തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട സ്ഥാപനങ്ങളും കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് വേണ്ടത്ര സുരക്ഷാ സൗകര്യൾ ഇല്ലാതെയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതുമാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത വൻകിട സ്ഥാപനങ്ങളുടെ കൂട്ടത്തിൽ തിരുവനന്തപുരം കിംസ് ആശുപത്രി, പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കരുണ മെഡിക്കൽ കോളജ് തുങ്ങിയ നിരവധി ആസുപത്രികളുമുണ്ടായിരുന്നു. എന്നാൽ ഈ വൻകിടക്കാർക്ക് വേണ്ടി അഗ്നിശമന സുരക്ഷാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് അനധികൃതമായി മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് സാധൂരണം നൽകുക എന്നതാണ്.

വൻകിട കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ചട്ടങ്ങൾക്ക് ഇളവു വരുത്താൻ വേണ്ടി നിയമഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് അഗ്നിശമന സേനാ മേധാവി ഡിജിപി ടോമിൻ തച്ചങ്കരി സർക്കാറിന് ശുപാർശ നൽകി. 15 മീറ്ററിൽ അധികം ഉയരവും ആയിരം ചതുരശ്ര അടി വിസ്തീർണവും ഉള്ള കെട്ടിടങ്ങൾക്ക് ഇനി ഫയർ എൻഒസി വേണ്ടെന്നാണ് തച്ചങ്കരി നൽകിയ ശുപാർശയിലെ പ്രധാന ഘടകം. ഈ കെട്ടിട ഉടമകൾ സൗകര്യങ്ങൾ സ്വമേധയാ ഒരുക്കുകയും സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. പരിശോധയിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടാൽ മാത്രമേ പിഴ ഈടാക്കേണ്ടതുള്ളൂ എന്നാണ് ശുപാർശ.

അതേസമയം ആശുപത്രികളുടെ ഉയരം 45 മീറ്ററാക്കി ഉയർത്താനും ശുപാർശയുണ്ട്. നിലവിലെ ദൂരപരിധി 30 മീറ്ററായിരുന്നു. നേരത്തെ അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയിൽ കേരളത്തിലെ വൻകിട ആശുപത്രികൾ പ്രവർത്തിക്കുന്നത് ഈ പരിധി ലംഘിച്ച് കെട്ടിടങ്ങൾ പണിതെന്നും വ്യക്തമായിരുന്നു. ഈ റിപ്പോർട്ടിൽ തന്നെ ഉയരം വർദ്ധിപ്പിക്കാവുന്നതാണെന്ന് അഗ്നിശമന സേന ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട്.

കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കുണ്ടെന്നാണ് കണ്ടെത്തൽ. അടിയന്തര നടപടികൾ ഈ ആശുപത്രിക്കെതിരെ എടുക്കണമെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരിയുടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടങ്ങൾ ഇടിച്ചു നിരത്തുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ നിലവിലെ നിർമ്മാണങ്ങൾക്ക് നിയമസാധുത നൽകുക മാത്രമാണ് പോംവഴിയായി സർക്കാർ വിലയിരുത്തൽ.

ആരും തൊടാൻ മടിക്കുന്ന ഗ്രൂപ്പാണ് കിംസ് ആശുപത്രി. റോഡിന് കുറുകെ രണ്ട് ബിൽഡിംഗുകളെ ബന്ധിക്കാൻ പാലം കെട്ടിയത് ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നു. ദക്ഷിണ വ്യാമ കമാണ്ടിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഈ പാലമെന്നും വാദമുയർന്നു. ഇതിനൊപ്പം പല ആരോപണങ്ങളും ആശുപത്രിക്കെതിരെ ഉയർന്നു. ഇതെല്ലാം വെറും പരാതികളിൽ ഒതുങ്ങി. അത്തരമൊരു ആശുപത്രിക്കെതിരെയാണ് ടോമിൻ തച്ചങ്കരി നടപടിക്കൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കെട്ടിട നിയമത്തിന് വിരുദ്ധമായി നിർമ്മിച്ചതു കൊണ്ടാണിത്. അതിനിടെ കിംസിനെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഉന്നതർ ചരടുവലികൾ തുടങ്ങിയതായും സൂചനയുണ്ട്.

കിംസ് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ ഉയരം 35.5 മീറ്റർ ആണെന്നും സൗത്ത് ബ്ലാക്കിന്റെ ഉയരം 30.8 മീറ്റർ ആണെന്നും കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് അനുവദനീയമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. കെട്ടിടത്തിന്റെ ഒക്കുപ്പൻസി ക്യാൻസൽ ചെയ്ത് നിയമപ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫയർഫോഴ്സ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ടോമിൻ തച്ചങ്കരി ശുപാർശ നൽകിയത്.

കാലാനുസൃതമായ മാറ്റങ്ങൾ അനുസരിച്ച് ആശുപത്രി തുടങ്ങിയ ഇൻസ്റ്റിറ്റിയൂഷണൽ, അസംബ്ലി വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിച്ച് ഉത്തരവാകേണ്ടതിന്റെ ആവശ്യകതയാണ് ഇതിനൊപ്പം തച്ചങ്കരി അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടിയിട്ടുണ്ട്. കെഎംബിആർ പരിഷ്‌കരിക്കുമ്പോൾ ഇതും പരിഗണിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ക്രെഡായി അടക്കമുള്ള സംഘടനകൾ കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ മുതൽ സർക്കാറിന് മുന്നിൽ വെച്ചിരുന്നു. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്‌നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്

നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവസായ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ ഉൾപ്പെടെ 200 വൻകിട കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്നായിരുന്നു അടുത്തിടെ അഗ്‌നിശമനസേനയുടെ റെയ്ഡിലെ കണ്ടെത്തൽ.

ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തുണ്ടായ തീപിടിത്തങ്ങൾ കണക്കിലെടുത്താണ് ഓപ്പറേഷൻ അഗ്‌നിസുരക്ഷ എന്ന പേരിൽ അഗ്‌നിശമന സേന റെയ്ഡ് നടത്തിയത്. ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകളാണ് സംസ്ഥാനത്തെ മിക്ക വൻകിട കെട്ടിടങ്ങളിലും കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപിടുത്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിൽ സംസ്ഥാനത്തെ ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ ഉൾപ്പെട്ട 200 വൻകിട കെട്ടിടങ്ങൾ വീഴ്ചവരുത്തിയതായും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും നിർമ്മാണസമയത്ത് സ്ഥാപിച്ച അഗ്‌നിസുരക്ഷ സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലെ മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയിൽ പലതിലും മതിയ അഗ്‌നിസുരക്ഷാ സംവധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എ.ഹേമചന്ദ്രൻ ഡയറക്ടർ ജനറലിയിരുന്നപ്പോൾ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും സമ്മർദത്തെ തുടർന്ന് റിപ്പോർട്ട് വെളിച്ചം കണ്ടില്ല. കെട്ടിടം നിർമ്മിക്കുമ്പോൾ അനുമതിക്കായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ല. അതുകൊണ്ട് തന്നെ നിയമഭേദഗതി കൊണ്ടുവരുന്നതോടെ എത്രകണ്ട് ഗുണമുണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല.

എൻ.ബി.സി പ്രകാരം ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുംമുമ്പ് ഫയർഫോഴ്സിൽനിന്ന് സൈറ്റ് അപ്രൂവൽ വാങ്ങണം. നിർമ്മാണം പൂർത്തിയായശേഷം പ്ലാനിൽപറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് അധികൃതർ പരിശോധിച്ച് കൽയറൻസ് എൻഒസി നൽകും. എന്നാൽ, മിക്ക കെട്ടിടനിർമ്മാതാക്കളും സുരക്ഷാ കാര്യത്തിൽ വീഴ്ചവരുത്തുന്നത് പതിവാണ്. തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്‌ളാറ്റുകളിലും ഉണ്ടാകില്ല. എൻ.ബി.സി പ്രകാരം 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ഹെലിപാഡ് ഉണ്ടാകണം. ഇതെല്ലാം മറികടന്ന് എൻഒസി തരപ്പെടുത്തുന്നതിന് ലക്ഷങ്ങളാണ് മറിയുന്നതും.