- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീലാനിയുടെ മൃതശരീരത്തിൽ പാക് പതാക പുതപ്പിച്ച് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു; കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത് ബുദ്ഗാം പൊലീസ്; നടപടി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി
ശ്രീനഗർ: ജമ്മു-കശ്മീരിലെ അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതശരീരത്തിൽ പാക്കിസ്ഥാൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. മൃതദേഹം മറവ് ചെയ്യാൻ പൊലീസ് എത്തുന്നതിന് മുമ്പ് ഗീലാനിയുടെ മൃതശരീരത്തിൽ പാക് പതാക പുതപ്പിച്ചതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കുടുംബത്തിനെതിരെ കേസ്.
അതേസമയം ഗിലാനിയുടെ കുടുംബത്തിനെതിരെ കേസെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്‌കരിച്ചതായും ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം പോലും നൽകിയില്ലെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. മൃതശരീരം ബലം പ്രയോഗിച്ച് കൊണ്ടു പോയെന്നും അന്ത്യകർമം ചെയ്യാൻ അനുവദിച്ചില്ലെന്നും ഗിലാനിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അസുഖ ബാധയെ തുടർന്ന് ദീർഘകാലമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന 92കാരനായ ഗീലാനി ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. മൃതശരീരം തൊട്ടടുത്തുള്ള പള്ളി ഖബർസ്ഥാനിൽ കനത്ത പൊലീസ് സുരക്ഷയിൽ മതാചാരപ്രകാരം മറവു ചെയ്യുകയായിരുന്നു. ഗീലാനിയുടെ അഭിലാഷമനുസരിച്ച് 12 കിലോമീറ്റർ അകലെയുള്ള ശ്രീനഗറിലെ ശഹീദെ ഈദ്ഗാഹ് ശ്മശാനത്തിൽ മറവു ചെയ്യാനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്നും ദോറു സോപോറിൽ നിന്നുള്ള ബന്ധുവിന് മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതെന്നും മകൻ നഈം പറഞ്ഞു.
ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.എ.പി.എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്റെ നിഷ്‌കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ