- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന നികുതി-നികുതിയേതര വരുമാനം 68,905.93 കോടി; ശമ്പളത്തിനും പെൻഷനും പലിശയ്ക്കുമായി ചെലവ് 93,480 കോടിയും; പലിശ ചെലവ് ആറു വർഷം കൊണ്ട് രണ്ടു മടങ്ങ് കൂടും; പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നത് പണം കടമെടുത്ത്; കേരളം വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കേരളസർക്കാരിന്റെ പലിശച്ചെലവ് ആറുവർഷംകൊണ്ട് വർധിക്കുന്നത് രണ്ടുമടങ്ങ്. കടം വർധിക്കുന്നതാണ് പലിശച്ചെലവ് കുതിച്ചുയരാൻ കാരണം. അതിനിടെ കൂടുതൽ കടത്തിന് സർക്കാർ ഗാരന്റി ഉറപ്പാക്കാൻ നിയമഭേദഗതി ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനവും ചർച്ചയാണ്. അർധ അതിവേഗ പാതയായ സിൽവർലൈനിന് ഉൾപ്പെടെയുള്ള വികസനപദ്ധതികൾക്ക് പണം കണ്ടെത്താനാണ് ഇത്. വികസനത്തിന് കൂടുതൽ കടമെടുക്കേണ്ടിവരുന്നത് മുൻനിർത്തിയാണ് സർക്കാർ ഗാരന്റിപരിധി നിയമം ഭേദഗതി ചെയ്യുന്നത്. ഇതോടെ കേരളം വലിയ കടത്തിലേക്ക് വീഴും.
ആറു വർഷം കൊണ്ട് നിലവിലെ രീതിയിൽ പോയാൽ കടം 2.35 ലക്ഷം കോടിയിൽനിന്ന് 4.55 ലക്ഷം കോടിയാവും. ഈവർഷം പുതുക്കിയ കണക്കുപ്രകാരം 3.34 ലക്ഷം കോടിയാണ് കടം. 2018-'19-ൽ 16,747.92 കോടിയായിരുന്നു പലിശ നൽകിയിരുന്നത്. ഇത് 2024-'25-ൽ 32,630 കോടിയാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ബജറ്റിനൊപ്പം നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് മധ്യകാല സാമ്പത്തികപരിപാടി. ഇതിലാണ് ഈ കണക്കുകൾ ഉള്ളത്. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കുവേണ്ട ചെലവ് ഇപ്പോൾ സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനത്തെക്കാൾ കൂടുതലാണ്.
2018-'19ൽ 31,405 കോടിയായിരുന്നു ശമ്പള ചെലവ്. 2024-'25ൽ 49,262 കോടിയാകും. പെൻഷൻ ചെലവ് 2018-'19ൽ 19,011 കോടിയാണ്. 2024-'25ൽ ഇത് 33,413 കോടിയാകും. 2018-'19 ൽ നികുതി-നികുതിയേതര വരുമാനം 62,427 കോടി മാത്രമാണ്. ശമ്പളത്തിനും പെൻഷനും പലിശയ്ക്കുമായി ചെലവായത് 67,165.55 കോടിയും. 2022-'23-ൽ പ്രതീക്ഷിക്കുന്ന നികുതി-നികുതിയേതര വരുമാനം 68,905.93 കോടിയാണ്. ശമ്പളത്തിനും പെൻഷനും പലിശയ്ക്കുമായി ചെലവ് 93,480 കോടിയും. 2024-'25-ൽ പ്രതീക്ഷിക്കുന്ന നികുതി-നികുതിയേതര വരുമാനം 1.11 ലക്ഷം കോടിയും ശമ്പളത്തിനും പെൻഷനും പലിശയ്ക്കുമായി ചെലവ് 1.15 ലക്ഷം കോടിയുമാണ്.
ഈ വരുമാന-ചെലവ് അന്തരമാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇങ്ങനെ കടമെടുത്ത് പെൻഷൻ കൊടുക്കുന്ന സംസ്ഥാനത്താണ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെ ചീഫ് വിപ്പിന്റേയും എല്ലാം രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്നതെന്നതാണ് വിചിത്രം. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഇത്തരം നടപടികളും ഈ ബജറ്റ് കണക്കുകൾ ചർച്ചയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടം എടുക്കാനുള്ള സാഹചര്യം കൂടുതൽ കൂട്ടുന്നത്.
കൂടുതൽ കടത്തിന് സർക്കാർ ഗാരന്റി ഉറപ്പാക്കാൻ നിയമഭേദഗതി ചെയ്യുമെന്നാണ് ബജറ്റ് പ്രഖ്യാപനം. അർധ അതിവേഗ പാതയായ സിൽവർലൈനിന് ഉൾപ്പെടെയുള്ള വികസനപദ്ധതികൾക്ക് കൂടുതൽ കടമെടുക്കേണ്ടിവരുന്നത് മുൻനിർത്തിയാണ് സർക്കാർ ഗാരന്റിപരിധി നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോൾ സർക്കാരിന് ശരാശരി 45,000 കോടിയുടെ വായ്പയ്ക്കാണ് ഗാരന്റി നിൽക്കാനാവുന്നത്. ഇത് 80,000 കോടിവരെ ഉയർത്താനാണ് ഭേദഗതി. സിൽവർലൈനിനായി 33,700 കോടിയാണ് സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് കേന്ദ്രം ഗാരന്റി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗാരന്റി നൽകാൻ തയ്യാറാണെന്ന് സംസ്ഥാനസർക്കാർ മറുപടിയും നൽകി.
സർക്കാർ ഗാരന്റി നൽകിയാലേ വിദേശ ഏജൻസികളിൽനിന്ന് ഉൾപ്പെടെ കടമെടുക്കാനാവൂ. അതത് സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചുശതമാനംവരുന്ന കടത്തിനാണ് സർക്കാരിന് ഇപ്പോൾ ഗാരന്റി നൽകാവുന്നത്. ഇതിലാണ് ഭേദഗതിവരുത്തുന്നത്. മുൻവർഷത്തെ റവന്യൂവരുമാനത്തിന്റെ അതേ തുകയോ ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനമോ ഏതാണ് കുറവ് അതായിരിക്കും ആ വർഷം ഏപ്രിൽ ഒന്നിന് സർക്കാരിന്റെ ഗാരന്റിപരിധി. ഗാരന്റിപരിധി ഉയരുന്നതോടെ കൂടുതൽ കടമെടുക്കാനും സർക്കാരിന് കഴിയും.
ഇക്കാര്യത്തിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയും. കിഫ്ബി എടുക്കുന്ന വായ്പയ്ക്കും സർക്കാരാണ് ഗാരന്റി നൽകുന്നത്. ഇത് ബജറ്റിലെ കടമെടുപ്പിനു പുറമേയാണെന്നതാണ് വസ്തുത. ഇതിന് വേണ്ടിയാണ് കിഫ്ബി രൂപീകരിച്ചത് തന്നെ. പക്ഷേ തിരിച്ചു നൽകുന്നുവെന്ന് ഉറപ്പാക്കേമ്ട ബാധ്യത സർക്കാരിനും.
മറുനാടന് മലയാളി ബ്യൂറോ