ന്യൂഡൽഹി: ഡൽഹി ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിച്ചതിന് പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ. പള്ളിയിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പള്ളി കത്തിക്കലിലേക്ക് എത്തിച്ചേർന്നതെന്ന് സഭാ വിശ്വാസിയായ സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ഹൈന്ദവ സംഘടനകളാണ് പള്ളി കത്തിച്ചതെന്നാണ് സഭാ നേതൃത്വവും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നത്.

2014 നവംബർ 30നാണ് ഡൽഹി ദിൽഷാദ് ഗാർഡനിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി കത്തിയത്. പള്ളിക്കായി വാങ്ങിയ ഭൂമിയിൽ സാമ്പത്തിക അഴിമതിയുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇത് സംബന്ധിച്ച് ഒരു വിഭാഗം അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇവരെ പള്ളിക്കെതിരെ പ്രവർത്തിക്കുന്നവരായി മുദ്രകുത്തിയെന്നും ഇവർ പറയുന്നു. അഴിമതി ആരോപണങ്ങൾ മൂടി വെക്കുന്നതിന് വേണ്ടി അഴിമതി നടത്തിയവർ തന്നെ പള്ളി കത്തിക്കുകയായിരുന്നുവെന്ന് അഴിമതിക്കെതിരെ ചോദ്യം ചെയ്ത വിശ്വാസിയായ സെബാസ്റ്റ്യൻ ജോസഫ് വ്യക്തമാക്കുന്നത്.

ഒരു സംഘം ആർഎസ്എസുകാരുടെ നേതൃത്വത്തിലാണ് പള്ളി കത്തിക്കൽ നടന്നതെന്നും മോദി സർക്കാരിന്റെ കീഴിൽ ന്യൂനപക്ഷ ജീവിതം ദുരിതമായി മാറി എന്നുമുള്ള പ്രചരണം ദുരന്തത്തിന് തൊട്ടുപിന്നാലെ വ്യാപകമായിരുന്നു. എന്നാൽ അതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ കീഴിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതകരമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ആരോപണം സജീവമായിരുന്നു.

അൾത്താരയിലെ ക്രൂശിതരൂപവും ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു. മലയാളികളടക്കമുള്ള ഡൽഹിയിലെ ക്രിസ്ത്യൻ വിശ്വാസികൾ ആരാധനയ്ക്കെത്തിയിരുന്ന ദേവാലയമാണിത്. മണ്ണെണ്ണ കുപ്പി സ്ഥലത്ത് നിന്ന് കണ്ടെത്തിയത് ഗുഡാലോചനയുടെ തെളിവായി വിശ്വാസികൾ ഉയർത്തിക്കാട്ടുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മടങ്ങിയതിനുശേഷമാണ് പള്ളിയിൽ തീപടർന്നത്. അൾത്താരയിലെ ബൈബിളുകൾ, പുരോഹിതരുടെ ആരാധനാവസ്ത്രമായ കാപ്പ, ളോഹകൾ, ആരാധനയ്ക്ക് ഉപയോഗിക്കുന്ന കാസ, പീലാസ എന്നിവ നശിച്ചു. ഫർണിച്ചർ, ഫാൻ, വാതിൽ, ജനലുകൾ തുടങ്ങിയവും ചാമ്പലായി. വിശദമായ അന്വേഷണം വേണമെന്ന് അതുകൊണ്ട് തന്നെ വിശ്വാസികളും ആവശ്യപ്പെട്ടിരുന്നു. പള്ളി കത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പള്ളി അധികാരികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും നിവേദനം നൽകിയിരുന്നു.

വിശ്വാസികൾ തന്നെ പള്ളി കത്തിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല. ആരോപണവിധേയർ നിസാരക്കാരല്ല, അവർ എന്നെയും എന്റെ കുടുംബത്തെയും നശിപ്പിക്കാൻ നോക്കുമെന്നും സെബാസ്റ്റ്യൻ ജോസഫ് പറയുന്നു. അഴിമതി ചോദ്യം ചെയ്ത രൂപതയിലെ വൈദികരെ സ്ഥലം മാറ്റിയതാണ് സംശയമുണ്ടാക്കിയത്. എന്നാൽ ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നാണ് സഭാ നേതൃത്വം പറയുന്നത്.

ഡൽഹിയിൽ ഏറ്റവും കൂടുതൽ മലയാളികൾ ദിവ്യബലിക്ക് എത്തുന്ന പള്ളിയാണ് കത്തിയ ദിൽഷാദ് ഗാർഡനിലെ ദേവാലയം. അതുകൊണ്ട് തന്നെ ലത്തീൻ രൂപത അധികൃതർ വികാരിയായി നിയമിക്കുന്നത് മലയാളി വൈദികരെ തന്നെയാണ്. മഹാഭൂരിപക്ഷം ഇടവകക്കാരും സീറോ മലബാർ വിശ്വാസികളാണ്.