കൊച്ചി: മുഖ്യമന്ത്രിക്കും, കെ ടി ജലീലിനും സർക്കാരിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്‌ന സുരേഷ്, പി.സി.ജോർജുമായി ഗൂഢാലോചന നടത്തിയത് രണ്ടുമാസങ്ങൾക്ക് മുമ്പെന്ന് പ്രഥമ വിവര റിപ്പോർട്ട്. മുഖ്യമന്ത്രിക്കും, കെ ടി ജലീലിനും, സർക്കാരിനും എതിരെ വ്യാജ പ്രചാരണങ്ങളുമായി സമൂഹത്തിൽ ലഹള നടത്തണമെന്ന ഉദ്ദേശത്തോടും, കരുതലോടും കൂടി ഇരുവരും ചേർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് കുറ്റകരമായ ഗൂഢാലോചന നടത്തി. സ്വപ്‌ന സുരേഷ് ഹൈക്കോടതിക്ക് മുന്നിൽ വച്ച് മാധ്യങ്ങളിലൂടെ, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ മുഖ്യമന്ത്രിക്കും, ജലീലിനും സർക്കാരിനും എതിരെ വ്യാജപ്രചാരണങ്ങൾ നടത്തി. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത കലാപത്തിന് ശ്രമിച്ചു എന്നും എഫ്‌ഐആറിൽ പറയുന്നു.

കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്. സ്വപ്‌ന സുരേഷ് തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന കെ.ടി.ജലീന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു

പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകൾ ചുമത്തിയാണ് ക്രൈം നമ്പർ 645/22 ആയി കേസ് എടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീൽ സ്വപ്ന സുരേഷിന് എതിരെ പരാതി നൽകിയത്. രാവിലെ കന്റോൺമെന്റ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ജലീൽ പരാതി കൈമാറിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയിൽ ജലീൽ ആവശ്യപ്പെട്ടു.

സരിത ചാനലിൽ പറഞ്ഞത്

അതേസമയം, ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്റെ എറണാകുളത്തെ ഓഫീസിലാണെന്നും യോഗത്തിൽ സ്വപ്ന സുരേഷ്, നന്ദകുമാർ, പിസി ജോർജ്, സരിത്ത് എന്നിവടക്കം അഞ്ച് പേർ പങ്കെടുത്തിട്ടുണ്ടെന്ന് സരിത എസ് നായർ പറഞ്ഞു. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യോഗത്തിൽ പങ്കെടുത്ത അഞ്ചാമത്തെ വ്യക്തിയുടെ പേര് സ്ഥിരീകരിക്കാൻ സാധിക്കാത്തതുകൊണ്ട് സാധിക്കുന്നില്ലെന്നും സരിത പറഞ്ഞു.

സരിതയുടെ വാക്കുകൾ

'ക്രൈം നന്ദകുമാറിന്റെ എറണാകുളത്തെ ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. നന്ദകുമാറാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. ജനുവരി അഞ്ചിന് അറസ്റ്റിലായ ശേഷമാണ് ഗൂഢാലോചന നടന്നത്. സ്വപ്നയും പിസി ജോർജും സരിത്തും മറ്റൊരു വ്യക്തിയും യോഗത്തിൽ പങ്കെടുത്തു. നാലാമത്തെ വ്യക്തിയുടെ പേര് ഉറപ്പില്ലാത്തതുകൊണ്ട് പറയുന്നില്ല. വിഷയങ്ങൾ എല്ലാം ഒന്നുകൂടി കോടതിയുടെ പരിഗണനയിൽ കൊണ്ടുവരുകയെന്നതായിരുന്നു ലക്ഷ്യം. ആദ്യം എന്നെയും ഉൾപ്പെടുത്തി ഒരുമിച്ച് മീറ്റിങ് ചേരാമെന്നാണ് പിസി ജോർജ് പറഞ്ഞത്. ഒരുപക്ഷെ പിന്നീട് മറ്റാരുടെയോ നിർദ്ദേശപ്രകാരം എന്നെ മാറ്റിയതായിരിക്കും. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് മീറ്റിങ് എന്ന് പറഞ്ഞപ്പോൾ തന്നെ ഏകദേശം കാര്യം മനസിലായതുകൊണ്ട് വിട്ടുനിന്നു.'

'ഇത് എല്ലാം തെരഞ്ഞെടുപ്പിന്റെ മുൻപ് പുറത്തുവരേണ്ടതായിരുന്നു. പക്ഷെ ലേറ്റായി പോയി. സ്വപ്നയെ പിന്തുയ്ക്കാൻ വേണ്ടി മാത്രമല്ല, തെരഞ്ഞെടുപ്പ് അജണ്ടയായി കണ്ടിട്ടുള്ള പ്ലാനിംഗാണ് നടക്കുന്നതെന്ന് ഞാൻ അന്വേഷണത്തിൽ മനസിലാക്കി. എന്നാൽ പ്ലാൻ ചെയ്തത് നടപ്പാക്കാൻ സാധിച്ചില്ല. നിയമകുരുക്കിലേക്ക് പോകുകയും ചെയ്തു.'

ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ എളുപ്പത്തിൽ പൊലീസിന് ലഭിക്കും. ഫെബ്രുവരി 7 മുതൽ 25 വരെ. ആ ദിവസങ്ങളിലാണ് ഗൂഢാലോചന നടന്നത്. 15ന് ശേഷമാണ് എന്നെ ഒഴിവാക്കിയത്. പിസി ജോർജ് പറയാത്തതുകൊണ്ട് വിവരങ്ങൾ ലഭിച്ചില്ല. ഗൂഢാലോചന കേസിന്റെ അന്വേഷണവുമായി സഹകരിക്കും. ശബ്ദം പുറത്തുവന്നു കഴിഞ്ഞല്ലോ. എങ്ങനെയാണ് പിസി ജോർജുമായുള്ള സംഭാഷണം പുറത്തുവന്നതെന്ന് പറയാൻ സാധിക്കില്ല. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്ന സമയത്താണ് ജോർജും സ്വപ്ന സുരേഷും തമ്മിൽ ആശയവിനിമയം ആരംഭിച്ചതെന്നാണ് തന്റെ അറിവെന്നും സരിത പറഞ്ഞു.

സ്വപ്ന ആദ്യമായി രംഗത്ത് വന്നത് ശിവശങ്കറിന്റെ പുസ്തകം പുറത്ത് വന്ന സമയത്താണ്. തുടർന്ന് പിസി ജോർജിനെ അവർ ബന്ധപ്പെട്ടതായാണ് എന്റെ അറിവ്. തിരിച്ചാണോയെന്ന് അറിയില്ല. എന്നെ ഫോൺ ചെയ്തതിന്റെ തലേന്ന് ഇവർ കണ്ടെന്നാണ് എന്നോട് ആദ്യം പറഞ്ഞത്. ലഭിച്ച വിവരങ്ങളും വാർത്തകളും കണ്ടപ്പോഴുണ്ടായ ആകാംക്ഷയിലാണ് ഞാൻ പിസി ജോർജിനോട് കാര്യങ്ങൾ ചോദിക്കുന്നത്. ചോദിച്ചപ്പോൾ അവർ ഭയങ്കര മോശമായ അവസ്ഥയിലാണെന്നും ജോലി തരപ്പെടുത്തി കൊടുക്കണമെന്നുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. തുടർന്ന് ഇതിൽ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടോന്ന് ഞാൻ ചോദിച്ചു. ഉണ്ട്, വലിയ കാര്യങ്ങളാണെന്നാണ് എന്നോട് പറഞ്ഞത്. നേരിട്ട് പറയാമെന്നും പറഞ്ഞു. പിറ്റേന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വരാൻ പറഞ്ഞു. ബന്ധുവിനൊപ്പമാണ് അവിടെ ചെന്നത്. അതിൽ അവർക്ക് വേണ്ടി ജഡ്ജിയോട് സംസാരിച്ചെന്നും കോടതിയിൽ നൽകാനുള്ള പേപ്പർ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹമാണ് ചെയ്യുന്നതെന്നും പറഞ്ഞു. എൻഐഎയിലെ നാല് പേർക്കെതിരെ സ്വപ്നയെ കൊണ്ട് ഹർജി നൽകാൻ ഉദേശിക്കുന്നെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ഇതിനായാണ് ഒരു ജഡ്ജിയെ കണ്ടത്. അദ്ദേഹത്തിന്റെ പേര് എന്നോട് പറഞ്ഞിട്ടില്ല.'

പിസി ജോർജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറാനും സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി, എഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

നുണ പ്രചാരണം നടത്തി ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി കൊടുത്ത ശേഷം കെ ടി ജലീൽ പ്രതികരിച്ചു. പി സി ജോർജ് സ്വപ്നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമന്നും പരാതിയിൽ ഉണ്ട്.
'സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങൾക്കെതിരെ പരാതി നൽകി. നുണ പ്രചാരണം നടത്തി ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ അടിസ്ഥാനരഹിതമായ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.' കെ ടി ജലീൽ പറഞ്ഞു.

മൂന്ന് അന്വേഷണ ഏജൻസികൾ സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. അവർക്കെതിരെ 164 കൊടുത്തിട്ടുണ്ട്, അന്ന് പറഞ്ഞ കാര്യങ്ങൾ തേൻ പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. ഇതിലൊന്നും ഭയമില്ലെന്നും കെ ടി ജലീൽ വിശദീകരിച്ചു. മൂന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്തിയിട്ടില്ല. എത്ര വലിയ അന്വേഷണം ഇനിയും നടത്തിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന ആത്മവിശ്വാസം ഉണ്ട്. തോന്നുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമായി ആരുടെയോ പ്രേരണയെ തുടർന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതു പ്രവർത്തനം നടത്തുന്നവരെ അപമാനിക്കാൻ രെു രാഷ്ട്രീയ പാർട്ടിയും കൂട്ടുനിൽക്കരുത്. ബിജെപി പ്രേരണയിൽ നടക്കുന്ന ഗൂഡാേലാചനയ്ക്ക് യുഡിഎഫ് ഇന്ധനം പകരുന്നു. പ്രക്ഷോഭകർക്ക് ദുഃഖിക്കേണ്ടി വരുമെന്നും കെ ടി ജലീൽ പറഞ്ഞു.