കൊല്ലം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസ്. രേഷ്മ ആത്മഹത്യ ചെയ്തതെന്ന വാദത്തിൽ ഉറച്ചു നിൽകുകയാണ് പൊലീസ്. രേഷ്മയുടെ ഭർത്താവുമായി പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ആത്മഹത്യയ്ക്ക് കാരണംസംശയമാണ്‌. തെറ്റിധാരണയിൽ നിന്നാകും പ്രേരണയെന്നാണ് പൊലീസിന്റെ വിശദീകരണം. ആത്മഹത്യ ചെയ്ത രേഷ്മയെ രക്ഷിക്കാനായി മുറിച്ചിടുകയാണ് ബിനോയ് ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർച്ചിലും മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമാകുന്നുവെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

ബിനോയിയും രേഷ്മയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന വാദം പൊലീസും തള്ളിക്കളയുന്നില്ല. ചില പ്രശ്‌നങ്ങളുടെ പേരിൽ രേഷ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ബിനോയ് കൊട്ടാരക്കരയ്ക്ക് എതിരെ കൊലക്കേസ് എടുക്കാൻ കഴിയില്ലെന്നും പൊലീസ് നിരീക്ഷിക്കുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഉതുകുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. സംശയങ്ങളാണ് രേഷ്മയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് അതുകൊണ്ട് തന്നെ ആത്മഹത്യാ പ്രേരണക്കുറ്റവും ബിനോയിയ്‌ക്കെതിരെ എടുക്കില്ല. ഇതു സംബന്ധിച്ച് ഫയർ വിങ്‌സിലെ പലരിൽ നിന്നും പൊലീസ് കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതിനൊപ്പം വീട്ടുകാരുടെ പരാതിയും സാഹചര്യത്തെളിവുകളുമെല്ലാം വിലയിരുത്തിയാണ് പൊലീസ് ഈ നിലപാടിൽ എത്തിയത്. എന്നാൽ ഉന്നത ഇടപെടലാണ് ഇതിന് കാരണമെന്ന് പെന്തകോസ്ത് സഭയിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

രേഷ്മയുടെ മരണത്തിൽ ലോക്കൽ പൊലീസാണ് കാര്യങ്ങൾ ആദ്യം അന്വേഷിച്ചത്. അവരും ആത്മഹത്യാ വാദത്തിൽ ഉറച്ചു നിന്നു. ഇതു സംബന്ധിച്ച ദുരൂഹതകളൊന്നും അവർ പരിഗണിക്കുകയോ ബിനോയിക്ക് എതിരെ എഫ്‌ഐആർ ഇടുകയോ ചെയ്തില്ല. പിന്നീടിത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധിച്ചു. ക്രൈംബ്രാഞ്ചിന് കേസ് വിടുന്നതും പരിഗണിച്ചു. ഈ ഘട്ടത്തിലാണ് രേഷ്മയുടെ മരണം ആത്മഹത്യയാണെന്ന വാദമുറപ്പിച്ചുള്ള പൊലീസിന്റെ കേസ് അവസാനിപ്പിക്കൽ. മാനസിക സംഘർഷങ്ങൾ ഏറെ രേഷ്മ അനുഭവിച്ചിരുന്നു. രേഷ്മയുടെ അച്ഛനുമായി ഏറെ അടുപ്പം അവർക്കുണ്ടായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് പ്രശ്‌നങ്ങൾ വഷളായത്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബിനോയിക്ക് വീഴ്ച വന്നിരുന്നു. ഇത് സംശയവും സമ്മർദ്ദവും ഇരട്ടിപ്പിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. സംശയത്തിന്റെ പേരിലെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസ് വാദം.

കേസ് അന്വേഷണം അവസാനിപ്പിക്കുന്നതോടെ രേഷ്മയുടെ അമ്മയും കൂട്ടരും കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയും എല്ലാ പിന്തുണയുമായുണ്ട്. അതിനിടെ ഫയർവിങ്‌സ് പാസ്റ്റർമാർക്കെതിരെ മാത്രം പ്രവർത്തിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും പെന്തകോസ്ത് സഭയിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്. ചില പാസ്റ്റർമാരുടെ നേതൃത്വത്തിൽ ഗൂഢാലോചന സജീവമാണെന്നും ആക്ഷേപം എത്തി. അതിനിടെ ഇതര സംഘടനകളിലോ പ്രസ്ഥാനങ്ങളിലോ പ്രവർത്തിച്ചാൽ ഐപിഎസിയിൽ അംഗങ്ങൾക്ക് അംഗത്വം പോകുമെന്ന തീരുമാനം പെന്തകോസ്ത സഭ റദ്ദാക്കുകയും ചെയ്തു. ഐപിസിയിൽ ഫയർവിങ്‌സ് പോലുള്ള ഗ്രൂപ്പുകൾക്ക് വീണ്ടും സ്വാധീനം കൂടുന്നതിന്റെ സൂചനയാണ് ഇത്. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമർത്ഥമായി വിനിയോഗിച്ചാണ് ഐപിസിയിൽ അവർ തിരിച്ചുകയറിയത്. ബിനോയ് കൊട്ടാരക്കയ്ക്ക് എതിരെ കേസ് എടുപ്പിക്കാതിരിക്കാൻ നടത്തിയ നീക്കമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്.

രേഷ്മയെ ബിനോയ് കൊട്ടാരക്കര തന്നെയാണ് മകളെ കൊന്നതെന്ന് രേഷ്മയുടെ അമ്മ ഷീബാ മാണി പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ഫലം കാണാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ഇതോടെയാണ് രേഷ്മയുടെ മരണം വിവാദങ്ങളിലെത്തുന്നത്. രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്ബാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്.

എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്. അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയർന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം രേഷ്മയെ കീഴ്‌പ്പെടുത്തിയെന്നായിരുന്നു പരാതി. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്ബിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല. രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. പക്ഷേ ഇതൊന്നും പൊലീസ് കാര്യമായെടുക്കുന്നില്ല.

രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്ബിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ഉയർന്നിരുന്നു.

എന്നാൽ ഇതൊക്കെ വെറും സംശയമാണെന്നും ബിനോയിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രേഷ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.