- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളി
ന്യൂഡൽഹി: ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ അസാധാരണ നീക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിന്റെ താൽക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു സോണിയ ഗാന്ധി. കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷത പദവിയിൽനിന്ന് ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചുവെന്ന വാർത്ത കളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ അയച്ച കത്തിന് നൽകിയ മറുപടിയിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇടക്കാല അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി സ്ഥാനം ഒഴിയുന്നതിനും പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നുവെന്ന് സോണിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് പ്രവർത്തക സമിതി യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് സോണിയ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി സോണിയ ഇക്കാര്യം ചർച്ച ചെയ്ത് കഴിഞ്ഞുവെന്നും വിവരങ്ങൾ പുറത്തുവരുന്നു.
പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് 20 മുതിർന്ന നേതാക്കളായ ഈമാസം ആദ്യം സോണിയയ്ക്ക് കത്തയച്ചത്. എന്നാൽ പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി നടത്താനുള്ള സമയം ഇതല്ലെന്നും അത്തരം നീക്കങ്ങൾ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താനെ ഇടയാക്കൂവെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അരീന്ദർ സിങ് ശങ്കയേതുമില്ലാതെ ഗാന്ധി കുടുംബത്തിൽ വിശ്വാസമർപ്പിച്ചു. പ്രവർത്തക സമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരുമായ 23 നേതാക്കൾ സമൂല മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കത്തെഴുതിയത് പുറത്തുവന്നതിന് പിന്നാലെയാണ് ക്യാപ്റ്റൻ അരിന്ദർ സിങ് സ്വന്തം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന് ഇപ്പോൾ ആവശ്യം അതിശക്തമായ യോജിച്ച പ്രതിപക്ഷമാണെന്ന് അമരീന്ദർസിങ് പറഞ്ഞു.
എൻഡിഎയുടെ വിജയമെന്നത് യോജിച്ച പ്രതിപക്ഷത്തിന്റെ അഭാവമാണ്. രാജ്യം അതിനിർണായക ഘട്ടത്തിലൂടെ കന്നുപോകുമ്പോൾ രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയണം. ഇന്ത്യ ഇപ്പോൾ നേരിടുന്നത് അതിർത്തിയിൽ വിദേശത്തുനിന്നുള്ള ഭീഷണിമാത്രമല്ല രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുന്ന ആഭ്യന്തര വെല്ലുവിളികൾ കൂടിയാണ്. ഏകീകൃത കോൺഗ്രസിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ.
നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ ചർച്ചകൾ കൊണ്ടുവരുന്നത് തന്നെ അനവസരത്തിലാണ്. ഗാന്ധി കുടുംബം കോൺഗ്രസിനും രാജ്യത്തിനും നൽകിയ സേവനങ്ങൾ നിസ്തുലമാണ്. അത് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിത്തന്നത് മുതൽ ഇതുവരെയുള്ള എല്ലാ മേഖലയിലുമുണ്ട്. ഇപ്പോൾ കോൺഗ്രസിന് ആവശ്യം ആർക്കെങ്കിലും സ്വീകാര്യമായ നേതൃത്വത്തെയല്ല. എല്ലാവർക്കും സ്വീകാര്യമായ നേതൃത്വമാണ്. അതിലൂടെ മാത്രമേ പാർട്ടിയുടെ അണികൾ മുതൽ നേതൃത്വം വരെ കൂട്ടിയോജിപ്പിക്കാനും ചലിപ്പിക്കാനും കഴിയൂ. അതിന് ഏറ്റവും യോഗ്യർ ഗാന്ധിമാരാണ്. സോണിയാ ഗാന്ധി ആഗ്രഹിക്കുന്നിടത്തോളം കാലം അവർ നേതൃസ്ഥാനത്ത് തുടരണം. അതിന് ശേഷം രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരണം. പാർട്ടിയെ നയിക്കാൻ പൂർണമായി കഴിവുള്ളതിനാൽ അദ്ദേഹം ആ ചുമതലയേറ്റെടുക്കണം.
ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് അംഗങ്ങളില്ലാത്ത ഒരു ഗ്രാമം പോലും ഇന്ത്യയിൽ ഇല്ലെന്ന് അമരീന്ദർ സിങ് പറഞ്ഞു. അതേസമയം സോണിയ സ്ഥാനം ഒഴിഞ്ഞാൽ പകരം ആരെത്തും എന്ന ചോദ്യം സജീവമായിട്ടുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ചു അറിയിച്ചതോട കോൺഗ്രസ് ഗുരുതര നേതൃപ്രതിസന്ധിയാണ് നേരിടുന്നത്.
അതിനിടെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോൺഗ്രസും ജാഗ്രത പലിക്കുകയാണ്. കോൺഗ്രസ് അഖിലേന്ത്യ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ഒരിക്കലും ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും നിലനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിവേദികളിൽ രേഖപ്പെടുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും നേതാക്കൾക്കുണ്ട്. അതിന് കടകവിരുദ്ധമായി പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നവിധം പരസ്യമായ പ്രസ്താവനകൾ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കോൺഗ്രസിന്റെ അന്തസ്സിന് ചേർന്നതല്ല.അത് കോൺഗ്രസിന്റെ ശൈലിയുമല്ല.
കോൺഗ്രസിന്റെ പൈതൃകവും ആദർശവും ജനാധിപത്യബോധവും ഉൾക്കൊള്ളുന്ന കറകളഞ്ഞ മതനിരപേക്ഷവാദിയായ രാഹുൽ ഗാന്ധിയെപ്പോലെയുള്ള നേതാവിനെയാണ് പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കാവശ്യം. ഇന്ത്യൻ ഫാസിസ്റ്റുകളുമായി നേരിട്ടുള്ള പോരാട്ടമാണ് രാജ്യം ആഗ്രഹിക്കുന്നത്.മോദി സർക്കാരിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്ന ഇന്ത്യയിലെ ഏകനേതാവ് രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധിയുടെ സത്യസന്ധതയും അഴിമതിക്കെതിരായി പാർട്ടിക്കുള്ളിലും പുറത്തും എടുക്കുന്ന നിലപാടും തനിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുണ്ട്.
ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോൾ അവരുമായി നേരിട്ടുപോരാട്ടം നടത്തുന്നവരെയാണ് കോൺഗ്രസിന് ആവശ്യം. ഒട്ടേറെ 'ഇലപൊഴിയും കാലം' കണ്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ അടിവേരുകൾ ജനഹൃദയങ്ങളിലാണ്.അത് പിഴുതെറിയാൻ ആർക്കും സാധ്യമല്ല. കോൺഗ്രസ് ഒരു സംസ്കാരവും ജീവിത ശൈലിയുമാണ്.അത് പിന്തുടരുന്നവർക്ക് മാത്രമേ ധീരമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ സാധിക്കുകയുള്ളു.കോൺഗ്രസിനെ ഇന്ന് നയിക്കാൻ രാഹുൽ ഗാന്ധിതന്നെ വേണമെന്ന കെപിസിസിയുടെ അഭിപ്രായം നേതൃത്വത്തെ പലഘട്ടത്തിൽ അറിയിച്ചിട്ടുണ്ട്.രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണ് കെപിസിസിക്കുള്ളത്.ഒന്നും പ്രതീക്ഷിക്കാതെ ഈ പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച കോടിക്കണക്കായ ജനങ്ങളുണ്ട്. അവരുടെ വികാരത്തെ മുറിപ്പെടുത്തുന്നത് ആരായാലും ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ