കുടിയേറ്റക്കാർക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും വംശീയമായ പരാമർശങ്ങൾ നിരന്തരം നടത്തുന്ന ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നതിലുള്ള പ്രതിഷേധം കനക്കുകയാണ്. ഈ അവസരത്തിൽ ചില അമേരിക്കക്കാർ തമിഴന്മാരുടെ പ്രതിഷേധ രീതിയായ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കൽ പരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിൽ ഒരാൾ വാഷിങ്ടൺ ഡിസിയിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് വെളിയിൽ തീകൊളുത്തിയത് വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ചയായിരുന്നു ഈ 45കാരൻ ആത്മാഹുതി നടത്താൻ ശ്രമിച്ചത്.

ട്രംപ് പ്രസിഡന്റായി ചാർജെടുക്കുന്നതിലുള്ള തന്റെ പ്രതിഷേധമാണിതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തെരുവിൽ വീഴുന്നതിന് മുമ്പ് ഇയാളുടെ പുറക് വശത്ത് തീ കത്തിപ്പടർന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിവരിക്കുന്നത്. ഇയാൾക്ക് പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയുണ്ടാക്കുന്ന വിധം പരുക്ക് മാരകമല്ല. രാത്രി 9.30ന് തീകൊളുത്തി അൽപസമയത്തിനകം ഇയാളെ ആശുപത്രിയിലെത്തിച്ചതിനാൽ അപകടം ഒഴിവാുകയായിരുന്നു.ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലന്നൊണ് റിപ്പോർട്ട്. പ്രതിഷേധമെന്ന നിലയിൽ താൻ സ്വയം തീ കൊളുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇവിടെ വച്ച് അയാൾ എൻബിസിയോട് വെളിപ്പെടുത്തിയിരുന്നത്.

അമേരിക്കയുടെ ഭരണഘടനയെ ബഹുമാനിക്കാൻ പ്രാപ്തിയില്ലാത്ത ഒരാളെയാണ് നാം പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും അതിനെതിരെയുള്ള തന്റെ പ്രതിഷേധമാണിതെന്നും ഇയാൾ വിശദമാക്കിയിരുന്നു. കാലിഫോർണിയക്കാരനായ ഇയാൾക്ക് ശരീരത്തിന്റെ 10 ശതമാനം ഭാഗത്ത് മൂന്ന് ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്. മണ്ണെണ്ണയും ലൈറ്ററുമുപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം. ഹോട്ടലിന് മുന്നിൽ വച്ച് നടത്തിയ ഈ പ്രതിഷേധത്തെ തുടർന്ന് തങ്ങൾ ഹോട്ടലിലേക്ക് വിളിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. തീകൊളുത്തുന്നതിനിടയിൽ ഇയാൾ ട്രംപിന്റെ പേര് ഉച്ചത്തിൽ പറഞ്ഞ് ആക്രോശിച്ചിരുന്നു.തന്റെ പുറകിൽ തീപിടിച്ചിട്ടും ഇയാൾ അൽപസമയം നടന്നിരുന്നു. പിന്നീട് തെരുവിൽ കിടക്കുകയുമായിരുന്നു.

നാളെ വൈറ്റ് വൈറ്റ് ഹൗസിലേക്ക് പോകുന്നതിന് മുമ്പ് ട്രംപ് ഈ ഹോട്ടലിൽ കയറുമെന്നും സൂചനയുണ്ട്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി നിരവധി ട്രംപ് വിരുദ്ധർ ഈ ആഴ്ചയിലുടനീളം വാഷിങ്ടൺ ഡിസിയിൽ കടുത്ത പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചിരുന്നത്. 26 പ്രൊട്ടസ്റ്റ് ഗ്രൂപ്പുകൾക്ക് പ്രതിഷേധത്തിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതിന് മുമ്പുള്ള പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിന് മുമ്പുണ്ടായ പ്രതിഷേധത്തേക്കാൾ നാലിരട്ടിയിലധികമാണിതെന്നാണ് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഈ വീക്കെൻഡിൽ നാല് ലക്ഷത്തോളം പ്രതിഷേധക്കാർ വാഷിങ്ടൺ ഡിസിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി പേർ ശനിയാഴ്ച വാഷിങ്ടണിൽ നടക്കുന്ന വുമൺസ് മാർച്ചിലും പങ്കെടുക്കും.