തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി ടെക്‌നോപാർകിനുള്ളിലെ ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞ നാല് കൊല്ലങ്ങളായി പാർക്കിനുള്ളിൽ ക്വിസ എന്ന പേരിൽ വിജയകരമായി ഹൃസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിച്ചു വരികയാണ്. ആവേശോജ്ജ്വലമായ പ്രതികരണമാണു ടെക്കികൾക്കിടയിൽ നിന്നും ക്വിസയ്ക്ക് എല്ലാത്തവണയും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം ടെക്‌നോപാർക്ക് ജീവനക്കാർ സംവിധാനം ചെയ്ത 100 ഹ്രസ്വ ചിത്രങ്ങൾ ക്വിസയിൽ പ്രദർശിപ്പിച്ച് കഴിഞ്ഞു. സംസ്ഥാന-ദേശീയ ചലച്ചിത്ര നിർണ്ണയ സമിതിയിലെ സ്ഥിരം സാന്നിദ്ധ്യവും പ്രമുഖ ചലച്ചിത്ര നിരൂപകനുമായ എം.എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജൂറി വിധി നിർണ്ണയം നടത്തുകയും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ.കരുൺ , ശ്യാമ പ്രസാദ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രഗത്ഭരാൽ അവാർഡ് വിതരണം നൽകിയും തുടർന്നു വരുന്ന ക്വിസ ഇതിനകം തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ടു കഴിഞ്ഞതാണ്.

ഇതിനകം തന്നെ മികച്ച കലാകാരന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞ ടെക്‌നോപാർക്കിലെ ചലച്ചിത്രകാരന്മാർക്ക് ഒരു ദിശാബോധം നൽകുവാനും കൂടുതൽ മികവിലേക്ക് മുന്നേരുവാനുമായി പ്രതിധ്വനി ടെക്‌നോപാർക്കിലെ ചലച്ചിത്രകാരന്മാരെ ഉൾപ്പെടുത്തി 'പ്രതിധ്വനി ചലച്ചിത്ര ക്ലബ്ബി' (Prathidhwani Film ക്ലബ്) എന്ന പേരിൽ ഒരു ചലച്ചിത്ര ക്ലബ് രൂപീകരിച്ചു. വിനു പി.വി. യെ ക്ലബ്ബിന്റെ സെക്രട്ടറി ആയും വിഷ്ണുലാലിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.

ക്ലബ്ബിന്റെ ആദ്യത്തെ പരിപാടി ആയി ടെക്‌നോപാർക്കിനുള്ളിൽ ഒരു ചലച്ചിത്ര നിർമ്മാണ ശില്പശാല ഏപ്രിൽ 23 ശനിയാഴച നടത്തുവാൻ തീരുമാനിച്ചു. ഒരു ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന ശില്പ ശാലയിൽ പ്രശസ്ത പരസ്യ ചിത്ര നിർമ്മാതാവും ഓൺലൈൻ ചിത്ര നിരൂപകനുമായ ബിലഹരി കെ. രാജ്, ഛായാഗ്രഹകനും എഡിറ്റരുമായ ശ്രീരാജ് രവീന്ദ്രൻ, ഹൃസ്വ ചിത്രകാരനും നടനുമായ വിനീത് ചാക്യാർ എന്നിവർ നയിക്കുന്ന പഠന ക്ലാസുകളുണ്ടായിരിക്കുന്നതാണ്. ഇത് കൂടാതെ ലോക സിനിമയെക്കുറിച്ചും വിവിധ ചലച്ചിത്രകാരന്മാരുടെ ചലച്ചിത്ര സങ്കേതങ്ങളെക്കുറിച്ചും വിശദമായ ചർച്ചകളും ശില്പ ശാലയുടെ മുഖ്യ ആകർഷണമായിരിക്കും.

തിരക്കഥ മുതൽ എഡിറ്റിംഗും ശബ്ദ സന്നിവേശവും വരെയുള്ള ചലച്ചിത്ര സാങ്കേതികതയുടെ അടിസ്ഥാന പാഠങ്ങളും അതിനു ശേഷം ഈ പാഠങ്ങളുൾക്കൊണ്ടു കൊണ്ടുള്ള ഒരു ഹൃസ്വ ചിത്രം നിർമ്മിച്ചു കാണിക്കുകയും ചെയ്യുന്നതിലൂടെ ശില്പ ശാല പൂർണ്ണമാകും. ടെക്‌നോപാർക്കിനുള്ളിലെ മലബാർ ഹാളിൽ വച്ചാണ് ശില്പ ശാല സംഘടിപ്പിക്കുന്നത്. 500 രൂപയാണ് രെജിസ്‌ട്രേഷൻ ചാർജ്ജ് .

ടെക്‌നോപാർക്കിലെ എല്ലാ ചലച്ചിത്ര പ്രേമികളെയും ഈ ശില്പശാലയിൽ പങ്കു ചേരാനായി പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, വിഷ്ണുലാൽ[9961643801] , വിനു പി,വി. [9895185212] എന്നിവരുമായി ബന്ധപ്പെടുക.