തിരുവനന്തപുരം: വിവാദസ്വാമി സന്തോഷ് മാധവൻ ഇടനിലക്കാരനായ പുത്തൻവേലിക്കര ഭൂമിദാന കേസിൽ മുന്മന്ത്രിമാരായ രണ്ടുപേർക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അടൂർപ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നീ രണ്ട് എംഎൽഎമാർക്ക് എതിരെയാണ് പുത്തൻവേലിക്കര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിജിലൻസിന്റെ പ്രത്യേക യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സന്തോഷ് മാധവൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.

കൊടുങ്ങല്ലൂരിലെയും, പുത്തൻവേലിക്കരയിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഏക്കർ ഭൂമി നികത്താനുള്ള അനുമതിയാണ് ഉമ്മൻ ചാണ്ടി സർക്കാർ വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നൽകിയത്.നെൽപ്പാടങ്ങളടങ്ങിയ സ്ഥലം നികത്താനുമുള്ള അനുമതിയും സർക്കാർ നൽകിയിരുന്നു.എന്നാൽ ഭൂമിദാനം വിവാദമായതിനെ തുടർന്ന് സർക്കാർ തീരുമാനം റദ്ദാക്കിയിരുന്നു.

സർക്കാരിന് നഷ്ടം സംഭവിക്കാത്തതിനാൽ മന്ത്രി അടൂർ പ്രകാശിനെതിരെ കേസ് എടുക്കേണ്ട എന്ന നിലപാടായിരുന്നു വിജിലൻസ് ആദ്യം സ്വീകരിച്ചിരുന്നത്.വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിയിൽ ഐടി കമ്പനിക്ക് ഭൂപരിധി നിയമത്തിൽ ഇളവ് നൽകിയതിനു പിന്നിൽ വ്യവസായ വകുപ്പാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 2016 ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നൽകിയ കുറിപ്പ് ഉൾപ്പെടെയുള്ള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരുന്നത്.

അതേസമയം കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്തു നടന്ന കടുംവെട്ടിൽ വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിലാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സർക്കാർ മാറിയാലും അഴിമതിക്കാരായ മന്ത്രിമാർ ശിക്ഷിക്കപ്പെടാത്ത പതിവുശൈലി ഇത്തവണ ഉണ്ടാകില്ലെന്ന് ഇടതു നേതാക്കളും ഉറപ്പു നൽകുന്നുണ്ട്. കടി കൊള്ളുമ്പോൾ അഴിമതിക്കാർ അറിയമെന്നായിരുന്നു ജേക്കബ് തോമസ് അഭിപ്രായപ്പെട്ടത്. എന്തായാലും അഴിമതിക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുമ്പോൾ അതിൽ രാഷ്ട്രീയ ഇടപെടൽ നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

സന്തോഷ് മാധവവന്റെ ഉടമസ്ഥതയിലുള്ള ആദർശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ നിലവും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കർ നിലവും 2006ൽ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സർക്കാർ മിച്ച ഭൂമിയായി 2009 ജനവരിയിൽ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഈ ഭൂമിയിൽ ഹൈടെക് ഐ.ടി. പാർക്ക് സ്ഥാപിക്കാൻ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ച് കൊണ്ട് 2016 മാർച്ച് 2 ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവ് വിവാദമായതോടെ 2016 മാർച്ച് 23 ന് പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും സതീശനും അടക്കമുള്ളവർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് കോടികളുടെ ഈ ഭൂമി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. സംഭവത്തിൽ റവന്യൂ മന്ത്രിക്ക് പങ്കില്ലെന്നും വ്യവസായ മന്ത്രിയാണ് ഫയൽ മന്ത്രിസഭയ്ക്ക് മുന്നിൽ ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നുമാണ് നേരത്തെ വിജിലൻസ് റിപ്പോർട്ട്. എന്നാൽ, ഈ റിപ്പോർട്ടിൽ ഏത് സാഹചര്യത്തിലാണ് ഫയൽ ഔട്ട് ഓഫ് അജണ്ടയായി എത്തിയതെന്നാണ് വ്യക്തമാക്കിയിരുന്നില്ല.