മെൽബൺ: മൂന്നു വർഷം മുമ്പ് മെൽബണിൽ മലയാളി യുവതിയും രണ്ടു മക്കളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. മെൽബൺ കോറോണേഴ്‌സ് കോടതിയിൽ നടക്കുന്ന ഇൻക്വസ്റ്റിലാണ് യുവതിയുടെ ഭർത്താവ് ജോർജ് ഫിലിപ്പ് മൊഴി നൽകിയിരിക്കുന്നത്.

2012 ജൂണിലാണ് അനിത മാത്യു (37), മക്കളായ ഫിലിപ്പ് ജോർജ് (9), മാത്യു ജോർജ് (5) എന്നിവർ മെൽബണിലെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിക്കുന്നത്. അനിതയും ഭർത്താവ് ഫിലിപ്പും തമ്മിൽ ഏറെ ദാമ്പത്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് ഫിലിപ്പിന്റെ മൊഴി വെളിപ്പെടുത്തുന്നത്. വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നിട്ടു കൂടി ഇവരുടെ ദാമ്പത്യത്തിൽ ഏറെ കല്ലുകടിയായിരുന്നുവെന്നാണ് ഫിലിപ്പ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അപകട മരണം സംഭവിക്കുന്നതിന് രണ്ടു മാസം മുമ്പു മുതൽ ഫിലിപ്പ് ഭാര്യയോട് മിണ്ടാറില്ലായിരുന്നുവെന്നും ഇത് അവരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് ഫിലിപ്പിന്റെ മൊഴി.

അനിതയുടെ പാചകം സംബന്ധിച്ചായിരുന്നു ഇവർ തമ്മിൽ കലഹം കൂടിയിരുന്നത്. തനിക്കു പാകം ചെയ്തു തരുന്ന ഭക്ഷണം തീരെ കഴിക്കാൻ പറ്റാത്തതായിരുന്നുവെന്നും പലപ്പോഴും അവ ഏറെ എരിവുള്ളതോ അല്ലെങ്കിൽ തണുത്തുറഞ്ഞതോ ആയവയായിരിക്കും. ഇക്കാര്യം പറഞ്ഞാൽ ഭാര്യ തന്നോട് കയർത്തു സംസാരിക്കുമെന്നും പല കാര്യങ്ങളിലും അനിത പിടിവാശിക്കാരിയുമായിരുന്നുവെന്നുമാണ് ഫിലിപ്പ് പറയുന്നത്. ഭക്ഷണകാര്യം പറഞ്ഞ് വഴക്കടിക്കുന്നത് നിത്യസംഭവമായതിനെ തുടർന്നാണ് ഫിലിപ്പ് അനിതയോട് മാസങ്ങളോളം സംസാരിക്കാൻ കൂട്ടാക്കാതിരുന്നത്.

വീടിന് തീവച്ച് കുട്ടികളെ കൊല്ലും മുമ്പ് കേക്കും പെട്രോളും ഉറക്കഗുളികയും മറ്റും അനിത വാങ്ങിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടിന് തീവയ്ക്കും മുമ്പ് അനിത ഇവ കഴിച്ചിരുന്നു. അതേസമയം അനിത കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾ പീറ്റർ ഡെഷെയിൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഭർത്താവിനെ കുടുംബാംഗങ്ങളേയും കൊന്നിട്ട് താനും ചാവുമെന്നും അടുത്ത ജന്മത്തിലെങ്കിലും സൗഭാഗ്യത്തോടെ ജീവിക്കാൻ സാധിക്കുമെന്നും കാനഡയിലുള്ള ഒരു ബന്ധുവിനോട് ഫോണിൽ പറഞ്ഞതായി വ്യക്തമായിട്ടുണ്ട്.

മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിട്ടുള്ള അനിതയ്ക്ക് നല്ല ജോലി ലഭിക്കാത്തതായിരുന്നു മാനസിക സംഘർഷത്തിലേക്ക് നയിച്ച പ്രധാന കാര്യം. അനിതയും ഫിലിപ്പും തമ്മിൽ കലഹം പതിവായതിനെതുടർന്ന് ഇക്കാര്യം നാട്ടിലുള്ള അനിതയുടെ പിതാവിനോട് സൂചിപ്പിക്കുകയും അനിതയേയും മക്കളേയും നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നുവത്രേ. ഇടയ്ക്ക് വഴക്കിട്ട് അനിത ഒരു ദിവസം വനിതാ അഭയാർഥിക്യാമ്പിൽ പോയിരുന്നതായും ഫിലിപ്പിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷം അനിത ആത്മഹത്യ ചെയ്‌തേക്കുമെന്ന സംശയം തന്നിൽ ബലപ്പെട്ടിരുന്നുവെന്നും ഫിലിപ്പ് പറയുന്നു. പിന്നീട് ഇവർ മരിക്കുന്ന സമയത്ത് ഫിലിപ്പ് നാട്ടിലായിരുന്നു. ഭാര്യയുടേയും മക്കളുടേയും മരണവാർത്ത അറിഞ്ഞ് പിറ്റേന്നു തന്നെ മെൽബണിൽ എത്തുകയും ചെയ്തു. കാനഡയിൽ നിന്ന് ഏതാനും വർഷം മുമ്പാണ് ദമ്പതികൾ മക്കൾക്കൊപ്പം ഓസ്‌ട്രേലിയയിൽ എത്തുന്നത്.

അമ്മയുടേയും മക്കളുടേയും മരണത്തിലുള്ള ഇൻക്വസ്റ്റ് തയാറാകുന്ന നടപടി തുടരുകയാണ്. ഇൻക്വസ്റ്റ് ഓഗസ്റ്റിൽ കൈമാറുമെന്നാണ് സ്‌റ്റേറ്റ് കോറോനർ അറിയിച്ചിരിക്കുന്നത്.