കാസർഗോഡ്: ദളിത് സമുദായത്തെ ആക്ഷേപിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്. ഹൊസ്ദുർഗ് പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്. എൽഐസി ജീവനക്കാരൻ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്. സ്വകാര്യ ചാനലിന്റെ ചർച്ചയിൽ മാവിലൻ സമുദായാംഗമായ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ പരാമർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എസ്സി-എസ്ടി ആക്ട് 31 പ്രകാരമാണു കേസ്.

അതേസമയം, തനിക്കെതിരേയുണ്ടായ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും താൻ എഴുതിയതും പറഞ്ഞതും ദളിത് വിഭാഗത്തിനുവേണ്ടിയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.താൻ ജാതീയമായ ആക്ഷേപം നടത്തിയെന്ന ആരോപണം തെറ്റിധാരണ മൂലമാണെന്നും എഴുതിയതും പറഞ്ഞതുമെല്ലാം അവർണ്ണനുവേണ്ടിയാണെന്നും സന്തോഷ് എച്ചിക്കാനം. തന്റെ പന്തിഭോജനമെന്ന നോവലിനെ ആസ്പദമാക്കി കഥാകൃത്ത് ഉണ്ണി ആറും താനും തമ്മിലുള്ള ചർച്ചക്കിടയിലെ ഒരു ഭാഗം അടത്തി മാറ്റി താൻ ജാതീയ ആക്ഷേപം നടത്തിയെന്ന് ആരോപിക്കുകയാണ്.

ഡി.സി. ബുക്സ് സംഘടിപ്പിച്ച ചർച്ചയിൽ താൻ പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ട് കേട്ടതായിരിക്കാമെന്നും എച്ചിക്കാനും പറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിന്റെ ചർച്ചയിൽ പങ്കെടുത്തിട്ടില്ല. ഡി.സി. ബുക്സ് സംഘടിപ്പിച്ച ചർച്ച യുട്യൂബിൽ പ്രചരിക്കുകയായിരുന്നു. 'പന്തിഭോജനം ' അവർണ്ണ അനുകൂല നോവലാണ്. എന്നാൽ ഇതിനെക്കുറിച്ച് അനാവശ്യ ചർച്ചകൾ ഉണ്ടാക്കുകയാണ്.

പന്തിഭോജനത്തെക്കുറിച്ച് പറയുമ്പോൾ അവർണ്ണരായ ചിലർ അധികാരവും സമ്പത്തും കുന്നു കൂടുമ്പോൾ അവർ സവർണ്ണരാകാൻ ശ്രമിക്കുന്നു. നമ്പൂതിരിയേയും വെളുത്തവരേയും കല്ല്യാണം കഴിച്ച് താൻ ഒരു സവർണ്ണനായി എന്ന് സ്വയം നടിക്കുന്നു. അതേ സമയം ഡോ.അബേദ്കർ സ്വന്തം സമുദായത്തെ ഒപ്പം ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നാണ് താൻ പറഞ്ഞത്.

ചർച്ചക്കിടയിൽ തനിക്കറിയാവുന്ന ഒരു എൽ.ഐ.സി. ഉദ്യോഗസ്ഥൻ വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞിരുന്നു. അല്ലാതെ ആരേയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഇതിലൊന്നും തന്നെ ജാതീയമായി ആരേയും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് തനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

തന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തിക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമപറയാനും താൻ ഒരുക്കമായിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഒരുപാട് സംഭവങ്ങൾ കണ്ടും കേട്ടുമാണ് ഞാൻ എഴുതുന്നത്. അതിനുള്ള സ്വാതന്ത്ര്യവും ഒരു എഴുത്തുകാരനെന്ന നിലയിൽ എനിക്കുണ്ടെന്നും സന്തോഷ് പറഞ്ഞു.