മുംബൈ: മുംബൈയിലെ പരേലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ലാൽബാഗിൽ കെട്ടിടസമുച്ചയത്തിലാണ് വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.

അവിഘ്‌ന പാർക്ക് അപാർട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തമുണ്ടായത്.

 

കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുൺ തിവാരി (30) എന്നയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കിലോമീറ്ററുകളോളം കാണാവുന്ന രീതിയിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയർ കിഷോരി പെഡ്നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്.

 

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ ബിൽഡിംഗിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്