സിഡ്‌നി: സൗത്ത് ഓസ്‌ട്രേലിയയിൽ ആകമാനം പടർന്നു പിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്‌സ്. അന്തരീക്ഷോഷ്മാവ് വർധിക്കുന്നതനുസരിച്ച് മിക്കയിടങ്ങളിലും കാട്ടുതീയ്ക്കുള്ള സാധ്യതയെക്കുറിച്ച് കൺട്രി ഫയർ സർവീസ് (സിഎഫ്എസ്) മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇന്നലെ വടക്കൻ മേഖലയിലെ വൂൾഷെഡ് ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തിൽ 360 ഹെക്ടർ ആണ് അഗ്നിക്കിരയായത്. അഡലൈഡിൽ ഇന്ന് 35 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഇവിടെ സിറ്റിയിൽ ഉയർന്ന താപനില 34 ഡിഗ്രിയാണ് പ്രവചിച്ചിട്ടുള്ളത്. സൗത്ത് ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശമായ കൂബർ പെഡി, മാർല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ബുധനാഴ്ച 43 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച 45 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് രേഖപ്പെടുത്തിയത്.

വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ചൂട് അസഹ്യമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. കൃഷി ഉപകരണങ്ങൾ, മറ്റു യന്ത്രങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചെറിയ തീപ്പൊരികൾ പോലും വൻ നാശത്തിലേക്ക് നയിച്ചേക്കാമെന്ന് ആക്ടിങ് അസിസ്റ്റന്റ് കമ്മീഷണർ സ്‌കോട്ട് ഡൂവൽ വ്യക്തമാക്കി. ഇത്തവണത്തെ കനത്ത ചൂടിൽ കൃഷികൾ പലതും നശിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബ്രിസ്‌ബെയിനിൽ ബുധനാഴ്ച താപനില 30 സെൽഷ്യസും ശനിയാഴ്ച 34 സെൽഷ്യസുമായിരിക്കും. മെൽബണിൽ നാളെ 31 സെൽഷ്യസും വ്യാഴാഴ്ച 34 ഡിഗ്രി സെൽഷ്യസുമായിരിക്കും. ന്യൂസൗത്ത് വെയിൽസിന്റേയും വിക്ടോറിയയുടേയും റീജണൽ ഏരിയകളിൽ വ്യാഴാഴ്ച താപനില 40 വരെ എത്തും. കാൻബറിൽ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയ്ക്ക് താപനില 30 സെൽഷ്യസിനും 33 സെൽഷ്യസിനും ഇടയിലായിരിക്കും. അഡലെയ്ഡിൽ ചൊവ്വാഴ്ച 34 സെൽഷ്യസും ബുധനാഴ്ച 38 സെൽഷ്യസും വ്യാഴാഴ്ച 35 സെൽഷ്യസുമായിരിക്കും. സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും ചൂടേറിയ നവംബറാണ് ഇത്തവണത്തേത്. പെർത്തിൽ ശനിയാഴ്ച താപനില 35 സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.