- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫയർമാൻ തീപാറുന്നു! ഇത് ദൃശ്യത്തിനുശേഷം കണ്ട മികച്ച ത്രില്ലർ, താരപദവി നിലനിർത്തി മമ്മൂട്ടി; ഇത് മെഗാ സ്റ്റാറിന്റെ വൺമാൻഷോ
മേജർ രവി മോഡൽ പട്ടാളക്കഥകൾ ധാരാളം കണ്ട മലയാള സിനിമയിൽ ഇന്നുവരെ ഒരു ഫയർഫോഴ്‌സുകാരന്റെ ജീവിതം സിനിമയായിട്ടില്ല. എന്നാൽ യുവ സംവിധായകൻ ദീപു കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഫയർമാൻ' പറയുന്നത് കനൽവഴികളിലൂടെ നടന്നുപോവുന്ന ഈ ജീവിതങ്ങളുടെ കഥയാണ്. (സത്യത്തിൽ സൈന്യവും പൊലീസും പോലെതന്നെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യുന്നവരാണ് ഫയർഫോഴ്
മേജർ രവി മോഡൽ പട്ടാളക്കഥകൾ ധാരാളം കണ്ട മലയാള സിനിമയിൽ ഇന്നുവരെ ഒരു ഫയർഫോഴ്‌സുകാരന്റെ ജീവിതം സിനിമയായിട്ടില്ല. എന്നാൽ യുവ സംവിധായകൻ ദീപു കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഫയർമാൻ' പറയുന്നത് കനൽവഴികളിലൂടെ നടന്നുപോവുന്ന ഈ ജീവിതങ്ങളുടെ കഥയാണ്. (സത്യത്തിൽ സൈന്യവും പൊലീസും പോലെതന്നെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യുന്നവരാണ് ഫയർഫോഴ്‌സുകാർ. നിത്യജീവിതത്തിൽ നമുക്ക് കൂടുതൽ ഉപകരിക്കുന്നതും അവർ തന്നെ. എന്നാൽ അതിനൊരു 'ഗ്‌ളാമറില്ലാത്തതിനാൽ' ആരും പരിഗണിക്കുന്നില്ലെന്ന് മാത്രം.) വ്യത്യസ്തമായ ഒരു കഥാപരിസരം പരചയപ്പെടുത്തിയതിന് ദീപു ആദ്യംതന്നെ അഭിനന്ദനം അർഹിക്കുന്നു. നേർക്കുനേർ പറഞ്ഞാൽ, ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ത്രില്ലറാണ് ഈ സിനിമ. ചരിത്ര വിജയമായ 'ദൃശ്യ'ത്തിനുശേഷം മലയാളത്തിൽ കണ്ട മികച്ച ത്രില്ലർ. 'പിക്കറ്റ് 43'ക്കു ശേഷം ഈ വർഷം ബോക്‌സോഫീസ് വിജയം കാണുന്ന സിനിമയാണിതെന്ന് സൂചന നൽകിക്കൊണ്ട് തീയറ്ററുകളിലും നല്ല തിരക്കാണ്.
തുടർച്ചയായി പടങ്ങൾ പൊട്ടുന്ന ദുരവസ്ഥയിൽ നിന്ന് 'മുന്നറിയിപ്പ്', 'വർഷം' എന്നീ സിനിമകളിലൂടെ രക്ഷപ്പെട്ടുവന്ന മമ്മൂട്ടി ബോക്‌സോഫീസിൽ പഴയ താരമായി തലയുയർത്തി നിൽക്കയാണ് ഈ ചിത്രത്തിലൂടെ. പരാജയ പരമ്പരകളിൽ മനം മടുത്ത് ഫ്‌ളെക്‌സ് വയ്ക്കാൻ പോലും ധൈര്യമില്ലാതായിപ്പോയ ആരാധകർ 'ഇക്കാ റോക്ക്‌സ്' എന്ന് ബാനറടിക്കുന്നു! തന്നെ അങ്ങനെയങ്ങ് എഴുതിത്ത്ത്തള്ളാൻ ആർക്കുമാവില്ലെന്ന് ഈ നടൻ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഈ പ്രായത്തിലും എല്ലാ യുവനടന്മാരെയും വെല്ലുവിളിച്ച് ഫീൽഡിൽ നമ്പർ വണ്ണായി മമ്മൂട്ടി പിടിച്ചു നിൽക്കുമ്പോൾ, ആ പ്രൊഫഷണലിസത്തിനും കൊടുക്കണം ഒരു സല്യൂട്ട്.
ദീപുകരുണാകരനും ഇത് പുനർജന്മമാണ്. 'ക്രേസി ഗോപാലൻ', 'തേജാഭായി ആൻഡ് ഫാമിലി' തുടങ്ങിയ കൂറ പടങ്ങൾ എടുത്ത് ജീവിതം പാഴാക്കുമായിരുന്ന ഇദ്ദേഹം തന്നിൽ ഒന്നാന്തരം ഒരു സംവിധയകന്റെ ഫയർ ഉണ്ടെന്ന് തെളിയിച്ചു. തുടക്കം മുതൽ ഒടുക്കംവരെ ത്രില്ലർ മൂഡിൽ പ്രേക്ഷകരെ പിടിച്ചിരുത്തിക്കാൻ ദീപുവിന് കഴിയുന്നുണ്ട്. രണ്ടാംപകുതിയിൽ ചടുലമായ വേഗത്തിൽ കഥ പറഞ്ഞ് സിനിമ കയ്യടിയും വാരിക്കൂട്ടുന്നു.
തീപിടിച്ച ജീവിതങ്ങൾ
'101ലേക്ക് വിളിക്കുന്ന ഓരോ മനുഷ്യനും ഒരു പ്രതീക്ഷയുണ്ട്. ഒരു ഫയർമാൻ തങ്ങളുടെ ജവീതം രക്ഷിക്കാനത്തെുമെന്ന്'... ഈ ട്രെയിലർ ഡയലോഗിനെ അന്വർഥമാക്കുന്ന രീതിയിൽ ഫയർമാന്റെ തൊഴിൽപരമായ പ്രതിസന്ധികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. പക്ഷേ ട്രിബ്യൂട്ട് സിനിമകളുടെ ഒരു തകരാറ് അത് ചിത്രം പ്രതിപാദിക്കുന്ന തൊഴിലിനെ വല്ലാതെ മഹത്വവത്ക്കരിച്ച് ചളമാക്കിക്കളയും എന്നതാണ്. ( അടുത്തകാലത്തിറങ്ങിയ ചില ആർമി സിനിമകളിലെ കഷ്ടപ്പാടുകൾ ഒക്കെ കേട്ടാൽ തോന്നുക, ആരോ ഇവരെ ഓടിച്ചിട്ടു പിടിച്ച് പട്ടാളത്തിൽ ചേർത്തതാണെന്നാണ് !) എന്നാൽ ഫയർമാന്റെ കഷ്ടപ്പാടുകളും, ഡ്യൂട്ടി ദൈർഘ്യവും, അപകടവുമൊക്കെ കാണിക്കുമ്പോഴും ഒരു സോദ്ദേശ ഡോക്യുമെന്ററിയുടെ തലത്തിലേക്ക് സിനിമ തരം താഴുന്നില്ല. ചാല ടാങ്കർ ദുരന്തത്തിനോട് ഏറെ സ്യാമ്യതകളുള്ള ശക്തമായി ഒരു തിരക്കഥയാണ് ഈ പടത്തിന്റെ കരുത്ത്.
നിരവധിപേർ മരിച്ച ഒരു ടാങ്കർ ദുരന്തത്തിന്റെ ഓപ്പറേഷനാണ് ഇവിടെ കാണിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഗ്യാസ് പടരുന്നതിനാൽ ആളുകളെ ഒഴിപ്പിക്കൽ അടക്കമുള്ള വലിയ രക്ഷാപ്രവർത്തനം നടക്കുകയാണ്. അതിനിടയിൽ ഉണ്ടാകുന്ന ചില ട്വിസ്റ്റുകളാണ് സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് മാറ്റുകൂട്ടുന്നത്.
എന്നാലും കൊമേർഷ്യൽ മലയാള സിനിമയിലെ ചില പതിവുശൈലികൾ കൈവിടാനും സംവിധായകന് ആയിട്ടില്ല. ഇത്രവലിയ ദുരന്തം പടിവാതിലിൽ എത്തിയിട്ടും ഇവരൊക്കെ വാചകമടിച്ച് നേരം കളയുകയാണോ എന്ന് തോന്നിക്കുന്ന രീതിയിലാണ് ചില സീനുകൾ. പിന്നെ പട്ടാളത്തിന്റെ കഥയാവുമ്പോൾ നമുക്ക് പൊലീസിനെ കൊച്ചാക്കണം. പൊലീസിന്റെ കഥയാവുമ്പോൾ രാഷ്ട്രീയക്കാർക്ക് പണികൊടുക്കണം. അതുപോലെ ഫയർഫോഴ്‌സിന്റെ കഥയാവുമ്പോൾ പൊലീസിനും പണികൊടുക്കണം. ഈ നാട്ടുനടപ്പ് ഇവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. പിന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇവിടെ ഒന്നും സംഭവിക്കുന്നുമില്ല. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് മമ്മൂട്ടിയായതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് അറിയാം, അവസാനം എല്ലാ കുരുക്കുകളും അഴിച്ച് മമ്മൂട്ടി നാടിനെ രക്ഷിക്കുമെന്ന്! അതേ, താര വൺമാൻഷോ ആയിപ്പോയി എന്നതാണ് ഈ സിനിമക്കുനേരെ ഉയരുന്ന ഏറ്റവും വലിയ വിമർശനവും.
മമ്മൂട്ടിയുടെ വൺമാൻഷോ
ടാങ്കർ ദുരന്തത്തിന്റെ കഥയിലുടനീളം മമ്മൂട്ടിയുടെ വൺമാൻഷോയാണ്. മമ്മൂട്ടിയെന്ന നടനെയല്ല, മെഗാതാരത്തെയാണ് ഇവിടെ കാണാനാവുക. മമ്മൂട്ടി ജില്ലാകളക്ടറായി വേഷമിട്ടാൽ സ്വാഭാവികമായും എല്ലാകാര്യങ്ങളും തീരുമാനിക്കുക കലക്ടറാണല്ലോ. സൂപ്പർതാരം ഫയർമാനായാലും ഓഫീസിലെ ശിപായി ആയാലും കാര്യങ്ങളൊക്കെ ആ കഥാപാത്രം നിയന്ത്രിക്കും. ഇത്രയും വലിയ ഒരു ദുരന്തത്തിന്റെ എ ടു ഇസഡ് വെറുമൊരു ഫയർമാൻ നിയന്ത്രിക്കുന്നത് മമ്മൂട്ടിയുടെ ആരാധകർക്ക് പിടിക്കുമെങ്കിലും സിനിമയുടെ വിശ്വാസ്യതയെ വല്ലാതെ ദുർബലമാക്കുന്നു. മാത്രമല്ല, പൊലീസിന്റെയും പട്ടാളത്തിന്റെയും പണി ഇവിടെ മമ്മൂട്ടി ഒറ്റക്കെടുക്കുന്നുണ്ട്. ക്ലൈമാക്‌സ് സീനീകളിലെ ജയിലിനകത്തെ അടിപിടിയൊക്കെ ഒരു താരത്തിനായി സൃഷ്ടിച്ചതെന്ന് വ്യക്തം.
സത്യത്തിൽ ഇത്തരത്തിൽ താരബാധ്യതകൾ ഇല്ലാതിരുന്നെങ്കിൽ തീർത്തും റിയലിസ്റ്റിക്കായി 'ട്രാഫിക്ക്'പോലൊരു മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റാനുള്ള ഒന്നാന്തരം അവസരം ഉണ്ടായിരുന്നു. ഇനി നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ പ്രകടനം അത്യുജ്ജ്വലം എന്നൊന്നും പറയാനില്ല. മമ്മൂട്ടി മുമ്പ് ചെയ്ത ജനപ്രിയ വേഷങ്ങളുടെ ആവർത്തനം തന്നെയാണ് ഇതിലും. പക്ഷേ ഉള്ളത് അദ്ദേഹം മോശമാക്കിയില്ല എന്ന് എടുത്തുപറയട്ടെ. പക്ഷേ രോഷവും സങ്കടവും ആവാഹിച്ച് ഡ്യൂട്ടി ചെയ്യുന്ന വേളയിൽ ഒരു കനലെരിയുന്ന ഫയർമാന്റെ ചിത്രം മമ്മൂട്ടി അനിതസാധാരണമായി ചെയ്തിട്ടുണ്ട്.
ഉണ്ണിമുകുന്ദന് ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. മമ്മൂട്ടിയുള്ളതുകൊണ്ട് ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തെ കാണുമ്പോൾ തന്നെ പ്രേക്ഷകന് മനസ്സിലാവും ഇയാൾ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുമെന്ന്. അല്ലാതെ നായകൻ ഒരിക്കലും മരിക്കാറില്ലല്ലോ? സലീംകുമാറും പഴയകാല പ്രതാപത്തിന്റെ നിഴൽമാത്രം. 'കുഞ്ഞനന്തന്റെ കടയിലും', 'പുണ്യാളൻ അഗർബത്തീസി'ലുമൊക്കെ മികച്ച പ്രകടനം കാഴ്ചവച്ച നൈല ഉഷ, പൊലീസ് കമീഷണറുടെ വേഷത്തിൽ ഇത്തവണയും തകർക്കുന്നുണ്ട്. 'ദൃശ്യ'ത്തിലെ ആശശരത്തിനെ പോലെ ശരിക്കും ഒരു പൊലീസ്‌കമീഷണറുടെ മാനറിസങ്ങൾ നൈല വേഷത്തിൽ കൊണ്ടുവരുന്നു.
രാഹുൽരാജിന്റെ പശ്ചാത്തല സംഗീതം പിരിമുറുക്ക സീനുകളിൽ സനിമയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്. ഏത് നിമിഷവും തീപിടിക്കാവുന്ന സീനുകൾ ധാരളമുള്ള ഈ ചിത്രത്തിൽ, ഈ സാധാരണ ചെയ്യാറുള്ളതുപോലെ ഒരു ശോകഗാനമിട്ട് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാതിരുന്നതിന് സംവിധയകനോടും, സംഗീതക്കാരനോടും പ്രേക്ഷകന് അതിയായ നന്ദിയുണ്ട്. അതുപോലെ തന്നെ പ്രേമം. പുതിയ കാലമായതുകൊണ്ടായിരിക്കണം നായകനും പൊലീസ് കമീഷണറും തമ്മിൽ ഒരു ലൗ ട്രാക്കൊന്നും കൊടുക്കാഞ്ഞത്. ആ അർത്ഥത്തിലെങ്കിലും മലയാള സിനിമ മാറുന്നുണ്ടല്ലോ.അത്രയും നന്ന്.
ചീറ്റിയ ഗ്രാഫിക്‌സ്; പാളിപ്പോയ കഥാപാത്രം
പൊറാട്ടയും ഹലുവയും ചേർത്ത് തിന്നുക എന്നൊരു ചൊല്ലുണ്ട് മലബാറിൽ. അതുപോലെ പരസ്പരം ചേരാത്തവ വായിലേക്കിട്ടാലാവുന്ന അസക്യത ഈ സിനിമയിലുണ്ട്. ഫയർമാനിലെ സലിംകുമാറിന്റെ കഥാപാത്രം അത്തരത്തിലുള്ളതാണ്. ഇയാളുടെ ദുരൂഹതകൾ പൂർണമായും ചുരുളഴിക്കാത്തത് ചിത്രത്തിലെ കല്ലുകടിയായി നിൽക്കുന്നു. എന്തിനാണ് അയാൾ ഈ പരാക്രമങ്ങളൊക്കെ കാട്ടിക്കൂട്ടിയതെന്ന് തീയറ്റർ വിട്ടിറങ്ങുമ്പോഴും വ്യക്തതയില്ല. അതുപോലെ തന്നെ അമ്പേ പരാജയപ്പെട്ടുപോയത് ചിത്രത്തിലെ ഗ്രാഫിക്‌സ് വിഭാഗമാണ്. ടാങ്കർലോറി മറയുന്നതും തീപിടുത്തവുമെല്ലാം ഏത് 'പൊലീസുകാരനും' മനസ്സിലാവുന്ന രീതിയിൽ തീർത്തും അമച്വർ ആയിപ്പോയി. അത് നമുക്ക് ക്ഷമിക്കാം. മലയാള സിനമയല്ലേ, ഹോളിവുഡിന്റെ ഗ്രാഫിക്ക് ബജറ്റ് നമുക്കില്ലല്ലോ. എന്നാൽ കുറച്ചുകൂടിയൊക്കെ പ്രതിഭ ഇതിൽ ആവാമായിരുന്നു.
എന്തൊക്കെയായലും മമ്മൂട്ടിയെന്ന താരത്തിന്റെയും ദീപു കരുണാകരൻ എന്ന സംവിധായകന്റെയും ശക്തമായ തിരച്ചുവരുവു കൂടിയാണിത്. അന്യഭാഷകളിലേക്കുള്ള റിമേക്ക് സാധ്യതകളും ഫയർമാനിൽ ഇപ്പോഴും നിലനിൽക്കുന്നു.
വാൽക്കഷ്ണം: മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി കൊടുത്തത് വച്ചു നോക്കുമ്പോൾ ഫയർഫോഴ്‌സുകാർ മമ്മൂട്ടിക്ക് അവരുടെ പരമോന്നത പദവി കൊടുക്കേണ്ടതുണ്ട്. ഇത് കളിയാക്കി പറഞ്ഞതല്ല. സിനിമയുടെ തുടക്കത്തിൽ കാണിച്ചപോലെതന്നെ ഡോക്ടറാവണമെന്നും എൻജിനീയറാവണമെന്നും ആർമിയിൽ ചേരണമെന്നും പറയുന്നതുപോലെ എത്ര കുട്ടികൾ ഫയർമാനാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഈ സിനിമകണ്ടിറങ്ങുന്ന കുട്ടികളിൽ ചിലരെങ്കിലും ഫയർമാനാവാൻ ആഗ്രഹിക്കാതിരിക്കില്ല. കേരള ഫയർഫോഴ്‌സിനു കിട്ടിയ ഏറ്റവും വലിയ പബ്‌ളിക്ക് റിലേഷൻ വർക്ക് കൂടിയാണ് ഈ ചിത്രം.