കുവൈറ്റ് സിറ്റി: കുടുംബങ്ങൾക്കായുള്ള റെസിഡൻഷ്യൽ മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മുനിസിപ്പൽ കൗൺസിൽ ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശികൾക്കായി പ്രത്യേകം പണിതിട്ടുള്ള സ്വകാര്യ പാർപ്പിട മേഖലകളിൽ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരേ ശക്തായ താക്കീതാണ് മുനിസിപ്പൽ കൗൺസിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത്തരം മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരിൽ നിന്നും അവർക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്ന കെട്ടിട ഉടമകളിൽ നിന്നുമായി 10,000 ദിനാർ പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച് 125/1992 കെട്ടിടനിയമം ഭേദഗതി ചെയ്തിട്ടുമുണ്ട്. പ്രവാസി ബാച്ചിലർമാരെ ലക്ഷ്യമിട്ടുകൊണ്ടാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമലംഘനം നടത്തുന്ന കെട്ടിടങ്ങൾക്കുള്ള വൈദ്യുതി വിതരണം നിർത്തലാക്കുമെന്നും താമസക്കാരെ പൊലീസിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെ ഒഴിപ്പിക്കുമെന്നും  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ സബീഹ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കുടുംബങ്ങളായി താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർക്കു താമസസൗകര്യം ഒരുക്കുന്നതു കൂടാതെ റെസ്റ്റോറന്റുകളും കഫറ്റീരിയകളും ബഖാലകളുമൊക്കെ സ്ഥാപിച്ച് വാണിജ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പ്രവണതയും വർധിച്ചുവരികയാണെന്നും ഇത് പ്രവാസി ബാച്ചിലർമാരുടെ സാന്നിധ്യം സ്വദേശികൾക്കിടയിൽ വർധിപ്പിക്കുയാണെന്ന ആശങ്കയും ഉയർന്ന സാഹചര്യത്തിലാണ് നിയമഭേദഗതി വരുത്താൻ തയാറായത്. പലപ്പോഴും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയും ഇത് ഉയർത്തുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സ്വകാര്യ ഹൗസിങ് മേഖലകളായി സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ വിദേശീ ബാച്ചിലർമാരുടെ സാന്നിധ്യം തീരെ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ  അഹമ്മദ് അൽ സുബീഹ് മുന്നറിയിപ്പു നൽകിയിരുന്നു.