പിറന്നാളുകൾ, വിവാഹം, വാർഷികങ്ങൾ തുടങ്ങിയ ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾക്കായി നാം സമയമേറെ ചെലവഴിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാറുണ്ട്. എന്നാൽ നാം എങ്ങനെയാണ് മരിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിക്കുകയോ അതിന് വേണ്ടിയുള്ള ആസൂത്രണങ്ങൾ നടത്തുകയോ ചെയ്യുന്നവരായി ആരുമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ പുതിയൊരു പഠനത്തിലൂടെ നല്ല മരണത്തിന്റെ സവിശേഷതകൾ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. നല്ല മരണം ലഭിക്കാൻ എന്ത് ചെയ്യണം...? ഏറ്റവും നല്ല മരണം ലഭിക്കുന്നത് എത്തരക്കാർക്ക്..? തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ പഠനം നിർദേശിക്കുന്നുണ്ട്. ആദ്യം കേൾക്കുമ്പോൾ ഇത് തികഞ്ഞ അസംബന്ധമായി തോന്നാമെങ്കിലും എന്നാൽ നാം എങ്ങനെയാണ് മരിക്കുന്നതെന്നതിനെ കുറിച്ച് തുറന്ന് ചർച്ച ചെയ്യുന്നതിന് പ്രാധാന്യമേറെയുണ്ടെന്ന് അൽപം ചിന്തിച്ചാൽ നമുക്ക് ബോധ്യപ്പെടും. ഇത്തരം ചർച്ചകളിലൂടെ രോഗികൾക്ക് മികച്ച മരണം ലഭിക്കാൻ വഴിയൊരുങ്ങുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

നല്ല മരണത്തെക്കുറിച്ച് വ്യത്യസ്ത വിഭാഗങ്ങൾക്കും ആളുകൾക്കും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്‌ച്ചപ്പാടുകളുമാണുള്ളതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മതത്തിനും ആത്മീയതയ്ക്കും പ്രാധാന്യമുണ്ടെന്നാണ് ഗവേഷണത്തിന് വിധേയരാക്കിയ രോഗികൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ ആദരവിനും ജീവിത പൂർത്തീകരണത്തിനും നല്ല മരണത്തെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ടെന്നാണ് രോഗികളുടെ ബന്ധുക്കളുടെ പക്ഷം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ സ്‌കൂൾ ഓഫ്മെഡിസിനിലെ ഡോ. ദിലീപ് ജെസ്റ്റെയും സംഘവുമാണ് ഇത് സംബന്ധിച്ച അപൂർവ പഠനം നടത്തിയിരിക്കുന്നത്. മരണം വിവാദമായ വിഷയമാണെന്നും ആളുകൾ ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ നാം ഓരോരുത്തരും ഏത് തരത്തിലുള്ള മരണമാണ് ആഗ്രഹിക്കുന്നതെന്നതിനെ കുറിച്ച് സത്യസന്ധതയോടെയും സുതാര്യമായും സംസാരിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹം നിർദേശിക്കുന്നത്.തങ്ങളുടെ പഠനത്തിന്റെ ഭാഗമായി അദ്ദേഹവും സംഘവും നല്ല മരണത്തെ നിർവചിക്കുന്ന പഠനങ്ങളുടെ 32 പീർ റിവ്യൂഡ് റിപ്പോർട്ടുകൾ അവലോകനം ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഗവേഷണസംഘം നല്ല മരണത്തെ സംബന്ധിച്ചുള്ള രോഗികളുടെയും അവരുടെ കുടുംബാഗംങ്ങളുടെയും ഹെൽത്ത്കെയർ പ്രൊവൈഡർമാരുടെയും കാഴ്ചപ്പാടുകളെ സൂക്ഷ്മമായി അവലോകനം ചെയ്തിരുന്നു. നല്ല മരണത്തെ നിർണയിക്കുന്ന 11 പ്രധാനപ്പെട്ട കാര്യങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അവ താഴെപ്പറയുന്നവയാണ്.

1. ഒരു പ്രത്യേക മരണപ്രക്രിയയ്ക്കുള്ള മുൻഗണനനകൾ
2. വേദനാരഹിത നില
3. ധാർമികത്വം/ ആത്മീയത
4. വൈകാരികമായ സൗഖ്യം
5.ജീവിത പൂർത്തീകരണം
6. ചികിത്സാ മുൻഗണനകൾ
7. ആദരവ്
8. കുടുംബം
9. ജീവിതത്തിന്റെ ഗുണനിലവാരം
10. ഹെൽത്ത് കെയർ പ്രൊവൈഡറുമായുള്ള ബന്ധം
11.മറ്റുള്ളവ

ഇതിൽ മരിക്കുന്നതിനായി ചില പ്രത്യേക പ്രക്രിയകൾ തെരഞ്ഞെടുക്കുന്നതും വേദനാ രഹിതമായ മരണവും രോഗികൾ മരണാനന്തരം ലഭിക്കാനാഗ്രഹിക്കുന്ന മതപരമോ അല്ലെങ്കിൽ ആത്മീയപരമായതോ ആയ ആചാരങ്ങൾക്കുമാണ് പ്രാധാന്യമേറെയുള്ളതായി പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ച എല്ലാ ഗ്രൂപ്പുകളിലുള്ളവരും വെളിപ്പെടുത്തിയിരിക്കുന്നത്. വൈകാരികമായ സൗഖ്യത്തോടെയുള്ള മരണത്തിനും ആദരവോടെയും ജീവിതം പൂർത്തിയാക്കിയെന്ന തോന്നലോടെയുമുള്ള മരണത്തിനും പ്രാധാന്യമേറെയുണ്ട്. രോഗികൾക്ക് നൽകിയ ചികിത്സയ്ക്കും അവരുടെ കുടുംബം മരണവേളയിൽ നൽകിയ സ്നേഹം, ജീവിതത്തിന്റെ നിലവാരം, ഹെൽത്ത് കെയർ പ്രൊവൈഡറുമായുള്ള ബന്ധം മറ്റ് കാര്യങ്ങൾ എന്നിവയ്ക്കും നല്ല മരണത്തെ നിർണയിക്കുന്നതിൽ പ്രാധാന്യം കുറവല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ വ്യത്യസ്ത ഗ്രൂപ്പുകൾ ഇതിൽ വ്യത്യസ്തമായ മാനദണ്ഡങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. ഉദാഹരണമായി ധാർമികത്വം/ ആത്മീയത യ്ക്കാണ് രോഗികൾ മുൻഗണന നൽകിയിരിക്കുന്നത്. എന്നാൽ അവരുടെ കുടുംബാംഗങ്ങൾ ആദരവിനും ജീവിത പൂർത്തീകരണത്തിനുമാണ് ഊന്നൽ നൽകുന്നത്. മരണവേളയിൽ ഹെൽത്ത്കെയർ പ്രൊവൈഡർമാർ രോഗികൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ മധ്യവർത്തികളായി നിലകൊള്ളുകയാണ് ചെയ്യുന്നതെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

രോഗികളും കുടുംബാംഗങ്ങളും ഹെൽത്ത് കെയർ പ്രൊവൈഡർമാരും മരണത്തെ തീർത്തും വ്യത്യസ്തമായാണ് കാണുന്നതെന്നാണ് പഠനവുമായി ബന്ധപ്പെട്ട പേപ്പറിന്റെ ആദ്യ ഓഥറും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ സ്‌കൂൾ ഓഫ്മെഡിസിനിലെ ഡോ. എമിലി മിയർ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ജേർണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.മരണത്തോടടുക്കുന്ന വേളയിൽ ചില രോഗികൾ ഫ്ലൂയിഡും ഔഷധവും കഴിക്കാൻ കൂട്ടാക്കാറില്ലെന്നും ബന്ധുവായ രോഗി മരിക്കാൻ പോവുകയാണെന്ന് കുടുംബാംഗങ്ങളോട് പറയാൻ ചില കേസുകളിൽ ഡോക്ടർമാർ പരാജയപ്പെടാറുണ്ടെന്നുമാണ് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് കണ്ടെത്തിയിരിക്കുന്നത്. ചില എൻഎച്ച്എസ് സ്റ്റാഫുകൾ രോഗികളുടെ അവസാന നിമിഷത്തിൽ ആശ്വാസം പകരാനോ അവരുടെ കൈ പിടിച്ച് സാന്ത്വനിപ്പിക്കാനോ പേടിക്കുന്നുണ്ടെന്നും കാലിഫോർണിയ യൂണിവേഴ്സിറ്റി പഠനം കണ്ടെത്തിയിട്ടുണ്ട്.

മരണത്തോടടുത്ത കാൻസർ രോഗികളെ അവരുടെ വീട്ടിലേക്ക് മരിക്കാനായി അയക്കാറുണ്ടെന്നും വീട്ടിലെത്തിയതിന്റെ ആശ്വാസം കാരണം ചില രോഗികൾ ഏതാനും ദിവസങ്ങൾ കൂടി ജീവിച്ചിരുന്നിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ച പുറത്ത് വന്ന യൂണിവേഴ്സിറ്റി ഓഫ് സുകുബ പഠനം വെളിപ്പെടുത്തുന്നു. വീട്ടിലേക്കയച്ച കാൻസർ രോഗികൾ 36 ദിവസങ്ങൾ കൂടി ജീവിച്ചപ്പോൾ അതേ അവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞവർ വെറും 29 ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളുവെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.മിക്കവാറും ആളുകളും തങ്ങളുടെ അവസാന നിമിഷങ്ങൾ വീട്ടിൽ ചെലവിടുന്നതിനാണ് മുൻഗണന നൽകുന്നതെങ്കിലും മിക്കഡോക്ടർമാരും ഇവരെ വീട്ടിലേക്ക് വിടാൻ തയ്യാറാകാത്തതിനാൽ ഭൂരിഭാഗം പേരും ആശുപത്രിയിൽ കിടന്ന് മരിക്കേണ്ടി വരുന്നുവെന്നും ഗവേഷകർ പറയുന്നു.വിവിധ അസുഖങ്ങൾ ബാധിച്ച് വേദന തിന്ന് മരണത്തിലേക്ക് അടുക്കുമ്പോൾ അവസാന നിമിഷങ്ങൾ സുഖകരമാക്കാൻ അൽപം മോർഫിൻ കുത്തി വയ്ക്കുന്നത് നല്ലതാണെന്ന് പഠനത്തിൽ ഭാഗഭാക്കായ നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.