തിരുവനന്തപുരം: പ്രദർശിപ്പിക്കാൻ തിയറ്ററുകൾ അനുവദിക്കാത്തതിനെ തുടർന്ന് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ച 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമക്കെതിരെ ആക്രമണം കടുപ്പിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദിലീപിൽ നിന്നും ആന്റണി പെരുമ്പാവൂരിൽ നിന്നും സംഘടനയെ മോചിപ്പിക്കാനാണഅ ശ്രമം. ഇതിന്റെ ഭാഗമായാണ് മരയ്ക്കാറിനെതിരായ പ്രതിഷേധം. ജയനും പ്രേംനസീറും ചത്തടിഞ്ഞിട്ടും മലയാള സിനിമ ബാക്കിയായെന്നും മോഹൻലാലും മമ്മൂട്ടിയും പോയാലും അതുണ്ടാകുമെന്ന് ഫിയോക്കിലെ നേതാവ് പറഞ്ഞെന്ന ചർച്ച സംവിധായകൻ പ്രിയദർശൻ സജീവമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക് കൂടുതൽ പ്രതിഷേധങ്ങൾക്ക് മുതിരുന്നത്.

മോഹൻലാൻ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന് മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നദിനം കരിദിനമായി ആചരിക്കും. അന്ന് തിയറ്ററുകൾക്ക് മുന്നിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് വ്യക്തമാക്കി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി അടുത്ത് ചേരുന്ന ഫിയോക് ജനറൽ ബോഡി ചർച്ചചെയ്യുമെന്നും അവർ അറിയിച്ചു. ആന്റണിയെ സംഘടനയിൽ നിന്ന് പറത്താക്കും. അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞു. ഈ തീരുമാനങ്ങൾക്കൊന്നും ദിലീപിന്റെ പിന്തുണയുമില്ല.

ഫിയോക്കിൽ വിജയകുമാർ പിടിമുറുക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് സംഘടനയുടെ ചെയർമാൻ കൂടിയായ ദിലീപ് തന്റെ ചിത്രമായ കേശു ഈ വീടിന്റെ നാഥനും ഒടിടിയിൽ കൊടുക്കാൻ തീരുമാനിച്ചത്. ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' നവംബർ 12ന് തന്നെ തിയറ്ററിൽ എത്തുമെന്നും ഫിയോക്ക് വ്യക്തമാക്കി. കുറുപ്പിനായി തിയറ്ററുകൾ പൂർണ സജ്ജമായി. മരക്കാറിന് വേണ്ടിയല്ല കുറുപ്പിന് വേണ്ടിയാണ് തിയറ്റർ തയ്യാറെടുത്തതെന്നും ഫിയോക്ക് വ്യക്തമാക്കി. യുവതാരങ്ങൾ അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ഒപ്പം നിൽക്കരുതെന്നും ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു. സിനിമാ തർക്കം പുതിയ പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് ഈ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ഫിയോക് ഉണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസോടെ ഫിയോക് വിജയകുമാറിന്റെ കൈയിലായി. സംഘടനയിൽ നിന്ന് ദിലീപ് മാറി നിന്ന സാഹചര്യം മുതലെടുത്തായിരുന്നു ഇത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അധികാരം വിജയകുമാർ ഉപയോഗിച്ചു. ഇതാണ് മരയ്ക്കാറുമായുള്ള ചർച്ചയിൽ ഫിയോക്ക് കടുംപിടിത്തത്തിലേക്ക് പോയത്. കേരളത്തിലെ എല്ലാ തിയേറ്ററിലും ഒരുമിച്ച് മരയ്ക്കാർ റിലീസ് ചെയ്യാനായിരുന്നു ആന്റണിയുടെ ലക്ഷ്യം. ഇതാണ് വിജയകുമാർ അട്ടിമറിച്ചത്. ഇതു മനസ്സിലാക്കിയാണ് ആന്റണി പെരുമ്പാവൂർ ഒടിടി ചർച്ചകൾ സജീവമാക്കിയത്.

മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ഒടിടി റിലീസിനു വിട്ടു കൊടുക്കുമെന്നു നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതോടെ 'മരക്കാർ' ചൂടു പിടിച്ച ചർച്ചകൾക്കാണു വഴിമരുന്നിട്ടത്. 25 വർഷത്തോളം കാത്തിരുന്നു തന്റെ സ്വപ്നമായ 'മരക്കാർ' സൃഷ്ടിച്ചെടുത്ത സംവിധായകൻ പ്രിയദർശൻ 'ഫിയോക്കിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. 'ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ ആഗ്രഹിക്കാത്തതുകൊണ്ടാണു 'മരക്കാർ' ഒടിടിയിൽ റിലീസ് ചെയ്യാൻ സമ്മതിച്ചത്. മലയാളത്തിനു താങ്ങാൻ പറ്റുന്ന സിനിമയല്ല മരക്കാർ. ഈ സിനിമ ഞാനും മോഹൻലാലും 25 വർഷമായി കാണുന്ന സ്വപ്നമാണ്. ഈ സിനിമ റിലീസ് ചെയ്യുമ്പോൾ തിരുവനന്തപുരത്തെ തിയറ്ററിൽ അടുത്തടുത്തിരുന്നു കാണണം എന്നാണു ഡബ്ബിങ് തിയറ്ററിൽനിന്നു പിരിയുമ്പോൾ ഞങ്ങൾ പറഞ്ഞത്.-പ്രിയദർശൻ പറയുന്നത് ഇങ്ങനെയാണ്.

തിയറ്ററുകാർ ഒന്നുകൂടി ഒത്തു ശ്രമിച്ചിരുന്നെങ്കിൽ 'മരക്കാർ' തിയറ്ററിൽ വരുമായിരുന്നു. ജയനും പ്രേംനസീറും ചത്തടിഞ്ഞിട്ടും മലയാള സിനിമ ബാക്കിയായെന്നും മോഹൻലാലും മമ്മൂട്ടിയും പോയാലും അതുണ്ടാകുമെന്നും പറഞ്ഞ സംഘടനാ നേതാവിനോടു പറയാനുള്ളത്, കുറച്ചു കൂടി മനുഷ്യത്വം കാണിക്കണമെന്നാണ്. ആ വാക്കുകൾ പൊറുക്കാൻ മലയാളത്തിനാകില്ല. പട്ടിണി കിടന്ന ലൈറ്റ് ബോയ്ക്കും ചായ കൊടുക്കുന്ന പയ്യനും നഷ്ടമായതൊന്നും നിങ്ങൾക്കു കോവിഡ് കാലത്തു നഷ്ടമായിട്ടില്ല. അവൻ കിടന്ന പട്ടണിയാണ് എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നത്. ഞങ്ങൾ ആന്റണിയെ ചേർത്തു നിർത്തുന്നതു സ്വന്തം ജീവിതം പണയംവച്ചു ഞങ്ങളുടെ സ്വപ്നത്തിന്റെ കൂടെ നിന്നതിനാണ്. അയാളുടെ തകർച്ച ആർക്കാണ് ആഘോഷിക്കേണ്ടത്?-ഇതാണ് പ്രിയദർശൻ ചോദിക്കുന്നത്.

'കുറുപ്പ്' സിനിമ 12ന് കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലെക്സുകളിലുമായി 450 സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. നേരത്തെ ഒടിടി റിലീസിന് കരാറുണ്ടാക്കിയ ചിത്രം പിന്നീട് മമ്മൂട്ടിയുടെ നിർദേശപ്രകാരം തിയേറ്റർ റിലീസിന് തീരുമാനിക്കുകയായിരുന്നു. ദുൽഖർ സൽമാന്റെ ഏറ്റവും ചെലവേറിയ സിനിമയായ കുറുപ്പ് ഇന്നത്തെ സാഹചര്യത്തിൽ തിയേറ്റർ റിലീസ് ചെയ്യുന്നതിൽ വലിയ റിസ്‌കുണ്ടെങ്കിലും പ്രേക്ഷകരിൽ പ്രതീക്ഷയർപ്പിച്ചാണ് ആ റിസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്ന് നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാനും നിർമ്മാണ പങ്കാളിയായ എം. സ്റ്റാർ എന്റർടെയ്ന്മെന്റിന്റെ സാരഥി അനീഷ് മോഹനും അറിയിച്ചു. കുറുപ്പിന് തിയേറ്ററുകൾ രണ്ടാഴ്ച ഫ്രീ റൺ ഉറപ്പു നല്കിയിട്ടുണ്ടെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

തിയേറ്റർ റിലീസിന് വേണ്ടിയാണ് എല്ലാവരും വലിയ സിനിമകൾ എടുക്കുന്നതെന്നും ഒടിടി റിലീസ് ചെയ്യുന്നതിന് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദുൽഖർ പറഞ്ഞു. ഭാവിയിൽ ഒടിടി റിലീസുകൾ അനിവാര്യമാകുമെന്നും ദുൽഖർ വ്യക്തമാക്കി. സിനിമയിൽ സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവുമായി സിനിമയ്ക്ക് മുമ്പും ശേഷവും സംസാരിച്ച് അനുമതി വാങ്ങുകയും ചാക്കോയുടെ മകൻ സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.