ഹൂസ്റ്റൺ : അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്ക് 2000 മുതൽ നാലായിരം ഡോളർ വരെ പിഴ ചുമത്തുന്ന പുതിയ നിയമം ഹൂസ്റ്റൺ സിറ്റി കൗൺസിൽ പാസാക്കിയതായി സെക്രട്ടറി അറിയിച്ചു. മാലിന്യ നിക്ഷേപം വർധിച്ചുവരുന്നതിനാലാണു പിഴ ഇരട്ടിയാക്കിയത്.

കുറഞ്ഞ വരുമാനക്കാർ താമസിക്കുന്ന പ്രദേശങ്ങളിലെ നിയമവിരുദ്ധ മാലിന്യ നിക്ഷേപം എന്നും സിറ്റിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനെ ഫലപ്രദമായി നേരിടുന്നതിനാണ് പുതിയ ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം ഉപയോഗശൂന്യമായ മോട്ടോർ വാഹനങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും നിയമ നടപടികൾക്കു വിധേയമാക്കുമെന്നും സിറ്റി അധിതൃർ മുന്നറിയിപ്പ് നൽകി.

ഇതുവരെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. മാലിന്യനിക്ഷേപം പരിസരമലിനീകരണം സൃഷിക്കുകയും സമീപവാസികൾക്ക് ആരോഗ്യത്തിന് ഭീഷിണിയാകുമെന്നും, ഇതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനുള്ള നടപടികൾ സിറ്റി കൈകൊള്ളുമെന്നും അറിയിച്ചു.