കൽപറ്റ: കായികരംഗത്ത് വലിയൊരു അവസരം കൈവന്നിട്ടും പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് നമ്മുടെ നാട്ടിലെ ഒരുകൂട്ടം കായികപ്രതിഭകൾ. ഇറാനിലെ കിഷ് ഐലൻഡിൽ മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും ഇന്ത്യൻ ടീം പങ്കാളിത്തം അനിശ്ചിതത്വത്തിൽ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പണം ഇല്ലാതെ വിഷമിക്കുകയാണ് ഇന്ത്യൻ ടീം. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്‌പോൺസർഷിപ്പ് ലഭിച്ചില്ലെങ്കിൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ യാത്ര മുടങ്ങും.

വേൾഡ് ആംപ്യൂട്ടി ഫുട്‌ബോൾ ഫെഡറേഷനു കീഴിൽ ഇറാൻ ആംപ്യൂട്ടി ഫുട്‌ബോൾ ഫെഡറേഷൻ ഭിന്നശേഷിക്കാരായ ഫുട്‌ബോൾ താരങ്ങൾക്കായി നടത്തുന്നതാണ് വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഓരോ ഇന്ത്യൻ ടീം അംഗത്തിനും 1.6 ലക്ഷം രൂപ ചെലവാണ് കണക്കാക്കുന്നത്. ആംപ്യൂട്ടി ഫുട്‌ബോൾ നിലവിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടില്ല. അതിനാൽ ടീമിനു സർക്കാർ സഹായം ലഭിക്കില്ല. ടീമിന്റെ ചെലവ് സ്വയം വഹിക്കാനുള്ള ശേഷി പാരാ ആംപ്യൂട്ടി ഫുട്‌ബോൾ അസോസിയേഷൻ ഇന്ത്യയ്ക്കും ഇല്ല. നിർധന കുടുംബാംഗങ്ങളായ ഇന്ത്യൻ ടീം അംഗങ്ങൾ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്.

ആദ്യമായാണ് ഏഷ്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇതിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ഒക്ടോബറിൽ തുർക്കിയിൽ ആംപ്യൂട്ടി ഫുട്‌ബോൾ വേൾഡ് കപ്പിൽ പങ്കെടുക്കാൻ അവസരം. എന്നാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പോലും ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഉറപ്പില്ല.

ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുത്ത 18 താരങ്ങളിൽ 10 പേരും മലയാളികളാണ്. കോഴിക്കോടുകാരൻ എസ്.ആർ.വൈശാഖാണ് ക്യാപ്റ്റൻ. സിജോ ജോർജ്(തിരുവനന്തപുരം), ബി.ബാഷ(ആലപ്പുഴ), മനു പി.മാത്യു(പാലക്കാട്), കെ.അബ്ദുൽ മുനീർ(കോഴിക്കോട്), ബി.ഷൈജു(കൊല്ലം), വി.പി.ലെനിൽ(പാലക്കാട്), ഷെബിൻ ആന്റോ(തൃശൂർ), മുഹമ്മദ് ഷെഫീഖ് പാണക്കാടൻ(മലപ്പുറം), കെ.പി.ഷബിൻരാജ്(കാസർകോട്) എന്നിവരാണ് ടീമിലെ മറ്റു കേരളീയർ. വി.വസന്തരാജ, വിജയ് ശർമ, മൻജീത് സിങ്, ഗൗഹർ അഹമ്മദ് ഗനി, മുസൈബ് റഷീദ്, ഉമർ സലാംദാർ, സഹൂർ അഹമ്മദ് വാനി, അബ്ദുൽ റഹ്മാൻ മിർ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടീം അംഗങ്ങൾ. സ്‌പോൺസർഷിപ്പിനു താത്പര്യമുള്ളവർ 9809921065 എന്ന ഫോൺ നമ്പറിൽ ബന്ധപ്പടെണമെന്നു അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു