ധാക്ക: ബംഗ്‌ളാദേശിലെ തുണിഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ഗസ്സിപ്പൂരിലാണ് അപകടം.

ശനിയാഴ്ച രാവിലെയാണ് ധാക്കയ്ക്ക് സമീപത്തെ ടോങ്കി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയായ ടാംമ്പകോ ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായത്. ഒരേ സമയം നൂറിലേറെ പേർ ജോലിചെയ്യുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

സംഭവത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നാല് നില കെട്ടിടത്തിലാണു തീപടർന്നത്.

അപകടസമയത്ത് നൂറോളം പേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫാക്ടറി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് തീപിടിത്തമുണ്ടായത്. ബംഗ്‌ളാദേശിലെ പ്രധാനപ്പെട്ട വ്യവസായമാണ് തുണിക്കച്ചവടം. 2013 ൽ ബംഗ്‌ളാദേശിൽ റാണ പ്‌ളാസ എന്ന തുണി മില്ല് കെട്ടിടം തകർന്ന് 1100 പേർ മരിച്ചിരുന്നു. 2012 ൽ ധാക്കയിൽ തുണിമില്ല് കത്തി 112 പേർ വെന്ത് മരിച്ചിരുന്നു.