വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്തതത്തിന് പിന്നിൽ ആന്ധ്രാപ്രദേശ് സ്വദേശി തന്നെയെന്ന് നിഗമനം. ആന്ധ്രാ സ്വദേശി സതീഷ് നാരായണനെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത്.എന്തിനാണ് തീയിട്ടതെന്ന ചോദ്യത്തിന് തണുപ്പ് അകറ്റാനായാണ് തീയിട്ടതെന്ന് യുവാവ് മൊഴി നൽകിയതായാണ് സൂചന.പൊലീസ് ചോദ്യം ചെയ്യലിലാണ് ഇത് വ്യക്തമാക്കിയത്.വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകൾ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വടകരടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ് പ്രതി.11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേൽനോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതൽ താത്കാലിക കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കാനായി നടപടികൾ തുടങ്ങി.

തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാൾ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.