രു ജോലിയുമെടുക്കാതെ മാസം തോറും സർക്കാർ വലിയൊരു തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാലോ? ഫിൻലൻഡിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരം ആളുകൾക്കാണ് ഈ ഭാഗ്യം കൈവരാൻ പോകുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കൽപം നടപ്പിലാക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് പിൻലൻഡ്.

ഓരോ മാസവും 560 യൂറോ വീതമാണ് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടായിരം പേരുടെ അക്കൗണ്ടിലെത്തുക. സർക്കാറിന്റെ ചുവപ്പുനാടകളൊഴിവാക്കി ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. ദാരിദ്ര്യം കുറയ്ക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഫിന്നിഷ് സർക്കാർ കരുതുന്നു.

രണ്ടുവർഷത്തേയ്ക്കാണ് പരീക്ഷം നടപ്പിലാക്കുന്നത്. ജനുവരി ഒന്നിന് ഇത് തുടക്കം കുറിച്ചു. നിലവിൽ തൊഴിലില്ലായ്മ നഷ്ടപരിഹാരം ലഭിച്ചുകൊണ്ടിരിക്കുന്നവരിൽനിന്നാണ് 2000 പേരെ സർക്കാർ തിരഞ്ഞെടുത്തത്. ഈ പണം എങ്ങനെ ചെലവഴിക്കണമെന്നത് സംബന്ധിച്ച് സർക്കാർ യാതൊരു നിർദേശവും നൽകിയിട്ടില്ല. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് ഇത് കുറവുചെയ്യുകയുമില്ല.

തൊഴിൽരഹിതരുടെ ജീവിതത്തിലെ ഇല്ലായ്മകൾ പരമാവധി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫിന്നിങ് സർക്കാർ ഏജൻസിയായ കേല വ്യക്തമാക്കി.ജീവിതത്തിൽ പലതും നഷ്ടപ്പെടുകയാണെന്ന ആശങ്കയോടെ ജീവിക്കുന്നവരെ താങ്ങിനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ആനുകൂല്യം ലഭിക്കുന്നവർക്ക് ജോലി ലഭിച്ചുകഴിഞ്ഞാലും മാതം 560 യൂറോ വീതം ലഭിച്ചുകൊണ്ടിരിക്കുമെന്നും കേല വക്താവ് ഓയ്‌ലി ജെന്നിങ്‌സ് പറഞ്ഞു.

55 ലക്ഷം ജനസംഖ്യയുള്ള ഫിൻലൻഡിലൽ തൊഴിൽരഹിതർ വളരെയേറെയിണ്ട്. രണ്ടേകാൽ ലക്ഷത്തോളം പേരാണ് തൊഴിലില്ലായ്മയിൽ വലയുന്നത്. ഫിൻലൻഡിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി ജൂഹ സിപിലയുടെ തീരുമാനപ്രകാരമാണ് ഇപ്പോഴത്തെ പദ്ധതി നടപ്പിലാക്കുന്നത്.