തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുക്കേസിൽ എൻഎൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡിജിപി ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകരാമാണ് ഇത്. വെള്ളാപ്പള്ളിയടക്കം അഞ്ച് പേരാണ് പ്രതികൾ. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ ഏത് സമയവും വിജിലൻസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ പഴുതുകൾ അടച്ചാകും അറസ്റ്റിൽ തീരുമാനം എടുക്കുക. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി കേസിൽ പ്രതികളാകുന്നത്.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട 15 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വെള്ളാപ്പള്ളിയുൾപ്പെടെയുള്ള യോഗം നേതാക്കൾക്കെതിരായ ആരോപണം. വെള്ളാപ്പള്ളി തന്നെയാണഅ ഒന്നാം പ്രതി. യോഗം പ്രസിഡന്റ് എംഎൻ. സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെകെ മഹേശൻ, സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ് നജീബ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം, ധനാപഹരണം എന്നീ ആരോപണങ്ങളാണുള്ളത്. ഇതിനു പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസു വരുമെന്നാണ് സൂചന. വിജലിൻസ് ശേഖരിച്ച തെളിവുകളെല്ലാം ഡയറക്ടർ ജേക്കബ് തോമസ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

വെള്ളാപ്പള്ളിക്കെതിരെ ഈ കുറ്റങ്ങൾ ചുമത്തിയ സാഹചര്യം വിജിലൻസ് കോടതിയെ ബോധ്യപ്പെടുത്തും. രണ്ടാഴ്ച കഴിഞ്ഞ് വിജിലൻസ് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. അതിന് ശേഷമാകും അറസ്റ്റ്. പിന്നാക്ക വികസന കോർപറേഷൻ എസ്എൻഡിപി യോഗത്തിനു നൽകിയ 15 കോടിയോളം രൂപ യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയതെന്ന വാദവും സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി കേസിൽ പ്രതിയാകുന്നത്.

അതേസമയം തനിക്കു ലഭിച്ച പണം വിവിധ ജില്ലാ യൂണിയനുകൾക്ക് വീതിച്ചുനൽകുക മാത്രമാണ് ചെയ്തതെന്നും അതിൽ ചിലർ ആ പണം വകമാറ്റിയെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതോടെ ജില്ലാ ഭാരവാഹികളിൽ ചിലരെ കുടുക്കി കൈകഴുകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന് യോഗത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായി. കേസിൽ 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട ഇടപാടിൽ വൻതിരിമറികൾ നടന്നതായാണ് വിജിലൻസ് റേഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നില്ലെന്ന് ഉറപ്പാക്കിയാണ് വിജിലൻസിന്റെ കേസെടുക്കൽ.

അറസ്റ്റും മറ്റും ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് സൂചന. വിജിലൻസ് കേസെടുക്കുമെന്നും പിടിവീഴുമെന്നും ഉറപ്പായതോടെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കുമുന്നിൽ വെള്ളാപ്പള്ളി ശരണം തേടിയെത്തിയത്. ഇതിനു മുന്നോടിയായി ശനിയാഴ്ച യോഗം നേതാക്കളുടെ അടിയന്തിര യോഗവും വിളിച്ചുചേർത്തിരുന്നു. യോഗാനന്തരം നടന്ന പത്രസമ്മേളനത്തിൽ പിണറായിയെ വെള്ളാപ്പള്ളി ഏറെനേരം പ്രശംസിക്കുകയും ചെയ്തു. പിണറായിക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. ചില ദുഷ്ടശക്തികൾ വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങൾ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകി യോഗത്തെ തകർക്കാനും തളർത്താനുമാണ് ചിലരുടെ ശ്രമമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.

വി എസ് അച്യുതാനന്ദൻ ഒരുവശത്തുനിന്ന് മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പിടിമുറുക്കുമ്പോൾ മറുവശത്ത് ശ്രീനാരായണ ധർമ്മവേദിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിനു പുറമേ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണം ആവശ്യം ഉയർന്നിരുന്നു. ഇതും പിണറായി സർക്കാർ പരിഗണിക്കുന്നതായി സൂചനയുണ്ട്. അതിനിടെ അറസ്റ്റിനെ സമൂദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ വെള്ളാപ്പള്ളിയും ഒരുങ്ങുന്നതായാണ് വിവരം. വെള്ളാപ്പള്ളി ബിജെപി പാളയത്തിലെത്തിയതോടെ സിപിഐ(എം) ഗുരുദേവനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ ഗുരുദേവനെ കുരിശിൽ തറച്ചതായി ചിത്രീകരിക്കപ്പെട്ട നിശ്ചലദൃശ്യം സിപിഎമ്മിനെതിരെ അണികളെ ഇളക്കിവിടാൻ ശക്തമായ ആയുധമായി വെള്ളാപ്പള്ളി ഉപയോഗിച്ചിരുന്നു.

ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ അണികളിൽ വികാരമുണ്ടാക്കാനും സർക്കാരിനെതിരെ നീങ്ങാനുമാണ് വെള്ളാപ്പള്ളിയുടെയും യോഗം നേതൃത്വത്തിന്റെയും തീരുമാനമെന്നാണ് അറിയുന്നത്. ഇതിന്റെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും സജീവമായി തയ്യാറെടുക്കുകയാണ്. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന്റെ സാധ്യതയും വെള്ളാപ്പള്ളി തേടുന്നുണ്ട്.