പത്തനംതിട്ട: ഷെയർ മാർക്കറ്റിന്റെ പേരിൽ 15 കോടിയോളം രൂപാ തട്ടിയെടുത്ത് യുഎഇയിലേക്ക് മുങ്ങിയ ദമ്പതികൾ ഒടുവിൽ കേരളാ പൊലീസിന്റെ പിടിയിലായി. ഫെഡറൽ ബാങ്കിലെ മുൻ ജീവനക്കാരനും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായിരുന്ന മൈലപ്രാ കൊടിഞ്ഞിനാൽ ലെസ്ലി ദാനിയേൽ ഭാര്യ ശാന്തൻ സൂസൻ എന്നിവരെയാണ് അബുദബിയിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്റർപോൾ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇന്ന് രാവിലെ ഡൽഹിയിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിച്ച പ്രതികളെ പത്തനംതിട്ട ഡിവൈ.എസ്‌പി കെഎ വിദ്യാധരൻ, വനിതാ സിഐ ഉദയമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരിയിൽ എത്തിക്കുന്ന പ്രതികളെ പത്തനംതിട്ടയിൽ കൊണ്ടുവന്ന് കൂടുതൽ ചോദ്യം ചെയ്യും. മുൻപ് പലതവണയും ഇന്റർപോൾ അവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഏറ്റെടുക്കാൻ കേരളാ പൊലീസ് മടിക്കുകയായിരുന്നു. പണം നഷ്ടമായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇക്കുറി അറസ്റ്റ് നടന്നിരിക്കുന്നത്.

മുമ്പ് അജ്മാനിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി സുഖവാസം നയിക്കുകയായിരുന്നു. ഓഹരി വിപണിയുടെ മറവിൽ ബന്ധുക്കൾ ഉൾപ്പെടെ പത്തിലധികം പേരിൽ നിന്നും പതിനഞ്ച് കോടിയോളം രൂപ തട്ടിയെടുത്തശേഷം 2007-ലാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ ശാന്തൻ സൂസൻ, മാതാവ് ഗ്ലോറിയ ദാനിയേൽ എന്നിവരും യുഎഇയിലേക്ക് കടന്നിരുന്നു. ഓഹരി വിപണിയിൽ വൻ തുക നേടിത്തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചശേഷമാണ് ഇയാൾ നാട്ടുകാരിൽ നിന്നും കോടികൾ തട്ടിയത്. വിദേശത്തേക്ക് പോയ ലസ്ലി ദാനിയേലിനെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ, പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1, കോടതി-2, എന്നിവിടങ്ങളിൽ തട്ടിപ്പിനിരയായവർ കേസ് ഫയൽ ചെയ്തിരുന്നു.

എന്നാൽ പ്രതികൾ വിദേശത്തേക്ക് കടന്നതിനാൽ ശരിയായ അന്വേഷണം നടക്കുകയൊ കോടതിയിലെ കേസുകൾക്ക് പുരോഗതി ഉണ്ടാവുകയോ ചെയ്തില്ല. കോടതി നിരവധി തവണ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. 2012 ഏപ്രിൽ 19നും ഓഗസ്റ്റ് എട്ടിനും ഇന്റർപോൾ മുഖേന വാറണ്ടുകൾ നടപ്പിലാക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും പ്രോസിക്യൂഷന്റെ അനാസ്ഥമൂലം യാതൊന്നും ഉണ്ടായില്ല. ഇതിനിടെ 2014 മാർച്ച് 6ന് ലസ്ലി ദാനിയേലിന്റെ മാതാവ് ഗ്ലോറിയ ദാനിയേലിനെ മുംബൈ വിമാനത്താവളത്തിൽ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ഓഫീസർ അറസ്റ്റു ചെയ്തിരുന്നു.

എന്നാൽ ലസ്ലീ ദാനിയേലും ഭാര്യ ശാന്തൻ സൂസനും യുഎഇയിൽ തന്നെ സസുഖം കഴിഞ്ഞുവന്നു. വാറണ്ടുകൾ നടപ്പാക്കാൻ കഴിയാതെ വന്നതോടെ കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നിട്ടും യാതെരു നടപടിയും ഉണ്ടായില്ല. പ്രതികൾ യുഎഇയിയിൽ തന്നെ ഉണ്ടെന്ന് വ്യക്തമായതോടെ ഇരകൾ വീണ്ടും പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഇന്ത്യയും യുഎഇയും തമ്മിൽ കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാർ അനുസരിച്ച് പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ കോടതി ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

പിന്നീട് കേരളാ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ലസ്ലി ദാനിയേലിന്റെയും ഭാര്യ ശാന്തൻ സൂസൻ ദാനിയേലിന്റെയും പാസ്‌പോർട്ടുകൾ റദ്ദാക്കി. തുടർന്ന് വിദേശകാര്യവകുപ്പു മുഖേന കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി കേരളാ പൊലീസ് മേധാവിയോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും നിർദ്ദേശിച്ചു. ഒടുവിൽ ഹൈക്കേടതിയുടെ ഉത്തരവിനെ തുടർന്ന് കേരളാ പൊലീസ് നടത്തിയ ശ്രമഫലമായി ഇന്റർപോൾ 2016-ൽ ലസ്ലിക്കും ശാന്തൻ സൂസനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതേ തുടർന്നാണ് അജ്മാനിൽ വച്ച് പ്രതികൾ പിടിയിലാകുന്നത്.

എന്നാൽ ഇവരെ നാട്ടിൽ എത്തിക്കുന്നതിന് കേരളാ പൊലീസിന്റെയും ആഭ്യന്തര-വിദേശകാര്യ വകുപ്പുകളുടെയും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലും ക്രിയാത്മക നടപടികളും ആവശ്യമായിരുന്നു. ഇതുണ്ടായില്ല. ഇപ്പോൾ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.