൂഹികരാഷ്ട്രീയ അന്തർധാരയുള്ളവയായിരുന്ന സമീറിന്റെ മുൻകാല ചിത്രങ്ങൾ. സമൂഹത്തിൽനിന്ന് വ്യക്തികളിലേക്ക് ചുരുങ്ങുന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം പുരോഗതിയുടെ അടയാളമാണോ എന്ന ചോദ്യവും ഈ പടം കണ്ടപ്പോൾ തോന്നിപ്പോയി. പാവപ്പെട്ടവന്റെ ദാരിദ്രം എത്രത്തോളം അപകടകരമാണ് എന്ന പ്രതിവായന സമീറിന്റെ ആദ്യ ചിത്രമായ 'ചാപ്പാക്കുരിശിനെ' സംബന്ധിച്ച് ഉയർന്നിരുന്നു. ലോറി ഡ്രൈവർമാർ, ചെറുകിട കച്ചവടക്കാർ എന്നിവരെ സമൂഹം കാണുന്ന പൊതുസംശയക്കണ്ണിന് 'കലിയും' ചൂട്ടുപിടിക്കുന്നുവെന്ന പ്രതിവാദം ഇവിടെയും സ്വാഭാവികമാണ്.