- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുകുട്ടികൾ ഉള്ള കുടുംബം അല്ലേ എന്ന് പറഞ്ഞാലൊന്നും ബ്ലേഡ് കമ്പനി ഉടമ വിജയന്റെ മനസ് അലിയില്ല; അഞ്ചംഗ കുടുംബത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വഴി അർദ്ധരാത്രി മതിൽ കെട്ടി അടച്ച് ഫിനാൻസ് ഉടമ; തൊടിയൂരിലെ കുടുംബത്തോട് ചോദിച്ചത് 10 ലക്ഷം; 10 രൂപ കൈയിലില്ലാത്ത കുടുംബത്തെ തിരിഞ്ഞുനോക്കാതെ പഞ്ചായത്തും
കൊല്ലം: വീടിന് മുന്നിലെ വഴി മതിൽ കെട്ടിയടച്ച സംഭവത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരികൾ. മൂന്നാം ക്ലാസ്സുകാരിയും ഏഴാംക്ലാസ്സുകാരിയും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വഴിയാണ് മതിൽ കെട്ടിയടച്ചിരിക്കുന്നത്. ഒരുമാസം പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നോ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കരുനാഗപ്പള്ളി തഴവയ്ക്ക് സമീപം തൊടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരിയായ പുലിയൂർ വഞ്ചി വടക്ക് ശിവാലയത്തിൽ ശ്രീദേവി(83)യുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലാണ് അയൽക്കാരനായ ഫിനാൻസ് ഉടമ വൈകുണ്ഠം വിജയൻ മതിൽ കെട്ടി അടച്ചിരിക്കുന്നത്. ശ്രീദേവിയും മകൻ സജു കൃഷ്ണനും ഭാര്യയും മക്കളുമാണ് ഇവിടെ വീട് നിർമ്മിക്കുന്നത്. വർഷങ്ങളായി ഇവർ നടന്നു പോകുന്ന വഴിയാണ് അയൽക്കാരൻ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ പാതിരാത്രിയിലാണ് അടച്ചത് എന്ന് ശ്രീദേവിയും കുടുംബവും പറയുന്നു. വീടിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോഴാണ് മതിൽ കെട്ടിയടച്ചത്. ഇതിന്റെ വീഡിയോ റിപ്പോർട്ട് മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ നാലു ദിവസം മുൻപ് സംപ്രേഷണം ചെയ്തിരുന്നു. വീഡിയോ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി പേർ സംഭവത്തിൽ ഉടപെട്ട് ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും അയൽക്കാരൻ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. 10 ലക്ഷം രൂപ തരികയാണെങ്കിൽ വഴി തുറന്നു കൊടുക്കാമെന്നാണ് ഇയാളുടെ പക്ഷം. എന്നാൽ 10 ലക്ഷം പോയിട്ട് 10 രൂപ എടുക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് ഇവർ.
വിദേശത്താണ് ശ്രീദേവിയുടെ മകൻ സജു കൃഷ്ണൻ ജോലി ചെയ്തിരുന്നതെങ്കിലും വലിയ മെച്ചമൊന്നുമില്ലായിരുന്നു. വിദേശത്ത് നിന്നും സ്വരൂപിച്ച പണവും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയ പണവും ഉപയോഗിച്ചാണ് രണ്ട് മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട് ഇവർ നിർമ്മിക്കാൻ തുടങ്ങിയത്. കൊറോണ വ്യാപിക്കുന്നതിന് മുൻപ് നാട്ടിലെത്തിയ സജുവിന് പിന്നീട് തിരികെ വിദേശത്തേക്ക് പോകാനും കഴിഞ്ഞില്ല. നിർമ്മാണം അവസാന ഘട്ടത്തിലെക്ക് അടുക്കുമ്പോഴായിരുന്നു അയൽക്കാരനായ വിജയൻ കൊടും ചതി ചെയ്തത്. ഇതോടെ വീടിന്റെ നിർമ്മാണം അവതാളത്തിലായി. നിർമ്മാണം മുടങ്ങിയതോടെ സമയത്ത് ഗൃഹപ്രവേശനം നടത്താൻ കഴിയാതെ വന്നു. ഇതോടെ പണം കടംകൊടുത്തവരെല്ലാം തിരികെ ചോദിക്കാൻ തുടങ്ങി. പല രീതിയിൽ അയൽക്കാരനുമായി ചർച്ച നടത്തിയെങ്കിലും 10 ലക്ഷം രൂപ വേണം എന്ന നിലപാടിലാണ്.
കുടുംബത്തിന്റെ ദുരവസ്ഥ നാടുമുഴുവൻ അറിഞ്ഞിട്ടും വാർഡ് മെമ്പർ സ്ഥലത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. വാർഡ് മെമ്പറുടെ ഭർത്താവ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയതായി പറയപ്പെടുന്നു. എന്നാൽ ഇയാളും മതിൽ കെട്ടിയ വിജയനും അടുത്ത ബന്ധമുള്ളവരാണ്. അിനാൽ ആ വഴിക്കും യാതൊരു നീതിയും ഇവർക്ക് ലഭിച്ചില്ല. മറുനാടൻ മെമ്പറുമായി ബന്ധപ്പെട്ടെങ്കിലും ഭർത്താവാണ് ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത് എന്ന വിചിത്രമായി മറുപടിയാണ് ലഭിച്ചത്. ഒരു വാർഡ് പ്രതിനിധി എന്ന നിലയിൽ ഇവിടെ എത്തി സംഭവം എന്താണെന്ന് അന്വേഷിക്കേണ്ട ചുമതല ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ സ്ഥലത്തില്ലെന്നും സ്വന്തം വീടായ വള്ളിക്കാവിൽ ക്വാറന്റൈനിലാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ അന്നേ ദിവസം ഒരു പൊതു പരിപാടിയിൽ ഈ മെമ്പർ പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു.
തൊടിയൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. എന്നാൽ സംഭവത്തിൽ ഇതുവരെയും ഇവർ ഇടപെട്ടിട്ടില്ല എന്നതാണ് ഏറെ അത്ഭുതം. കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബം ദുരിതത്തിലായിട്ടും ഇവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നീതി തേടി കുടുംബം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇന്ന് ചർച്ചയ്ക്ക് വിളിച്ചെങ്കിലും വിജയൻ എത്തിയില്ല. തുടർന്ന് ഇന്ന് തഹസീൽദാരെ കണ്ട് പരാതി നൽകാനൊരുങ്ങുകയാണ് ശ്രീദേവിയും കുടുംബവും. കളക്ടറുടെ ഓഫീസിൽ വിവരമറിയിച്ചെങ്കിലും അവിടെ നിന്നും ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വീട്ടിലേക്കുള്ള വഴി തുറന്നു തന്നില്ലെങ്കിൽ കൂട്ട ആത്മഹത്യയേ വഴിയുള്ളൂ എന്ന് കുടുംബം പറയുന്നു.
അതേ സമയം വൈകുണ്ഠം വിജയൻ പറയുന്നത് ഇങ്ങനെ; താൻ വർഷങ്ങൾക്ക് മുൻപ് വാങ്ങിയ വഴിയാണിത്. അന്നത്തെ ഏറ്റവും ഉയർന്ന വില കൊടുത്ത വാങ്ങിയ വഴി ഇവർക്ക് വെറുതെ കൊടുക്കാൻ കഴിയില്ല. മൂന്ന് സെന്റ് സ്ഥലമാണ് വഴി. സെന്റിന് 7 ലക്ഷം രൂപ വച്ച് 21 ലക്ഷം രൂപ വില വരും. അതിന്റെ പകുതി വിലയായ 10 ലക്ഷം മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ എന്നാണ് വിജയൻ മറുനാടനോട് പറഞ്ഞത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.