ദമാം: സൗദി അറേബ്യൻ നഗരമായ ജുബൈലിൽ സ്വകാര്യ കമ്പനിയിൽ ഇന്നലെ വൈകീട്ടുണ്ടായ അഗ്നിബാധയിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്ന പെട്രോ കെമിക്കൽ സ്ഥാപനത്തിലാണ് അഗ്നിബാധ ഉണ്ടായത്. 12 തൊഴിലാളികൾ മരിക്കുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരിൽ 9 പേർ ഇന്ത്യക്കാരും 3 ഫിലിപ്പീനികളുമാണുള്ളത്. 6 പേരുടെ നില അതീവ ഗുരുതരമാണ്. തൊടുപുഴ സ്വദേശി വിൻസെന്റ്, കോട്ടയം സ്വദേശികളായ ബെന്നി വർഗീസ്, ഡാനിയൽ എന്നിവരാണു മരിച്ച മലയാളികൾ. മുഹമ്മദ് അഷ്‌റഫ്, ഇബ്രാഹിം, ലിജോൺ, കാർത്തിക് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. പതിവ് അറ്റകുറ്റപ്പണിക്കിടെ റിയാക്ടറിൽ തീ പിടിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഫാക്ടറിയിലെ ചൂളയിൽ ജോലി ചെയ്തിരുന്ന 30 പേരാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 11.40 ഓടെയാണ് അപകടം സംഭവിച്ചത്. 12 തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയും താഴെയുള്ളവർ രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റവരെ റോയൽ കമ്മിഷൻ ആശുപത്രിയിലും അൽമന ആശുപത്രിയിലും പ്രവേശിപ്പിച്ചൂ. മൃതദേഹങ്ങൾ റോയൽ കമ്മീഷൻ, മുവാസാത്ത്, അൽമന എന്നീ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുന്നു.

ദേശസാത്കൃത സ്ഥാപനമായ സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷന് (സാബിക്) കീഴിലുള്ള യുനൈറ്റഡ് പെട്രോകെമിക്കൽ കമ്പനിയിലാണ് അപകടമുണ്ടായത്. പതിവ് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച രാവിലെ 11.40 ന് റിയാക്ടറിലാണ് അഗ്‌നി പടർന്നതെന്ന് ജുബൈൽ റോയൽ കമ്മിഷൻ വക്താവ് ഡോ. അബ്ദുറഹ്മാൻ അബ്ദുൽ ഖാദർ അറിയിച്ചു. അഗ്‌നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ ചൂളയിൽ (ഫർണസ്) ജോലി ചെയ്ത 30 ഓളം സാങ്കേതിക വിദഗ്ധരും സഹായികളുമാണ് അപകടത്തിൽപെട്ടത്.

ഇവരിൽ 12 തൊഴിലാളികൾ മരിക്കുകയും താഴെ തട്ടിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെടുകയമായിരുന്നു. പരിക്കേറ്റവരെ റോയൽ കമ്മിഷൻ ആശുപത്രിയിലും അൽമന ആശുപത്രിയിലും പ്രവേശിപ്പിച്ചൂ. പ്‌ളാൻടെക് എന്ന കരാർ കമ്പനി തൊഴിലാളികളാണ് മരിച്ചവർ. മരിച്ച മറ്റുള്ള ഇന്ത്യക്കാർ കർണാടക സ്വദേശികളാണ് ഇവരെന്നാണ് വിവരം. സംഭവം ഉണ്ടായതിന് പിന്നാലെ റോയൽ കമ്മിഷൻ വക്താവ് ഡോ. അബ്ദുറഹ്മാൻ അബ്ദുൽ ഖാദറിനൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മസ്ലഹ് അൽ ഉതൈബി, അപകടം ഉണ്ടായ യുനൈറ്റഡ് പെട്രോകെമിക്കൽ കമ്പനി പ്രസിഡന്റ് എൻജി. ആദിൽ ശുറൈദി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്ത്യക്കാരും നേപ്പാൾ സ്വദേശികളും കൂടുതലായി ജോലി നോക്കുന്ന സ്ഥാപനമാണ് യുനൈറ്റഡ് പെട്രോകെമിക്കൽ കമ്പനി. അതുകൊണ്ട് തന്നെ ഇവിടെ നിരവധി മലയാളികൾ ജോലി നോക്കുന്നുണ്ട്. അപകടമുണ്ടായി എന്നറിഞ്ഞതോടെ നാട്ടിലുള്ള ബന്ധുക്കൾ അടക്കം കടുത്ത ആശങ്കയിലാണ്. ബന്ധുക്കൾ സൗദിയിലേക്ക് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുന്നുണ്ട്.

തൊടുപുഴ മലങ്കര ചന്ദ്രത്തിൽ പരേതനായ വർഗീസിന്റെയും മേരിയുടെയും മകനാണു മരിച്ച മലയാളികളിൽ ഒരാളായ ബെന്നി (സണ്ണി - 42). ബെന്നിയുടെ മാതാപിതാക്കൾ മലങ്കര എസ്‌റ്റേറ്റിലെ തൊഴിലാളികളായിരുന്നു. എസ്‌റ്റേറ്റിൽ നിന്നും പിരിഞ്ഞ ശേഷം പൊന്നന്താനം അഴകുംപാറ (തണ്ണീറ്റംപാറ)യിലായിരുന്നു താമസം. ഒരു വർഷം മുമ്പ് പിതാവിന്റെ മരണത്തെ തുടർന്ന് കുറവിലങ്ങാടുള്ള ബെന്നിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ആറ് വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു ബെന്നി.

കുറവിലങ്ങാടിന് സമീപം വാക്കാട് പാലമറ്റത്തിൽ ബീനയാണ് ബെന്നിയുടെ ഭാര്യ. മക്കൾ സോന, അഭിജിത്ത്. ഇരുവരും കുര്യനാട് സെന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർത്ഥികളാണ്. രാജൂ, ബേബി, ലിസി എന്നിവർ സഹോദരങ്ങൾ.