കട്ടപ്പന: തോട്ടം മേഖലയിലെ പ്രതിസന്ധിയെ തുടർന്നു പട്ടിണിയിലും രോഗാവസ്ഥയിലും ജീവിതം മുമ്പോട്ടു തള്ളിവിടാൻ കഴിയാതെ നരകതുല്യമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികളെ കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന പാസ്റ്റർമാർ പീരുമേട് മേഖലയിൽ പിടിമുറുക്കുന്നു. ഇവരെക്കുറിച്ചുള്ള പരാതികൾ കിട്ടിയിട്ടും നടപടിയെടുക്കാൻ പൊലീസ് മടികാണിക്കുന്നതായാണു വിവരം.

കഴിഞ്ഞ മൂന്നു വർഷമായി പാസ്റ്റർമാർ തൊഴിലാളികളുടെ അജ്ഞതയും ദാരിദ്ര്യവും ചൂഷണം ചെയ്തു പണം തട്ടിയെടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഏലപ്പാറ മേഖലയിലെ പത്തോളം തൊഴിലാളി കുടുംബങ്ങൾക്ക് വീടിന് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുന്ന ഇടത്തരക്കാർക്ക് സഹായമായി വൻതുക നൽകാമെന്നു പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്തു.

ഉപ്പുതറ ചപ്പാത്ത് കരുന്തരുവി എസ്റ്റേറ്റ് ലയത്തിലെ സെലി പാസ്റ്റർ എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നത്. ഇതേ തോട്ടത്തിലെ പത്തോളം കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ അഞ്ചു ലക്ഷം രൂപ വീതം വാങ്ങി നൽകാമെന്നു പറഞ്ഞ് ഇയാൾ ഇവരിൽനിന്ന് 5000 രൂപ വീതം മൂന്നു വർഷം മുമ്പു വാങ്ങി. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്നാണ് പണം ലഭിക്കുന്നതെന്ന് തൊഴിലാളികളെ വിശ്വസിപ്പിച്ച് ഓരോ തൊഴിലാളിയിൽനിന്നും 5000 രൂപ വീതം വാങ്ങിയെടുക്കുകയും ചെയ്തു.

ഏതാനും മാസം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് വീട് വയ്ക്കാൻ പണം കിട്ടിയില്ല. തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോൾ, ഉത്തമപാളയത്ത് ഇതുസംബന്ധിച്ച് ചില കേസുകൾ ഉണ്ടായെന്നും പിന്നീട് പണം കിട്ടുമെന്നും പറഞ്ഞ് മടക്കിയയച്ചു. പിന്നീട് ഏതാണ്ട് ഒന്നര വർഷം മുമ്പ് തൊഴിലാളികളെ പാസ്റ്റർ സെലി വീണ്ടും സമീപിച്ച് അര ലക്ഷം രൂപ വീതം നൽകിയാലേ 5 ലക്ഷം ലഭിക്കൂ എന്നറിയിച്ചൂ. ഇതു വിശ്വസിച്ച തൊഴിലാളികൾ 50,000 രൂപ വീതം കൂടി നൽകി. പിന്നീട് പണം ശരിയായിട്ടുണ്ടെന്ന് അറിയിച്ചതോടെ ഇത് വാങ്ങാൻ 5000 രൂപയുമായി ഓരോരുത്തരും ഉത്തമപാളയത്തെത്തി. പണം അടങ്ങിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇവർക്ക് ഓരോ ബാഗ് നൽകി തിരിച്ചയച്ചു. ജയിംസ് സ്വാമി എന്നറിയപ്പെടുന്നയാളാണ് ബാഗ് നൽകിയത്. ബാഗിന്റെ താക്കോൽ ഒരാഴ്ചക്കുശേഷം നൽകുമെന്നും അതിനുമുമ്പ് ബാഗ് തുറക്കരുതെന്നും നിർദേശിച്ചിരുന്നു. തൊഴിലാളികൾ ഇത് സത്യമാണെന്നു ധരിച്ച് ബാഗ് വീട്ടിലെത്തിച്ച് ഭദ്രമായി സൂക്ഷിച്ചുവച്ചു. പിന്നീട് ഒരാഴ്ചക്കുശേഷം 5000 രൂപ കൂടി വാങ്ങി താക്കോൽ നൽകുകയും 20 ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നും പറഞ്ഞു. ഒടുവിൽ ബാഗ് തുറന്നപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തൊഴിലാളികൾക്ക് ബോധ്യപ്പെട്ടത്. തമിഴ് പത്രങ്ങൾ മുറിച്ച് ബാഗിനുള്ളിൽ നോട്ടുകെട്ടുപോലെ കനത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു.

വഞ്ചിതരായവർ സെലി പാസ്റ്ററെ വീണ്ടും സമീപിച്ചപ്പോൾ സംഭവം പുറത്തറിയിക്കേണ്ടെന്നും ബാഗുകൾ മാറിപ്പോയതാകാമെന്നും പണം വാങ്ങി നൽകാമെന്നും പറഞ്ഞു. ബാഗുകൾ പുഴയിൽ ഒഴുക്കിക്കളയാനും നിർദേശിച്ചു. തുടർന്നു പല തവണ തൊഴിലാളികളുമായി തമിഴ്‌നാട്ടിൽ പോയെങ്കിലും പണം മാത്രം കിട്ടിയില്ല. ഇക്കാര്യം തൊഴിലാളികളിൽ ചിലർ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലിസ് സ്റ്റേഷനിൽ പരാതി നൽകാൻപോലും നിർദേശിച്ചില്ല. പരാതിപ്രകാരം സെലി പാസ്റ്ററെ മാത്രം വിളിച്ചു വരുത്തി. മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുടക്കിയ പണം കിട്ടുമോയെന്നറിയാൻ ബുധനാഴ്ചയും ഏതാനും തൊഴിലാളികൾ തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്.

സാമ്പത്തിക ബാധ്യതയിലായ ഏലപ്പാറയിലെ വ്യാപാരിയായ ഫിലോമിനയിൽനിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സെലി പാസ്റ്ററുടെ നേതൃത്വത്തിൽ 5 ലക്ഷം തട്ടിയെടുത്ത സംഭവവും പുറത്തു വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ 5 ലക്ഷത്തിനു പകരം 50 ലക്ഷം തരാമെന്ന വാഗ്ദാനത്തിലാണ് ഇവർ വീണുപോയത്. ഇവർക്കും തമിഴ്‌നാട്ടിലെത്തിച്ച് ബാഗ് നൽകി മടക്കി അയയ്ക്കുകയും പിന്നീട് താക്കോൽ നൽകുകയും ചെയ്തു. ഇവരുടെ ബാഗിൽ പത്രക്കടലാസുകൾക്കു പുറമേ കുറെ പൂക്കളുമാണുണ്ടായിരുന്നത്. ഇവരും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ സമീപച്ചുവെങ്കിലും ഗുണമുണ്ടായില്ല. ഏലപ്പാറയിലെ ഏതാനും വ്യാപാരികൾകൂടി സെലി പാസ്റ്ററുടെ കെണിയിൽ വീണെങ്കിലും മാനഹാനി മൂലം ഇതുവരെ പരാതിപ്പെടാൻ തയാറായിട്ടില്ല. പാസ്റ്റർ സെലിയെ കൂടാതെ ജയിംസ് സ്വാമി, പാസ്റ്റർമാരായ രാജാ, ജെയിംസ് തുങ്ങിയവരും തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് കബളിപ്പിക്കപ്പെട്ടവർ നൽകിയ വിവരം. ഏലപ്പാറ, ചപ്പാത്ത്, വണ്ടിപ്പെരിയാർ തുടങ്ങിയ മേഖലകളിൽ ഇവർ ഇത്തരം തട്ടിപ്പുകൾ നടത്തിയതായും വ്യക്തമായിട്ടുണ്ട്.