റിയാദ്: സൗദിയിൽ ഉള്ള മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് ജവാസത്ത് സേവനങ്ങൾ ലഭിക്കുന്നതിന് വിരലടയാളം നിർബന്ധമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിദേശ വനിതകൾക്കുള്ള റീ എൻട്രി, പ്രഫഷൻ മാറ്റം, പാസ്‌പോർട്ടിലുള്ള വിവരങ്ങൾ മാറ്റൽ (നഖലുൽ മഅ്‌ലൂമാത്ത്) തുടങ്ങിയ സേവനങ്ങൾക്ക് നവംബർ 23 (സഫർ ഒന്ന്) മുതൽ വിരലയടയാളം നിർബന്ധമാക്കിയിരിക്കുന്നത്. ഡിസംബർ 23 മുതൽ രണ്ടാംഘട്ടമായി വിദേശ വനിതകളുടെ ഇഖാമ പുതുക്കുന്നതിനും വിരടയാളം നിർബന്ധമാക്കിയിട്ടുണ്ട്.

സൗദിയിലെ എല്ലാ വിദേശികൾക്കും ഘട്ടംഘട്ടമായാണ് വിരലടയാളം നിർബന്ധമാക്കിയതെന്ന് സൗദി ജവാസാത്ത് വക്താവ് ക്യാപ്റ്റൻ അഹമ്മദ് അല്ലുഹൈദാൻ പറഞ്ഞു. ജവസാത്ത് സേവനങ്ങൾക്ക് വിരലടയാളം നടപ്പാക്കുന്ന അവസാന ഘട്ടം ഡിസംബറിൽ നടപ്പാക്കും. വിരലടയാളം രേഖപ്പെടുത്താത്ത വിദേശികൾക്ക് ഡിസംബർ 23 മുതൽ ജവാസാത്തിന്റെ സേവനങ്ങൾ ലഭിക്കില്ല.

പാസ്‌പോർട്ടിന്റെ ഈ സേവനങ്ങൾ ഓൺലൈൻ വഴിയായതിനാൽ വിരലടയാളം നൽകാത്തവർക്ക് സേവനം ലഭ്യമാവില്ല.വിദേശി സ്ത്രീകളുടെ വിരലടയാളം ഉൾപ്പെടുന്ന ജൈവവിവരങ്ങൾ രേഖപ്പെടുത്തി പാസ്‌പോർട്ട് വിഭാഗത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നെങ്കിലും നിയമം മൂലം നിർബന്ധമാക്കിയിരുന്നില്ല. കഴിഞ്ഞ ഏപ്രിൽ 20 മുതൽ സ്ത്രീകളുടെ ജവാസാത്ത് സേവനത്തിന് വിരലടയാളം എടുക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവംബർ 23 മുതൽ നിയമം
നിർബന്ധമാക്കുകയാണ്.

അവധിക്ക് പോയിവരുന്ന സ്ത്രീകളും വിരലടയാളം നൽകേണ്ടി വരും. ആശ്രിത വിസയിലുള്ള സ്ത്രീകൾക്കും 15 വയസ്സിന് മുകളിലുള്ള മക്കൾക്കും നിയമം ബാധകമാണെന്ന് ജവാസാത്ത് വൃത്തങ്ങൾ വിശദീകരിച്ചു.ആദ്യഘട്ടത്തിൽ പുരുഷന്മാരുടെയും അടുത്ത ഘട്ടത്തിൽ സ്ത്രീകളുടെയും
വിരലടയാളം ഉൾപ്പെടുന്ന ജൈവരേഖകൾ ഇലക്ട്രോണിക് സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് പദ്ധതിയിട്ടിരുന്നത്. സ്വദേശികളുടെ ജൈവവിവരങ്ങൾ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് രാജ്യത്ത് മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്.