- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപ്പിടിത്തം; ആളപായമില്ല; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്‌നിശമന സേന തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് കണ്ട് ജീവനക്കാർ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയത്ത് നിന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ജീവനക്കാർ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീ ശ്രദ്ധയിൽപ്പെട്ടത്. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങൾക്കാണ് തീ പിടിച്ചിരുന്നത്. സംഭവസമയത്ത് 17 ജീവനക്കാരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീ പടർന്നതോടെ ഇവർ പെട്ടെന്ന് പുറത്തേക്കിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പെട്ടന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഗൈനക്കോളജി വാർഡിനും കാർഡിയോളജി വാർഡിനും പുറകുവശത്തായാണ് ഈ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടേക്ക് തീ പടർന്നിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ