- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരംതെങ്ങിലെ തീപിടുത്തം സൃഷ്ടിച്ചത് തന്നെ; തീ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലഭിച്ചത് രണ്ട് പേർ കട കത്തിക്കുന്ന സി.സി.ടി.വി ദൃശ്യം
ഓച്ചിറ: ആയിരംതെങ്ങ് ജങ്ഷനിലെ കടകളിൽ തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായ സംഭവത്തിൽ കടകൾ കത്തിച്ചതാണെന്ന് കണ്ടെത്തി. കടകൾ തീവെച്ചതിനുശേഷം രണ്ടുപേർ ഓടുന്നത് സമീപത്തെ കടകളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
തിങ്കളാഴ്ച രാത്രി 10.20ന് ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള ഷർട്ടും ചുവപ്പും ചാര നിറത്തിലുള്ള കൈലി മുണ്ടും ധരിച്ച് മുഖം മറച്ച് രണ്ടുപേർ പ്രസാദിന്റെ തനിമ സ്റ്റോറിന്റെ സമീപത്ത്് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. റോഡിലൂടെ ബൈക്ക് പോയതോടെ ഇരുവരും റോഡിന്റെ വശത്തേക്ക് മാറുന്നു. ശേഷം ഇരുവരും തനിമ സ്റ്റോറിലേക്ക് കയറുന്നതും തുടർന്ന് 10.24 ന് ഇറങ്ങി ഓടുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നു. അൽപസമയത്തിനുള്ളിൽ കടയിൽനിന്ന് പുക പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രാത്രി 11ഓടെ തീ ആളിക്കത്തി. മൂന്നു കടകളാണ് കത്തിയത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
കട കത്തിച്ചതാണെന്ന് സംഭവദിവസം തന്നെ സംശയമുണ്ടായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്ഐ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. തനിമ പ്രസാദിന്റെ തനിമ സ്റ്റോർ, മധുരപ്പിള്ളിൽ ബാബുവിന്റെ അഖിൽ ബേക്കറി, ചവറ കൊന്നയിൽ അജിത്തിന്റെ ജ്യുവൽ പെയിന്റ് കട എന്നിവയാണ് കത്തിനശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ